എഴുത്തുകാരെ സൃഷ്ടിച്ച് മാതൃകയായ അങ്കമാലി മുൻസിപ്പൽ ലൈബ്രറി
അങ്കമാലി : അങ്കമാലിയുടെ അക്ഷര വെളിച്ചം അങ്കമാലി മുന്‍സിപ്പല്‍ വായനശാല 1989 ലാണ് സ്ഥാപിതമാത്. തുടക്കകാലത്ത് മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് അഡീഷണല്‍ ചാര്‍ജ്ജ് കൊടുത്താണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സ്ഥിരം ലൈബ്രേറിയന്‍ ലഭിച്ചിരുന്നു. അങ്കമാലി മുന്‍സിപ്പല്‍ പ്രദേശത്തെ വായനക്കാരെ ഏറെ ആകര്‍ഷിച്ചിരുന്ന വായനശാല തുടങ്ങിയത് പഴയ മുന്‍സിപ്പല്‍ ഓഫീസിലെ കെട്ടിടത്തിലായിരുന്നു. അവിടെ നിന്നും പുതിയ കെട്ടിടത്തിലേക്ക് മുന്‍സിപ്പാലിറ്റി മാറിയപ്പോള്‍ സ്വാഭാവികമായും ലൈബ്രറിയും അങ്ങോട്ട് മാറി. അനവധി വായനക്കാര്‍ രാവിലെയും വൈകിട്ടും വായിക്കാനെത്തുന്ന വായനശാലയുടെ സമൃദ്ധിയുടെ കാലമായിരുന്നു പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.
ഇന്ന് 14000-ല്‍ അധികം പുസ്തകങ്ങള്‍ ഉള്ള വായനശാലയില്‍ ദിനം പ്രതി ഇരുപതോളം പേര്‍ പുസ്തകമെടുക്കാനും പത്തോളം പേര്‍ വായനക്കുമായി എത്തുന്നു. അടുത്തുള്ള കലായലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ റഫറന്‍സിനായി എത്തുന്നുണ്ട്. വായനയെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു കൂട്ടം യുവക്കാളുടെ താവളമായിരുന്ന ഈ വായനശാലയില്‍ നിന്നും വായനയുടെ കരുത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് എഴുത്തുകാരായി മാറിയവരുണ്ട്. സത്യദീപം-ആനി തയ്യില്‍ നോവല്‍ പുരസ്‌കാരം അടക്കം പി.ജെ.ആന്റണി നാടക രചന അവാര്‍ഡ് കരസ്ഥമാക്കിയ ഏഴോളം പുസ്തകങ്ങളുടെ രചന നിര്‍വഹിച്ച എ.സെബാസ്റ്റ്യന്‍, നോവലും കഥാസമാഹാരവും പ്രസിദ്ധീകരിച്ച ക്രിസ്റ്റഫര്‍ കോട്ടയ്ക്കല്‍, നിരവധി പുസ്തകങ്ങള്‍ രചിച്ച സതീഷ് മാമ്പ്ര, കവിതയും നോവലും പ്രസിദ്ധീകരിച്ച ജോംജി എന്നിവര്‍ അങ്കമാലി മുനിസിപ്പല്‍ വായനശാലയില്‍ നിന്നും ഉയര്‍ന്ന് വന്നവരാണ്. അങ്കമാലിയുടെ സാംസ്‌കാരിക ഇടമായ അങ്കമാലി മുന്‍സിപ്പല്‍ വായനശാലയിലെ ഇപ്പോഴത്തെ ലൈബ്രേറിയന്‍ ഇന്‍ചാര്‍ജ് ഹരിശങ്കറാണ്. 37 വര്‍ഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ വായനശാലയുടെ പരിശ്രമ ഫലമായി വായനാവാരാചരണത്തിന്റെ ഭാഗമായി പരിപാടി നടത്തുന്നുണ്ട്.