Mission News
Mission News
Thursday, 11 Aug 2022 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി: സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ആഗ്രോ മെഷിനറി കോർപ്പറേഷനെ (കാംകോ) തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ കാംകോ ജീവനക്കാർ 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിച്ചു.   കാംകോ  ഐ.എൻ.ടി.യു.സി യൂണിയൻ അംഗങ്ങളായ  സി.എൻ.ഷിജു, ജിനോ വർഗീസ് എന്നിവരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിരാഹാരം അനുഷ്ഠിച്ചത്. ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ കമ്പനി ഗേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിന് , യു.ടി.യു.സി, കാംകോ എംപ്ളോയീസ് യൂണിയൻ തുടങ്ങിയ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉത്പ്പാദനവും, വിപണനവും മെച്ചപ്പെടുത്തി കാംകോയെ ലാഭത്തിലാക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് 
നിരാഹാര സമരം ഉദ്ഘാടനം ചെയ്ത അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. തൊഴിലാളികളുടെ ശമ്പളവർധന കരാർ നടപ്പാക്കുകയും, കിട്ടാക്കടം പിരിച്ചെടുക്കുകയും വേണം.
ലാഭത്തിൽ പ്രവർത്തിക്കുന്ന കാംകോയെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ വരും നാളുകളിൽ ശക്തമായ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും, അതിന് ഏതറ്റം വരെ പോകുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി. കമ്പനിയെയും, ജീവനക്കാരെയും ബാധിക്കുന്ന സങ്കീർണപ്രശ്നങ്ങളുണ്ടായിട്ടും ഭരണകക്ഷി യൂണിയനുകൾ പുലർത്തുന്ന നിസംഗമായ സമീപനമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി യൂണിയൻ നേതാക്കളായ വി.പി ജോർജ്, കെ.കെ ജിന്നാസ് എന്നിവർ നിരാഹാരം അനുഷ്ഠിച്ച ഷിജു, ജിനോ എന്നിവരെ ഷാൾ അണിയിച്ചു.യു.ടി.യു.സി യൂണിയൻ നേതാവ് ജോർജ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റും, മുൻ എം.എൽ.എയുമായ പി.ജെ ജോയി അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് പി.വി കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി, നേതാക്കളായ ടി.എ ചന്ദ്രൻ, വിജയൻ, പി.ബി സുനീർ, സി.വൈ ശാബോർ, എ.കെ ധനേഷ്, കെ.എസ് ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
കാംകോയിൽ സ്ഥിരം എം.ഡി.യെ നിയമിക്കുക, എം.ഡിയെ നിയമിക്കാത്ത സർക്കാർ പിടിപ്പുകേട് അവസാനിപ്പിക്കുക, കാംകോയെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തുക, സ്പെയർ പാർട്സ് ലഭ്യത ഉറപ്പുവരുത്തുക, ഉത്പ്പാദനവും, വിപണനവും ത്വരിതപ്പെടുത്തുക, ദീർഘകാല കരാർ നടപ്പാക്കുക, മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്നത്.