Mission News
Mission News
Tuesday, 01 Sep 2026 00:00 am
Mission News

Mission News


◾  മെസി വിസ്മയം മിസാകുന്നു. ഫുട്‌ബോള്‍ ഇതിഹാസവും അര്‍ജന്റീനയുടെ നായകനുമായ ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. 21 വര്‍ഷം നീണ്ട കരിയര്‍ 39 ാം വയസിലാണ് അവസാനിപ്പിക്കുന്നത്. 207 മത്സരങ്ങളിലായി 125 ഗോള്‍ നേടി. 2008 ഒളിമ്പികസില്‍ സ്വര്‍ണം, 2022 ല്‍ ലോകകപ്പ്, 2021, 2024ല്‍ കോപ്പ അമേരിക്കയില്‍ കിരീടം എന്നിവ രാജ്യത്തിനായി സ്വന്തമാക്കി. മൂന്നു ലോകകപ്പ് ഫൈനലുകളില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനായി. 8 തവണ ബാലണ്‍ ഡി ഓര്‍ നേടി റെക്കോര്‍ഡ് ഇട്ടു. പിതാവിന്റെ മരണത്തോടെ താന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു വിരമിക്കുകയാണെന്നു മെസ്സി സൂചന നല്‍കിയിരുന്നു.

◾  ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ചു പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേസുകള്‍ പിന്‍വലിക്കാമെന്ന ധാരണ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഡല്‍ഹിയില്‍ സിജെപി പ്രതിഷേധം പ്രഖ്യാപിച്ചിരിക്കേയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ സിജെപി സമരം നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. സര്‍ക്കാര്‍ ക്രമസമാധാനം ഉറപ്പാക്കണം. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണേണ്ട സാഹചര്യമില്ലെന്നും കോടതി.

◾  ലയണല്‍ മെസി നായകനായുള്ള അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനു ശുപാര്‍ശ നല്‍കി. തുടക്കം മുതലുള്ള ഇടപാടുകളും സമഗ്ര അന്വേഷണം നടത്താനാണ് ശുപാര്‍ശ. മുന്‍ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്പോണ്‍സര്‍ക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ കിട്ടിയോ എന്നും അന്വേഷിക്കും.


◾  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രാത്രി ചികില്‍സ തേടി എത്തിയ രോഗിക്കു ചികില്‍സ നല്‍കാതെ തര്‍ക്കിച്ച വനിതാ ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. എമര്‍ജന്‍സി രോഗിയല്ലെന്നും ആശുപത്രി തുറന്നു വച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാനല്ലെന്നും പറഞ്ഞ് ഡോക്ടര്‍ തര്‍ക്കിക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു.  

◾  എല്‍ഡിഎഫ് കക്ഷികള്‍ തമ്മില്‍ അടിമ - ഉടമ ബന്ധമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  ആരോഗ്യവകുപ്പ് മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു. പ്രേമനാണ് അന്വേഷണച്ചുമതല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ചുപേരെ വധശ്രമത്തിന് അറസ്റ്റു ചെയ്തിരുന്നു.

◾  മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന ഇന്നു തുടങ്ങും. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയില്‍ ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ കേസിലാണ് സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

◾  കാസര്‍കോട് കാലിക്കടവ് എംഡിഎംഎ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഘാന സ്വദേശി വിക്ടര്‍, കേസിലെ പ്രധാന കണ്ണിയായ മലയാളി യുവതി റിയ എന്നിവരാണ് പിടിയിലായത്. വിക്ടറിനെ കൊല്ലത്തുനിന്നും റിയയെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുമാണു പിടികൂടിയത്. കാലിക്കടവില്‍ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്.


◾  മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ 27 ലേക്ക് മാറ്റി. മറ്റ് പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും നെതര്‍ലന്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്താന്‍ സമയം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നടപടി.

◾  പെരിയയിലെ ഇരട്ടക്കൊലപാതകത്തിനു ശേഷം പൊലീസുകാരെ ആക്രമിച്ച കേസില്‍ ഏഴ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും 91,000 രൂപ പിഴയുമാണു ശിക്ഷ.

