Mission News
Mission News
Friday, 06 Sep 2024 18:00 pm
Mission News

Mission News

 

കണ്ണൂർ: വില്ലേജാഫീസിൽ നിന്നു വരുമാന സര്‍ട്ടിഫിക്കറ്റു നൽകാൻ സാധാരണക്കാരുടെ മേൽ എടുത്താൽ പൊങ്ങാത്ത  പുതിയ നിബന്ധനകൾ അടിച്ചേൽപ്പിച്ച   നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടൻ പിൻവലിക്കണമെന്ന് ദേശീയ ജനതാ പാർട്ടി (RLM) കണ്ണൂർ ജില്ലാ നേതൃയോഗം ആവിശ്യപ്പെട്ടു.

സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധന മൂലം സാധാരണക്കാർക്കും ചെറുകിട കർഷകർക്കും കർഷകത്തൊഴിലാളികൾക്കും  നിരവധി ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന്  ദേശീയ ജനതാ പാർട്ടി ആരോപിച്ചു.

വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകർ സ്വത്തുവിവരങ്ങളും മറ്റുമടങ്ങിയ വിശദമായ സത്യവാങ്‌മൂലം നല്‍കണം. 
 സത്യവാങ്‌മൂലത്തില്‍ നല്‍കുന്ന വിവരങ്ങളിൽ ഏതെങ്കിലും ഒന്നു തെറ്റിപ്പോയാൽ  നിയമ നടപടി നേരിടേണ്ടി വരും. 

ഭൂമിയുടെ വിസ്തീർണമാണു വരുമാനം കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. അതിനാൽ കൈവശമുളള ഭൂമിയുടെ  വിസ്തീർണം   സത്യവാങ്‌മൂലത്തില്‍ കൃത്യമായി രേഖപ്പെടുത്തണം. 

നാലും അഞ്ചും ഏക്കർ കൃഷിഭൂമിയുള്ളവരാണ് വനമേഖലയിൽ താമസിക്കുന്ന ഇടത്തരം കർഷകരിൽ ഭൂരിഭാഗവും. എന്നാൽ വന്യജീവിശല്യം മൂലം ഭൂരിഭാഗം സ്ഥലങ്ങളിലും കൃഷി ചെയ്യാൻ കഴിയാതെ ചെറുകിട കർഷകർ വിഷമിക്കുകയാണ്.

തങ്ങൾ കൃഷി ചെയ്യുന്നില്ലന്നും അതിനു കാരണം  വന്യജീവികളുടെ ശല്യമാണെന്നും   സത്യവാങ്‌മൂലത്തില്‍ ചേർക്കാൻ  റവന്യൂ വകുപ്പു കർഷകരെ അനുവദിക്കുന്നില്ലെന്ന് യോഗം ഉത്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ ചൂണ്ടിക്കാട്ടി.

സത്യവാങ്ങ്മൂലത്തിനായി നൽകിയിരിക്കുന്ന പ്രിൻ്റഡ് ഫോമിൽ അതിനുള്ള ഇടമില്ല. അതിനാൽ കർഷകർക്ക് ആ വിവരം രേഖപ്പെടുത്താനാവില്ല. ഇനി
അഥവാ അക്കാര്യം ആരെങ്കിലും സ്വന്തമായി എഴുതിച്ചേർത്താൽ റവന്യൂ വകുപ്പ് ആ ഫോം അംഗീകരിക്കില്ല.

തരിശു കിടക്കുന്നതാണെങ്കിലും കൈവശമുള്ള മുഴുവൻ കൃഷിഭൂമിയുടേയും  അടിസ്ഥാനത്തിൽ കണക്കാക്കുന്ന  ഉയർന്ന തുകയാണ് വരുമാന സർട്ടിഫിക്കറ്റിൽ   രേഖപ്പെടുത്തുക എന്നർത്ഥം.

ഭൂമിയുടെ വിസ്തീർണമല്ലാതെ കാർഷിക വിളകളുടെ വിലത്തകർച്ചയോ വിളകള്‍ക്കു വ്യാപകമായി രോഗബാധയുണ്ടായതോ അതിൻ്റെ നഷ്ടങ്ങളോ അധികൃതർ പരിഗണിക്കാറേയില്ലെന്ന് നേതൃയോഗം കുറ്റപ്പെടുത്തി.

വന്യജീവിശല്യം കാരണം ഭൂരിഭാഗം കർഷകരും തങ്ങളുടെ കൃഷിഭൂമി തരിശിട്ടിരിക്കുകയാണ്. ഭൂമി വിറ്റു കടബാധ്യതകള്‍ തീർക്കാമെന്നുവച്ചാല്‍ വന്യജീവിശല്യവും പാരിസ്ഥിതിക നിയമങ്ങളും കാരണം ഭൂമി വാങ്ങാൻ ആളില്ലാതെയുമായി.

സർക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നിരിക്കേ, മുണ്ടുമുറുക്കി ജീവിക്കുന്ന ചെറുകിട കർഷകരുടെ ജീവിതം ഒന്നുകൂടി ദുഃസഹമാക്കാനാണു പുതിയ നിബന്ധന വഴിവയ്ക്കുകയെന്ന് ഡോ. കൈപ്പാറേടൻ ചൂണ്ടിക്കാട്ടി.

കർഷകർക്ക് നിർബാധം  സർട്ടിഫിക്കറ്റ് കൊടുക്കരുതെന്ന ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ  അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് സത്യവാങ‌്‌മൂലം നിർബന്ധമാക്കിയതെന്നും കരിനിയമം ഉടനടി പിൻവലിക്കണമെന്നും  യോഗം പാസ്സാക്കിയ പ്രമേയത്തിൽ ആവിശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി K V ദാമോദരൻ, PK രത്നാകരൻ, സതീഷ് ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, രാജൻ ചന്ദ്രോത്ത്,
TT പുഷ്പ കുമാർ, എം. ഹേമലത  എന്നിവർ സംസാരിച്ചു.