Mission News
Mission News
Tuesday, 23 Jul 2024 18:00 pm
Mission News

Mission News

 

ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനുള്ള ധാരണാപത്രത്തിൽ കൊച്ചിൻ ഇൻ്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡും (സി.ഐ.എ.എസ്.എൽ)    നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്സ്സ് ആൻഡ് നാർക്കോട്ടിക്‌സും  (നാസിൻ)  ഒപ്പുവച്ചു. കൊച്ചി വിമാനത്താവളത്തിൽ വച്ചു  നടന്ന ചടങ്ങിൽ മന്ത്രി ശ്രീ പി.രാജീവിന്റെ സാന്നിധ്യത്തിൽ സിയാൽ മാനേജിങ് ഡയറക്ടറും സി.ഐ.എ.എസ്.എൽ ചെയർമാനുമായ  എസ്. സുഹാസ് ഐ.എ.എസും നാസിൻ അഡിഷണൽ ഡയറക്ടർ രാജേശ്വരി ആർ. നായർ ഐ.ആർ.എസും ധാരണാപത്രം കൈമാറി. നാസിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടർ എം. എസ്. സുരേഷും  സിയാൽ അക്കാദമിയെ പ്രതിനിധീകരിച്ച്  മാനേജിംഗ് ഡയറക്ടർ ശ്രീ സന്തോഷ് ജെ. പൂവട്ടിലുമാണ് ധാരണപത്രം ഒപ്പു വച്ചത് . ബെന്നി ബെഹനാൻ എം.പി, എം.എൽ.എ മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, നാസിൻ ഉദ്യോഗസ്ഥർ, സിയാൽ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.


വിമാനത്താവളങ്ങളിലെ  കസ്റ്റംസ് ഉദ്യോഗസ്ഥർക്കായി നൂതന സിമുലേഷൻ അധിഷ്‌ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള   ബാഗേജ് പരിശോധനയിലുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക്  പരിശീലനം  നൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണപത്രം തയ്യാറാക്കിയിട്ടുള്ളത്. കാർഗോ ഇൻസ്‌പെക്ഷൻ പരിശീലനം,   മയക്ക് മരുന്ന് ഉപയോഗം തടയുന്നതിനായി പൊതുജനങ്ങൾക്കായുള്ള  ബോധവത്കരണ ക്ലാസ്സുകൾ  എന്നിവയും  സിയാൽ അക്കാദമിയും നാസിനും സഹകരിച്ച് നടത്താൻ ധാരണയായി. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക വളർച്ചയിലും നിർണായക  പങ്കു വഹിക്കുന്ന നാസിനുമായി ചേർന്ന്  പരിശീലന കോഴ്സുകൾ ആരംഭിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന്  സിയാൽ എം.ഡിയും സിയാൽ അക്കാദമി ചെയർമാനും കൂടിയായ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.  2009-ൽ സ്ഥാപിതമായ സിയാൽ ഏവിയേഷൻ അക്കാദമി, വിമാനത്താവളങ്ങളിലും  വ്യോമയാന മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ ഉദ്യോഗാർഥികൾക്കായി വ്യോമയാന വ്യവസായ-അധിഷ്‌ഠിത പരിശീലന ക്ലാസുകൾ നൽകിവരുന്നു . കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ  സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിന് (സി. ബി. ഐ. സി ) കീഴിലുള്ള  പരമോന്നത പരിശീലന സ്ഥാപനമാണ് നാസിൻ. നാസിൻ കൊച്ചി ഡയറക്ടർസായ ഡോ. സന്തോഷ് കുമാർ ഐ.ആർ.എസ്, വി.ബി. സുബ്രമണ്യൻ ഐ.ആർ.എസ്,  സാബു ഫിലിപ്പ് ഐ.ആർ.എസ്, ശ്രീനിവാസ് പിള്ള ഐ.ആർ.എസ് , കൊച്ചി എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവരും  ചടങ്ങിൽ സന്നിഹിതരായിരുന്നു.

_ചിത്ര വിവരണം :  ബഹു. മന്ത്രി ശ്രീ. പി. രാജീവിന്റെ സാന്നിധ്യത്തിൽ, കൊച്ചി വിമാനത്താവളത്തിൽ വച്ച് നടന്ന ചടങ്ങിൽ, സി.ഐ.എ.എസ്.എൽ അക്കാദമിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനുള്ള  ധാരണാപത്രം, സിയാൽ എം.ഡിയും സി.ഐ.എ.എസ്.എൽ ചെയർമാനുമായ എസ് സുഹാസും നാസിൻ അഡീഷണൽ ഡയറക്ടർ രാജേശ്വരി ആർ. നായരും  കൈമാറുന്നു. ചാലക്കുടി എംപി ബെന്നി ബഹനാൻ, എം.എൽ.എ.മാരായ അൻവർ സാദത്ത്, റോജി എം. ജോൺ,  സി.ഐ.എ.എസ്.എൽ  എം.ഡി സന്തോഷ് ജെ. പൂവട്ടിൽ, നാസിൻ അസിസ്റ്റന്റ് ഡയറക്ടർ ടി.എസ് സുരേഷ്  എന്നിവർ സമീപം._