അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ
നെടുബാശ്ശേരി: അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ചെങ്ങമനാട് പുറയാർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനു (38) വിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ അനിത (58) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 30നാണ് സംഭവം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അലക്ക് കല്ലിന് സമീപം കുഴഞ്ഞുവീണ നിലയിലാണ് അനിതയെ കാണപ്പെട്ടതെന്നും,തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് മകൻ പോലീസിനോട് പറഞ്ഞത്. തുടർന്ന് അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും ശരീരത്തിനും, മറ്റ് അന്തരീക അവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റതിൽ ഉണ്ടായ അന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബിനുവിനെ കസ്റ്റഡിയിലെടുത്തു. അനിത 22 വർഷമായി ഇടുക്കി ചെങ്കളത്തുള്ള ഒരു മേഴ്സി ഹോമിൽ കഴിഞ്ഞു വരികയായിരുന്നു. സെപ്റ്റംബറിൽ ചൊവ്വരയിലുള്ള വാടക വീട്ടിലേക്ക് അനിതയെ കൂട്ടിക്കൊണ്ടു വരികയും, സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദ്ദിക്കുകയും ആയിരുന്നു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിലുള്ള അന്വേഷ സംഘത്തിൽ ഡിവൈഎസ്പി റ്റി.ആർ.രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ് ഐ എസ്.എസ്. ശ്രീലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.



