
തിരുവനന്തപുരം: ഹിൽ പാലസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നമ്പർ 407-ലെ മൂന്നാം പ്രതിയായ തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മയെ അടിയന്തിരമായി സസ്‌പെൻഡ് ചെയ്യണമെന്ന് സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS) അധികാരികൾക്ക് സമർപ്പിച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. സ്വന്തം ആത്മാഭിമാനത്തിന്മേൽ ചവിട്ടിമെതിക്കാൻ പോലീസിനെ അനുവദിക്കാതെ നിയമപരമായി പോരാടിയ ശ്രീമതി അൻസിബ ഹസ്സന്റെ മഹത്തായ വിജയത്തെ സംഘടന അഭിനന്ദിച്ചു.
സിവിൽ തർക്കങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ട് തെറ്റായ രീതിയിൽ ഒത്തുതീർപ്പുകൾ നടത്തുന്നത് കേരള പോലീസിനെ സംബന്ധിച്ച് വലിയൊരു ബിസിനസ്സും ലാഭകരമായ വരുമാന സ്രോതസ്സുമായി മാറിയിരിക്കുകയാണെന്ന് സി.ആർ.ജെ.എസ് കുറ്റപ്പെടുത്തി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതി വഴി കേസ്സെടുപ്പിക്കാം എന്ന് ശ്രീമതി അൻസിബ ഹസ്സൻ തെളിയിച്ചു തന്നിരിക്കുകയാണ്.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വ്യക്തമായ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, സിവിൽ കേസുകളിൽ പോലീസ് യാതൊരു കാരണവശാലും നേരിട്ട് ഇടപെടാൻ പാടില്ലാത്തതാണ്. നിയമവിരുദ്ധമായി ജനങ്ങൾക്ക് നോട്ടീസ് നൽകാതെ വിളിച്ചുവരുത്തുകയോ, അധിക്ഷേപിക്കുകയോ, ഒരു കക്ഷിക്ക് മാത്രം അനുകൂലമായി ഏകപക്ഷീയമായ ഒത്തുതീർപ്പുകൾ നടത്തുകയോ ചെയ്യുന്നത് ഇന്ന് പോലീസ് സ്റ്റേഷനുകളിൽ സാധാരണ രീതിയായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഈ സംഭവം ഒരു കടുത്ത മുന്നറിയിപ്പായിരിക്കണം എന്ന് സംഘടന ഓർമ്മിപ്പിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് പൂഴ്ത്തിവെക്കാൻ ശ്രമം:
കേരള മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് (HRMP No: 9343/11/12/2024/TVM dt 02/02/2026) പ്രകാരം കേരള പോലീസ് വെബ്‌സൈറ്റിലെ 'Citizen's Charter - Clause V'-ൽ നിന്നും പോലീസിന് സിവിൽ തർക്കങ്ങളിൽ ഇടപെടാൻ അധികാരം നൽകുന്ന വാചകം നീക്കം ചെയ്യാനുള്ള നടപടികൾ രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ കേരള പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവിനെപ്പോലും ധിക്കാരപൂർവ്വം കാറ്റിൽപ്പറത്തിക്കൊണ്ട് ഇതുവരെ മേൽ വിഷയത്തിൽ കേരള പോലീസ് മേധാവി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സംഘടന ആരോപിച്ചു. ഈ ഒത്തുകളികളാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വ്യാപകമായി നടക്കാൻ കാരണം.
ജനങ്ങൾക്ക് ഔദ്യോഗിക നോട്ടീസ് നൽകാതെ സ്റ്റേഷനിലേക്ക് ഫോണിലൂടെയോ മറ്റോ വിളിച്ചുവരുത്തിയാൽ പൗരന്മാർ യാതൊരു കാരണവശാലും പോകേണ്ടതില്ലെന്നും, സിവിൽ - ക്രിമിനൽ കേസുകളിൽ പെറ്റീഷൻ രജിസ്റ്ററുകളിൽ ഒപ്പിടാൻ ജനങ്ങൾ വിസമ്മതിക്കേണ്ടതാണെന്നും സി.ആർ.ജെ.എസ് വ്യക്തമാക്കി. കാരണം പോലീസിന് അതിനുള്ള യാതൊരുവിധ അധികാരവുമില്ല.
വർഷങ്ങളായി മനുഷ്യാവകാശ സംഘടനയായ CRSJS നടത്തിയ ശക്തമായ ഇടപെടലുകളാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർണായക ഉത്തരവിലേക്ക് നയിച്ചത്. കാക്കിപ്പടയ്ക്കുള്ളിലെ ഈ കാടൻ സംസ്കാരത്തിനെതിരെയും പൗരാവകാശ ലംഘനങ്ങൾക്കെതിരെയും ജനങ്ങൾ ശക്തമായി മുന്നോട്ടു വരണമെന്ന് സി.ആർ.ജെ.എസ് പ്രസിഡന്റ് മുടവൻമുഗൾ രവി, വൈസ് പ്രസിഡന്റ് കെ. ഉദയകുമാർ, സെക്രട്ടറി ആർ. ജയചന്ദ്രൻ എന്നിവർ അറിയിച്ചു