
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്നാട് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് കേരള വിരുദ്ധവും ഫെഡറൽ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ആണെന്നും കേരള സർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.കേരളത്തിന്റെ സ്ഥലത്ത് സുരക്ഷക്കായി ഡാം പണിയാൻ അനുവദിക്കില്ലെന്ന തമിഴ്നാട് നിലപാട് അപലപനീയമാണ്. ഈ വെല്ലുവിളി കേരള സർക്കാർ തള്ളിക്കളയണം.
50 വർഷത്തെ നിലനിൽപ്പ് മാത്രം ഉറപ്പാക്കി നിർമ്മിച്ച അണക്കെട്ട് 130 വർഷത്തിന് ശേഷവും അപകടരഹിത മായി നിലനിൽക്കുമെന്ന് തമിഴ്നാട് സർക്കാർ മാത്രമാണ് പറയുന്നത്. ദേശീയവും അന്തർദേശീയവുമായ ആറിലധികം ഏജൻസികൾ നടത്തിയ പഠനം അണക്കെട്ടിന്റെ ഗുരുതര അപകടാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഭൂകമ്പസാധ്യതാ പ്രദേശമെന്ന പഠന റിപ്പോർട്ടും ആശങ്ക വർദ്ധിപ്പിക്കുന്നു.ലോകത്തെ അപകട സാധ്യതയുള്ള ആറ് അണക്കെട്ടുകളിൽ ഒന്നായി മുല്ലപ്പെരിയാറിനെ വിവിധ ഏജൻസികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ കൃഷിയാവശ്യ ത്തിനു വേണ്ടി കേരളത്തിലെ നാല്പത് ലക്ഷത്തിലധികം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അണക്കെട്ട് പു തുക്കി നിർമ്മിക്കുവാൻ യു.ഡി.എഫ് സർക്കാർ ഇച്ഛാശക്തി കാണിക്കണം. തമിഴ്നാട്ടിലെ വിജയ് സർക്കാരിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ്, സി.പി.എം പാർട്ടികൾ ഈ വിഷയത്തിൽ ഇടപെട്ട് വിജയ് സർക്കാരിന്റെ നിലപാട് തിരു ത്തിക്കാനുള്ള നടപടി സ്വീകരിക്കണം.കേരള മുഖ്യമന്ത്രിയുടെയും ജല വിഭവ വകുപ്പ് മന്ത്രിയുടെയും പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ അണക്കെട്ട് നിർമ്മിക്കുവാനുള്ള തീരുമാനം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ച് പ്രമേ യം പാസാക്കണമെന്നും അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തമിഴ്നാടിന്റെ വെല്ലുവിളിയെ അതിജീവിക്കുവാനും രാജ്യത്ത് ഏറ്റവും വലിയ ദുരന്തമായി മാറിയേക്കാവുന്ന അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാമിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും സുപ്രീം കോടതിയിലടക്കം കേരളത്തിനുണ്ടായ തിരിച്ചടിയിൽ കേരളത്തിന്റെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ സംബന്ധിച്ച് പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ചെയർമാൻ അഡ്വ.റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി. ടി.ശ്രീകുമാർ, പി. ആർ.ഒ. ഷിബു. കെ.തമ്പി, ഖാലിദ് സഖാഫി, അഡ്വ.സംഗീത വിശ്വനാഥൻ, സി. എ.ജോയ്, അഡ്വ. ശാന്താറാം തോളൂർ, കെ. പി ചന്ദ്രൻ, ശ്രീരാജ് ചിറ്റക്കാട്ട്, ടിജി കല്ലൻ, സന്തോഷ് കൃഷ്ണൻ, ബെന്നി കോട്ടപ്പുറം, അരുൺരാജ് പൂയപ്പള്ളി, ഡോ. റോബിൻ മാത്യു, രാഖി സക്കറിയ, രവി പോറ്റി, ഷാജി ഫിലിപ്പ് എന്നിവർ സംസാരിച്ചു. "പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ" എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിലെ എം.എൽ.എ.മാർ,പാർലമെന്റ് അംഗങ്ങൾ എന്നിവർക്ക് നിവേദനം നൽകുവാനും ജൂലൈ എട്ടിന് സെക്രട്ടറിയേറ്റ് ധർണ നടത്തുവാനും തീരുമാനിച്ചതായി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി. ടി.ശ്രീകുമാർ,പി. ആർ.ഒ. ഷിബു. കെ.തമ്പി എന്നിവർ അറിയിച്ചു.
റിപ്പോർട്ടർ: സാജു തറനിലം