◾  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്. മുഖ്യമന്ത്രി പറഞ്ഞു.

◾  സ്ത്രീകള്‍ക്കു ഭരണഘടനാപരമായ തുല്യത റദ്ദാക്കാനുള്ള ലൈസന്‍സ് ആര്‍ക്കുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ പരാമര്‍ശത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉജ്ജ്വല പോരാട്ടം നടന്ന നാടാണ് കേരളമെന്നും റോജി ചൂണ്ടിക്കാട്ടി.

◾  സ്ത്രീകളെയും പെണ്‍കുട്ടികളെയും സമൂഹത്തിന്റെ പൊതു ധാരയിലേക്ക് കൊണ്ടുവരേണ്ടതു സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണെന്ന് മന്ത്രി കെ എ തുളസി. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്ന കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ അംഗീകരിക്കാനാവില്ലെന്നും കെ എ തുളസി പറഞ്ഞു.

 

◾  സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് മതം നല്‍കിയിട്ടുള്ളതെന്ന് കേരള മുസ്ലിം ജമാഅത്ത്. സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നു പറയുന്നത് കുടുംബം തകരാതെ കാത്തുസൂക്ഷിക്കാനും പ്രകൃതിപരമായ നീതി നടപ്പാക്കാനുണെന്നാണു വിശദീകരണം. കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ നിലപാടിനെ പിന്തുണച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ മുഹമ്മദ് ഫൈസി പേരോട്, അബ്ദുറഹ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ ഒപ്പുവച്ചിട്ടിണ്ട്.

◾  കാന്തപുരത്തിന്റെ നിലപാടിനെ വിമര്‍ശിക്കാനുള്ള ആര്‍ജവമില്ലാതെ, ആര്‍എസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് സിപിഎം നേതാവ് ശ്രീമതി ടീച്ചര്‍ ശ്രമിക്കുന്നതെന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ആര്‍എസ്എസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും ശോഭ സുരേന്ദ്രന്‍.

◾  പാര്‍ട്ടിക്കോട്ടകളിലെ തോല്‍വികളില്‍ അണികളെയും വോട്ടര്‍മാരേയും പഴിച്ചും നേതാക്കളെ ന്യായീകരിച്ചും സിപിഎം. താത്കാലികമായി പാര്‍ട്ടി ഉപേക്ഷിച്ചവര്‍ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയന്‍ തളിപ്പറമ്പില്‍ പറഞ്ഞു. തളിപ്പറമ്പിലെ അവസാനത്തെ പൊതുയോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

◾  തിരുവല്ല ഇരവിപേരൂരില്‍ ഒന്നിച്ചിരുന്നു മദ്യപിച്ചു വഴക്കുണ്ടായപ്പോള്‍ ജുവല്‍ ജോണിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന കേസില്‍ സുഹൃത്തുക്കളായ വൈശാഖ്, ജോജു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതക ഉദ്ദേശ്യം ഇല്ലായിരുന്നു. പ്രതികളില്‍ ഒരാളായ ജോജുവും കിണറ്റില്‍ വീണിരുന്നു. വൈശാഖ് ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തിയെങ്കിലും ജുവലിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്നു പോലീസ് പറഞ്ഞു.

◾  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പോലീസ് അറസ്റ്റുചെയ്തു. പുഞ്ചവയല്‍ ഇലവുങ്കല്‍ വീട് അരുണ്‍ കുമാറി(46)നെയാണ്  പിടികൂടിയത്. പ്രതി കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ്.  

 

◾  എല്‍നിനോ വര്‍ഷമായ ഇക്കൊല്ലം, കാലവര്‍ഷം മൂന്ന് മാസം കഴിയുമ്പോള്‍ സംസ്ഥാനത് 22 ശതമാനം മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍. കഴിഞ്ഞ എല്‍നിനോ വര്‍ഷമായ 2023 മായി താരതമ്യം ചെയ്യുമ്പോള്‍ 48 ശതമാനം കുറവാണു രേഖപ്പെടുത്തിയത്.

