Mission News
Mission News
Tuesday, 31 Oct 2023 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി : നവംബർ ഒന്ന് മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച ടെർമിനൽ എ (ടിഎ) യിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവർത്തനം മാറുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സർവീസുകള്‍ എയർലൈൻ നടത്തുന്നുണ്ട്. വിന്‍റർ ഷെഡ്യൂളിന്‍റെ  ഭാഗമായി ഡിസംബറിൽ ഈ ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള സർവീസുകള്‍ 31 ആയി വർദ്ധിപ്പിക്കും. 56 വിമാനങ്ങളുമായി 30 ആഭ്യന്തര വിമാനത്താവളങ്ങളിലും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 300-ലധികം സർവീസ് നടത്തുന്നുണ്ട്. നിർമ്മാണ ഘട്ടത്തിൽ മിഡ്ഫീൽഡ് ടെർമിനൽ എന്നറിയപ്പെട്ടിരുന്ന ടെർമിനലാണ് അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിൽ പുതുതായി ഉദ്ഘാടനം ചെയ്ത ടെർമിനൽ എ. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെർമിനലിന്. അബുദാബി ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമാണ് അൽ മതാർ ഏരിയായിലെ ഈ അത്യാധുനിക ടെർമിനൽ. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് – ഇ-10 വഴി പുതിയ ടെർമിനലിൽ എത്തിച്ചേരാനാകും.
പുതിയ ടെർമിനൽ എ-യിൽ പാസ്പോർട്ട് സ്കാനിംഗ്, ഐ സ്കാനിംഗ് സൗകര്യങ്ങളുള്ള 34 ഇ-ഗേറ്റുകളും 38 ഇമിഗ്രേഷൻ കൗണ്ടറുകളും യാത്രക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും പുതിയ  ടെർമിനലിൽ നടപ്പാക്കും. പുതിയ ടെർമിനലിൽ 160 ഷോപ്പുകളും ഭക്ഷണ പാനീയ ഔട്ട് ലെറ്റുകളും ഉണ്ടാകും. ആകെ 35,000 ചതുരശ്ര മീറ്റർ റീട്ടെയിൽ സ്പെയിസ്. വൈവിധ്യമാർന്ന ഷോപ്പിംഗ്, ഡൈനിംഗ് അവസരങ്ങളാണ് അതിഥികളുടെ യാത്രാ അനുഭവത്തെ മെച്ചപ്പെടുത്താനായി  വാഗ്ദാനം ചെയ്യുന്നത്.