ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി 2. 50 ലക്ഷം രൂപയായി ഉയർത്തും. മന്ത്രി കെ.രാജൻ.
ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളിൽപ്പെട്ട 162 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തത്.
അങ്കമാലി: ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി 2. 50 ലക്ഷം രൂപയായി ഉയർത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. നിലവിൽ പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. എന്നാൽ കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ചാണ് ഇപ്പോൾ രണ്ടര ലക്ഷമായി ഉയർത്തുന്നതെന്നും മന്ത്രി പറഞ്ഞു. അങ്കമാലി സി.എസ്.എ ഹാളിൽ സംഘടിപ്പിച്ച ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളുടെ സംയുക്ത പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. അതിന്റെ ഭാഗമായി കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് 4.09 ലക്ഷവും, നാല് വർഷത്തിനിടെ 2.23 ലക്ഷം പട്ടയങ്ങളും വിതരണം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പട്ടയം വിതരണം ചെയ്തതെന്നും മന്ത്രി കൂട്ടി ചേർത്തു. അർഹതപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്നായി ചട്ടങ്ങൾ പോലും ഭേദഗതി ചെയ്താണ് ഭൂമി നൽകി വരുന്നത്. എന്നാൽ കൈവശവും കുടിയേറ്റവും ഒരുപോലെ കാണുന്ന സമീപനം അല്ല സർക്കാരിന്റേത്. ബോധപൂർവ്വമുള്ള കയ്യേറ്റം കണ്ടെത്തുന്ന മുറക്ക് ഭൂമി പിടിച്ചെടുത്തു സാധാരണക്കാർക്ക് കൈമാറുമെന്നും, എന്നാൽ അതിൻ്റെ പേരിൽ ഒരുതുണ്ട് ഭൂമി പോലും ഇല്ലാതെ തല ചായ്ക്കുന്നതിനായി കുടിയേറുന്നവരെ സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. ചടങ്ങിൽ ബെന്നി ബഹനാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. പട്ടയങ്ങളും വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ല കലക്ടർ എൻ.എസ്. കെ ഉമേഷ്, അഡീഷണൽ ജില്ല മജിസ്ട്രേറ്റ് വിനോദ് രാജ്, ഡപ്യൂട്ടി കലക്ടർ സുനിത ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.