◾  ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കിയ 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഉല്‍പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടി രൂപയുടെ നേട്ടമാണ് വനിതാ കര്‍ഷകര്‍ സ്വന്തമാക്കിയത്.

◾  തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജായി വികസിക്കാനിരിക്കുന്ന ജനറല്‍ ആശുപത്രിയില്‍ മെഗാ ക്ലീനിംഗ് ഡ്രൈവുമായി തിരുവനന്തപുരം നഗരസഭ. ആശുപതിയുടെ 20 ഏക്കര്‍ കോമ്പൗണ്ട് കാടും മാലിന്യക്കൂനകളും നിറഞ്ഞിരിക്കുകയാണ്. ശുചീകരണ യജ്ഞം ഇന്നു രാവിലെ എട്ടിന് മേയര്‍ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്യും. പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് മുഖ്യാതിഥിയാകും.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ളയാണ് മരിച്ചത്. ഐസിയുവിലേക്കു മാറ്റാതെ അതേ കട്ടിലില്‍ കിടത്തി ചികില്‍സിച്ചത് ആശുപത്രിയുടെ വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചു.

◾  സിപിഎമ്മിനു പിണറായി പേടിയും പിണറായി സ്തുതിയും മാത്രമേയുള്ളൂവെന്നു പരിഹസിച്ച് ഡിവൈഎഫ്ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. പാര്‍ട്ടിയിലെ നേതാക്കളെല്ലാം ജൂനിയര്‍ പിണറായിമാരായി നടക്കുന്നുവെന്നും മനു തോമസ് പരിഹസിച്ചു.


◾  സിജെപി ശനിയാഴ്ച നടത്താന്‍ തീരുമാനിച്ച ഡല്‍ഹി മാര്‍ച്ച് മാറ്റിവച്ചേക്കും. കേസുകള്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതുപോലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും സുപ്രീം കോടതിയെ അറിയിക്കണമെന്ന് സിജെപി നേതാവ് സൗരവ് ദാസ് അഭ്യര്‍ത്ഥിച്ചു. ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലും പുരോഗതിയുണ്ട്. സര്‍ക്കാര്‍ പ്രതിനിധികള്‍ പുതുച്ചേരിയിലേക്ക് എത്തി താനടക്കമുള്ള സിജെപി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും സൗരവ് പറഞ്ഞു.

◾  മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവച്ചു. എന്‍ആര്‍സി നടപ്പാക്കിയ ശേഷം സെന്‍സസ് മതിയെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ തീരുമാനമെടുത്തത്.

◾  700 കോടി രൂപയുടെ വിപിവിവി നിക്ഷേപ തട്ടിപ്പില്‍ മുഖ്യപ്രതി ഡോ. സാബിനെയും ഉത്തരാഖണ്ഡിലുള്ള മറ്റൊരു പ്രതി അഖീല്‍ അഹമ്മദിനേയും തേടി ഡല്‍ഹി പൊലീസ്. കേരള പൊലീസ് കേസെടുത്തതിനു പിറകേ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ മാറ്റിയെന്ന് അറസ്റ്റിലായ വെങ്കിട്ട് വെങ്കട് ഡല്‍ഹി പൊലീസിനോട് സമ്മതിച്ചു. വെങ്കിട്ട വെങ്കട്, രാഹുല്‍ രാജീവ് നായര്‍, ഹിതേഷ് കുമാര്‍ എന്നിവരെ ചോദ്യം ചെയ്ത പോലീസിന് നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

◾  സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കടുത്ത വൈറല്‍ ബാധ, നിര്‍ജലീകരണം, വൃക്കകളുടെ പ്രവര്‍ത്തന തകരാര്‍ എന്നിവമൂലം തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.

