
കാലടി: കാലടിയിലെയും മറ്റൂരിലേയും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ നിവേദനം നൽകി. കാലടിയിലെയും അങ്കമാലിയിലെയും ഗതാഗത കുരുക്ക് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അടിയന്തിര പരിഹാര നടപടികൾ ഉടനെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ മന്ത്രി ഗതാഗത കുരുക്കുള്ള സ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കുമെന്നും, മന്ത്രി, കളക്ടർ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, മുനിസിപ്പൽ, പഞ്ചായത്ത് അദ്ധ്യക്ഷന്മാർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു യോഗം സംഘടിപ്പിച്ച് പ്രായോഗിക നിർദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ വി ടോളിൻ, ജെസ്റ്റോ പോൾ, കെ ഷൈൻ, കെ ഈ ബേബി, തോമസ് പറപ്പിള്ളി, പി. എൽ പൗലോസ് എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.