ബോംബാക്രമണം എന്ന രീതിയില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും വിശദമായ അന്വേഷണത്തില്‍ വെറും പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി ഫോറന്‍സിക് ഉള്‍പ്പടെ വിശദമായ പരിശോധനകള്‍ നടത്തിയിട്ട് ഫലമൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
എകെജി സെന്ററിന് നേരെ പടക്കം എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. പ്രതിസഞ്ചരിച്ച വാഹനത്തിനായും തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായൊരു നേട്ടവുമുണ്ടായില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി- ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ദല്‍ഹിവരേയും അയച്ചെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.
ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി. അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലരെ പിടിച്ച് പോലീസ് ചോദ്യം ചെയ്ത് തുമ്പുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇതും നടന്നില്ല. ഇതോടെയാണ് ഇനി പരിശോധിക്കാന്‍ തെളിവുകളൊന്നും ബാക്കിയില്ലെന്ന നിലപാടിലേക്ക് പോലീസ് എത്തിയത്.