◾  ഉത്തര്‍പ്രദേശില്‍ റവന്യൂ വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന ഐഎഎസ് ഓഫീസര്‍ ദിവ്യ മിത്തല്‍ 13 വര്‍ഷത്തെ സേവനത്തിന് ശേഷം രാജിവച്ചു. ഐഎഎസ് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു അധ്യായം മാത്രമായിരുന്നുവെന്നും കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നുമാണു ദിവ്യ മിത്തല്‍ പ്രതികരിച്ചത്.

◾  മലയാളി ബോളിവുഡ് നടന്‍ പ്രശാന്ത് നാരായണന്‍ ഉള്‍പ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി. ഒരു കോടി 20 ലക്ഷം രൂപയുടെ ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ച ഉത്തരവിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയാണു സുപ്രീംകോടതി തള്ളിയത്.

◾  തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ തോപ്പു എന്‍ ഡി വെങ്കടാചലം പാര്‍ട്ടി വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കയ്പേറിയ അനുഭവങ്ങളും ഗ്രൂപ്പു വഴക്കുകളുമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

◾  വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പര്‍ കണ്ടെത്തിയതിനാല്‍ വിമാനം അടിയന്തരമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറക്കി. ദമ്മാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം.

◾  നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവര്‍ പ്രോജക്റ്റ് തുരങ്കത്തില്‍ കുടുങ്ങിയതായി സംശയിച്ചിരുന്ന 93 തൊഴിലാളികളെ കണ്ടെത്താനായില്ല. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കമാണിത്.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഇടവേളയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. എസ് സി ഒ, ബ്രിക്സ് തുടങ്ങിയ ബഹുരാഷ്ട്ര കൂട്ടായ്മകളിലേക്ക് ഇറാനെ മോദി ക്ഷണിച്ചു.

◾  പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിച്ച് ഇറാന്‍. ഇന്ത്യ സ്വാധീനം ചെലുത്തണമെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്.

◾  കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രധാന സെഷന്‍. ഭീകരവാദം അടക്കം വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചേക്കും.

◾  പാക്കിസ്ഥാനില്‍ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബന്നു അമന്‍ കമ്മിറ്റി. ബന്നുവില്‍ പ്രാദേശിക സമാധാന സമിതിയും പാക് സൈന്യവും തമ്മില്‍ ധാരണയിലെത്തി. നിയമവിരുദ്ധമായ തടങ്കലുകള്‍ അവസാനിപ്പിക്കുമെന്ന് സൈന്യം ഉറപ്പുനല്‍കി.

◾  യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്‍. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അത് മേഖലയ്ക്ക് ഗുണകരമായിരിക്കില്ലെന്നും ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാന്‍ പ്രസിഡണ്ട് പറഞ്ഞു.

◾  കെസിഎല്ലില്‍ കരുത്തരായ ആലപ്പി റിപ്പിള്‍സിനെ 14 റണ്‍സിനു ട്രിവാണ്‍ഡ്രം റോയല്‍സ് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ട്രിവാണ്‍ഡ്രം റോയല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ റിപ്പിള്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെ നേടാനായുള്ളു. തിരുവനന്തപുരത്തിന്റെ ഗോവിന്ദ് ദേവ് പൈയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

◾  കെസിഎല്ലിലെ മറ്റൊരു മല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ തൃശൂര്‍ ടൈറ്റന്‍സ് നാലു വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയപ്പോള്‍ തൃശൂര്‍ ടൈറ്റന്‍സ് 19.6 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. തൃശൂരിന്റെ എ.കെ. അര്‍ജുനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

◾  മലയാളികള്‍ക്കായി ടി-20 ഫോര്‍മാറ്റില്‍ വേള്‍ഡ് മലയാളി ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുമെന്നു പ്രഖ്യാപനം. കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലീഗിന്റെ ലോഗോയും പ്രകാശനം ചെയ്തു. മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായി.

