Mission News
Mission News
Thursday, 28 Nov 2024 18:00 pm
Mission News

Mission News

പുരസ്കാര നിറവോടെ പടിയിറങ്ങുന്നു.

*ഡോ നസീമ നജീബ്;അങ്കമാലിയുടെഹൃദയം കവർന്ന ജനകീയ ഡോക്ടർ*

നസീമ ഡോക്ടർക്ക് ആതുരസേവനം എന്നത് തികച്ചും സേവനോന്മുഖമാണ്. അങ്കമാലി താലൂക്കാശുപത്രിയിലെ സൂപ്രണ്ട് പദവിക്കപ്പുറം രോഗാതുരമായി ദുരിതമനുഭവിക്കുന്നവരുടെ അഭയവും ആശ്വാസവുമായിരുന്നു ഡോക്ടർ.
പാവപ്പെട്ട ജനവിഭാഗത്തെ നെഞ്ചോടു ചേർത്തു വച്ച നന്മമരം. പട്ടിണിപ്പാവങ്ങളുടെ ക്ഷേമൈശ്വര്യത്തിന് താലൂക്കാശുപത്രിയുടെ സമഗ്രവികസനം അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിയുകയും കക്ഷി രാഷ്ട്രീയത്തിനതീതമായി വിവിധ മേഖലകളെ ഉൾക്കൊള്ളിച്ച് നഗരസഭ, എം പി, എം എൽ എ ഫണ്ടുകൾ  സ്വീകരിക്കുകയും ചെയ്താണ് ആശുപത്രിയെ വൻ വികസന പന്ഥാവിലേക്ക് നയിച്ചത്.
ദൈനംദിനം 1000 ൽ അധികം രോഗികൾ  ഇവിടെ ഡോക്ടർമാരെ കാണുന്നു.  പരിമിതിയിൽ നിന്ന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ഡോ: നസീമയുടെ ഇടപെടലുകൾ മാതൃകാപരവും അഭിനന്ദനീയവുമായിരുന്നു.

മാതൃ ശിശു സൗഹൃദ യൂണിറ്റിന് ആരംഭം കുറിച്ചതും  ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനവും   ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്കായ മൊബൈൽ ലാബ്, സംസ്ഥാനത്ത് ആദ്യമായി ഡൊമിസിലറി കെയർ സെന്റർ, 2 കോടിയിൽ പരം രൂപ ചെലവിൽ ഓപ്പറേഷൻ തീയേറ്ററും ലേബർറൂമും അനുബന്ധ സൗകര്യങ്ങളോടെ സ്ഥാപിച്ചതും എൻ എച്ച് എം ഫണ്ട് 20 ലക്ഷം ചെലവഴിച്ച് ഓ പി വിഭാഗം നിർമ്മാണം പൂർത്തീകരിച്ചതും 61 ലക്ഷം ചെലവഴിച്ച് അഡ്മിനിസ്ട്രേഷൻ ബ്ലോക്കും  കോൺഫറൻസ്‌ ഹാളും നിർമ്മിച്ചതും, എഫ് എൽ ടി സി യിലേക്ക് വിവിധങ്ങളായ സ്പോൺസർഷിപ്പിലൂടെ ഉപകരണങ്ങൾ സമാഹരിച്ചതും കമ്മ്യൂണിറ്റി മൊബൈൽ മെഡിക്കൽ ക്ലിനിക് ആരംഭിച്ചതുമുൾപ്പെടെ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടണം എന്ന നിശ്ചയദാർഢ്യം സൂപ്രണ്ടിനുണ്ടായിരുന്നു.
ഭൗതിക സാഹചര്യവും ചികിത്സാ ഗുണമേന്മയും ഉറപ്പ് വരുത്തുന്ന ഭരണനിർവഹണം.
പ്രതിസന്ധി ഘട്ടങ്ങളിൽ എവിടെയും ഓടിയെത്തുന്ന നസീമ ഡോക്ടറോട് ഏവർക്കും അകമഴിഞ്ഞ ബഹുമാനമാണ്.
2018ലെ പ്രളയ ദിവസങ്ങളിൽ  അങ്കമാലിയിലേക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന ഡോക്ടർ, ആലുവ യു സി കോളേജ് ദുരിതാശ്വാസ ക്യാമ്പ് കേന്ദ്രീകരിച്ച് രാപകൽ നോക്കാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് ഭർത്താവായ ഡോ. നജീബ് കെ ഹംസയും ചേർന്ന് പ്രവർത്തിച്ചത് നന്ദിയോടെ ഓർക്കുന്നു.

2018-19 വർഷം സംസ്ഥാന സർക്കാരിൻ്റെ ആർദ്രം പുരസ്കാരത്തിൽ ലഭിച്ച രണ്ടാം സ്ഥാനവും [ 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ] സമ്പൂർണ വാക്സിൻ (100%) ഉപയോഗത്തിൽ നേടിയ പുരസ്കാരവും നഗരസഭയുമായി കൂടിയാലോചിച്ചുള്ള സൂപ്രണ്ടിൻ്റെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലം കൂടിയാണ്.

അങ്കമാലിയിലെ ദീർഘനാളത്തെ സേവനത്തിന് വിരാമമിട്ട്  ഔദ്യോഗിക നിർവഹണത്തിൻ്റെ ഭാഗമായി  ഡോക്ടർ മറ്റൊരു ആതുരാലയമായ കാലടിയിൽ നിന്നും നാളെ വിരമിക്കുകയാണ്.
 മാന്യമായ പെരുമാറ്റവും പക്വമായ സമീപനവും ആതുര സേവനത്തോടുള്ള തികഞ്ഞ ആത്മാർത്ഥതയും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലും ഡോക്ടറുടെ മുഖമുദ്രയാണ്. ശിഷ്ടകാല ജീവിതവും അശരണർക്ക് ആശാകേന്ദ്രമായി തീരട്ടെ എന്നാശിക്കുന്നു.