Mission News
Mission News
Monday, 31 Aug 2026 18:00 pm
Mission News

Mission News

കൊച്ചി: ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കല്യാണ്‍ സില്‍ക്സിന് 31,500 രൂപ പിഴ ചുമത്തി. വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും പിന്നീട് നിബന്ധനകളുടെ പേരില്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് കോടതി വിലയിരുത്തി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍ നല്‍കിയതിനും എതിരായാണ് കോടതിയുടെ ഈ നിര്‍ണ്ണായക നടപടി.
3,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 1,500 രൂപയുടെ ഷോപ്പിംഗ് ആനുകൂല്യം ലഭിക്കുമെന്ന പത്രപ്പരസ്യം കണ്ടാണ് പരാതിക്കാരന്‍ വ്യാപാര സ്ഥാപനം സന്ദര്‍ശിച്ചത്. എന്നാല്‍, 4,055 രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം, 500 രൂപയുടെ 3 കൂപ്പണുകളാണ് നല്‍കിയതെന്നും, അവ അടുത്ത മാസങ്ങളില്‍ കൂടുതല്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ മാത്രമേ മാറാന്‍ കഴിയൂ എന്നുമാണ് സ്ഥാപനം വ്യക്തമാക്കിയത്. ഈ നിബന്ധനകള്‍ വളരെ ചെറിയ അക്ഷരത്തിലാണ് പരസ്യത്തില്‍ നല്‍കിയിരുന്നത്. കൂടാതെ, പരാതിക്കാരന് നല്‍കിയ പ്രിന്റഡ് ബില്ലിലെ അക്ഷരങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം പൂര്‍ണ്ണമായി മാഞ്ഞുപോവുകയും ചെയ്തു. ഓഫറിന്റെ പ്രധാന നിബന്ധനകള്‍ സാധാരണക്കാര്‍ക്ക് വായിക്കാന്‍ കഴിയാത്ത വിധം അത്ര ചെറിയ അക്ഷരങ്ങളില്‍ നല്‍കുന്നത് അന്യായമായ വ്യാപാര രീതിയാണെന്ന് (Unfair Trade Practice) ഡി. ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.