◾  ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോ സ്മാര്‍ട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചര്‍ ഫോണുകള്‍ വഴി യുപിഐ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഫോണ്‍പേ യുപിഐ 123 പേ സേവനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. എസ്എംഎസ്, ഐവിആര്‍ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലും മറ്റും തടസ്സങ്ങളില്ലാതെ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഇരുപത് കോടി ഫീച്ചര്‍ ഫോണുകളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. സാധാരണ സ്മാര്‍ട്ട് ഫോണില്‍ ഫോണ്‍ പേയില്‍ ലഭ്യമാകുന്ന എല്ലാ ഫീച്ചറുകളും ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളില്‍ ലഭിക്കും. ഉദാഹരണമായി കടകകളില്‍ കയറി സ്‌കാന്‍ ചെയ്ത് പണം കൈമാറുക, വ്യക്തികള്‍ക്ക് പണം കൈമാറ്റം, ട്രാന്‍സ്‌ക്ഷന്‍ ഹിസ്റ്ററി തുടങ്ങിയവയെല്ലാം ലഭ്യമാകും.

◾  ക്ലോഡ് എഐ ടൂള്‍ ഉപയോക്താക്കളുടെ പിസികളിലോ ലാപ്ടോപ്പുകളിലോ മാല്‍വെയര്‍ ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്ത്രോപിക്. 'ഇന്‍ഫോസ്റ്റീലര്‍' എന്ന മാല്‍വെയറിനെക്കുറിച്ചാണ് ക്ലോഡ് ഉപയോക്താക്കളില്‍ പലര്‍ക്കും എഐ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്റെ എല്ലാ വിവരങ്ങളിലേക്കും അക്കൗണ്ട് വിശദാംശങ്ങളിലേക്കും പ്രവേശനം ലഭിക്കാന്‍ അനുമതി നല്‍കുന്ന മാല്‍വെയറാണിത്. ഉപയോക്താവിന്റെ ക്ലോഡ് അക്കൗണ്ട് ഉപയോഗിക്കാനും ഇത് ഹാക്കര്‍മാരെ അനുവദിച്ചേക്കാം. മാല്‍വെയര്‍ ബാധയെത്തുടര്‍ന്ന് ക്ലോഡ് ഉപയോഗ പരിധി അതിവേഗം തീര്‍ന്നേക്കാം. ബാങ്കിങ്, ജോലി, ക്ലൗഡ് സേവനങ്ങള്‍ എന്നിവയ്ക്കുള്ള മറ്റ് പാസ്വേഡുകള്‍ അപ്ഡേറ്റ് ചെയ്യാനും, ബ്രൗസറില്‍ പേയ്മെന്റ് വിശദാംശങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കാനും കമ്പനി നിര്‍ദ്ദേശിക്കുന്നു.

◾  മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരന്‍ - കരീന കപൂര്‍ ചിത്രം 'ദായ്റ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രത്തില്‍ രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഒരു കുറ്റകൃത്യത്തിന് പിന്നാലെ നടക്കുന്ന അന്വേഷണമാണ് പ്രധാനമായും പറയുന്നത്. കേസന്വേഷണത്തിനിടെ രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നീതിയെ സമീപിക്കുന്നത് രണ്ട് വ്യത്യസ്ത രീതികളിലാണ്. ഡി.സി.പി. അജൂനി കോഹ്ലിയായി കരീന കപൂര്‍ ഖാനും ഡി.സി.പി. രമണ്‍ കുമാറായി പൃഥ്വിരാജ് സുകുമാരനുമാണ് എത്തുന്നത്. ജിതേന്ദ്ര ജോഷി, ക്ഷിതി ജോഗ്, കന്‍വല്‍ജീത് സിങ്, സന്ദീപ് കുല്‍ക്കര്‍ണി, തൃപ്തി ഖാംകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

◾  രഞ്ജിത്ത് സംവിധാനം ചെയുന്ന,സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷന്‍ തില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന 'ലോ ആന്റ് ഓര്‍ഡര്‍' എന്ന ചിത്രം സെപ്റ്റംബര്‍ 18ന് പ്രദര്‍ശനത്തിനെത്തുന്നു. നീതിനിര്‍വ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാര്‍ഗദര്‍ശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ ബ്ളാക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാന്‍ എത്തുന്നു. ജോര്‍ജ്‌സാര്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വര്‍മ്മയും ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾  കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ വേര്‍സിസ് 650-ന്റെ 2027 പതിപ്പ് വിപണിയിലെത്തിച്ചു. 8.63 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില. വലിയ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ മോഡല്‍ വര്‍ഷ പതിപ്പ് എത്തിയിരിക്കുന്നത്. കാന്‍ഡി ലൈം ഗ്രീന്‍ എന്ന പുതിയ പെയിന്റ് സ്‌കീമാണ് 2027 മോഡലിന്റെ പ്രധാന ആകര്‍ഷണം. നിറം ഒഴികെ ബൈക്കിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. എന്‍ജിന്‍, ഫ്രെയിം, സസ്പെന്‍ഷന്‍, ഇലക്ട്രോണിക്സ്, ഫീച്ചറുകള്‍ എന്നിവയെല്ലാം മുന്‍ മോഡലില്‍ നിന്ന് അതേപടി തുടരുന്നു. 649 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് വേര്‍സിസ് 650-ന് കരുത്ത് നല്‍കുന്നത്. 8,500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പരമാവധി കരുത്തും 7,000 ആര്‍പിഎമ്മില്‍ 61 എന്‍എം ടോര്‍ക്കും എന്‍ജിന്‍ ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

◾  കൊല്‍ക്കത്ത മുംബൈ ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിംഗ് എന്നിവയുടെ നിഗൂഢവും ദുരൂഹവുമായ സാമ്രാജ്യങ്ങളെക്കുറിച്ച് ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹരമായ നോവല്‍. സന റുബീനയുടെ പുതുതലമുറ നോവല്‍ അപസര്‍പ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീപുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേക്ഷണമാണ് ഈ നോവല്‍. ആഗോളവും അഖിലേന്ത്യവുമായ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അപൂര്‍വം മലയാള നോവലുകളിലൊന്ന്. വായനക്കാര്‍ക്കിതു കാഴ്ചവയ്ക്കുന്നത് ഹൃദ്യമായ ഒരു വികാരസാമ്രാജ്യമാണ്. 'നീലച്ചിറകുള്ള മൂക്കുത്തി'. സന റുബീന. മനോരമ ബുക്സ്. വില 340 രൂപ.

◾  ജീവിതശൈലിയും ആഹാരരീതിയും മൂലം രോഗസാധ്യത വര്‍ധിക്കുന്ന അര്‍ബുദങ്ങളിലൊന്നാണ് കോളറെക്റ്റല്‍ കാന്‍സര്‍. റെഡ് മീറ്റ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നത്, നാരുകള്‍ കുറഞ്ഞ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആഹാരരീതികളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. കാല്‍സ്യം ധാരാളമായുള്ള തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ ഉള്‍പ്പെടെ തെളിയിച്ചിട്ടുണ്ടെന്ന് ഡോ.സൗരഭ് പറയുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളും ആരോഗ്യത്തിനു ഗുണം ചെയ്യും. മറ്റൊന്ന് നാരുകള്‍ നിറഞ്ഞ ആഹാരരീതിയാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തിന് ഇവ അത്യന്താപേക്ഷിതമാണ്. നാരുകളും പോളിഫിനോളുകളും ധാരാളമായുള്ള ബെറികളാണ് മറ്റൊരു ഭക്ഷണം. അവക്കാഡോ, വിത്തുകള്‍, നട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഓട്സ് എന്നിവ പതിവാക്കാം. മറ്റൊന്ന് കാപ്പിയുടെ ഉപയോഗമാണ്. കാപ്പിയില്‍ പോളിഫെനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതല്‍ കാപ്പി കുടിക്കുന്നതിലൂടെ കൊളറെക്ടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയും. വന്‍കുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന അര്‍ബുദമാണ് ബവല്‍ കാന്‍സര്‍ അഥവാ കോളറെക്റ്റല്‍ കാന്‍സര്‍. ശരീരത്തിന്റെ അരക്കെട്ടു ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് മലാശയ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്.