
മുല്ലപ്പെരിയാർ :
*വിദഗ്ധസമിതി പരിശോധന കേരളത്തെ കബളിപ്പിക്കാൻ..* ജനസംരക്ഷണസമിതി
സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കം ആണെന്നും ജനസംരക്ഷണ സമിതി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സംഭവിച്ചത് പോലെ കേരളത്തിന് എതിരായ റിപ്പോർട്ട് ആകും സമിതി സമർപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 131 വർഷം പിന്നിടുന്ന അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കേണ്ടത് അന്താരാഷ്ട്ര വിദഗ്ധരാണ്. ഭൂകമ്പസാധ്യത മേഖലയിലാണ് അണക്കെട്ട് നിൽക്കുന്നതെന്ന് വിവിധ സമിതിയും പഠന റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഹൈഡ്രോളജിക്കൽ സ്റ്റാറ്റസ്, സ്ട്രക്ചറൽ സേഫ്റ്റി, സീപ്പേ ജ് സിസ്റ്റം, വിള്ളലുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വിളള ലുകളുടെ വ്യാപ്തി,ഭൂകമ്പസാധ്യത, മേഘ വിസ്ഫോടന സാധ്യത, 131 വർഷമായി അടിഞ്ഞുകൂടി കിടക്കുന്ന ചെളി,പാറ തുടങ്ങിയവ സംബന്ധിച്ചും അണക്കെട്ടിന്റെ അടിത്തട്ടിന്റെ ബലക്ഷയം സംബന്ധിച്ചും ആണ് പരിശോധന നടത്തേണ്ടത്. അണക്കെട്ടിന്റെ മുകളിൽ നിന്ന് നോക്കി കാണുകയും റിപ്പോർട്ട് സമർപ്പിക്കുക അല്ല ചെയ്യേണ്ടത്. ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് അന്താരാഷ്ട്ര വിദഗ്ധരുടെ സഹായ ത്തോടുകൂടി നടത്തേണ്ട സമഗ്ര പരിശോധനയ്ക്ക് പകരം ഉന്നതല സമിതി എന്നപേരിൽ ഇപ്പോൾ നടത്തുന്ന ബല പരിശോധന പ്രഹസനമാണെന്നും കേരളം ഈ പരിശോധനയുമായി സഹകരിക്കരുതെന്നും അശാസ്ത്രീയമായും വിദഗ്ധരുടെ പങ്കാളിത്തമില്ലാതെയും നടത്തുന്ന പരിശോധനയിലെ അപാകതയും അശാസ്ത്രീയതയും സുപ്രീംകോടതിയെയും കേന്ദ്ര ഗവൺമെന്റിനെയും രേഖാമൂലം അറിയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതിയുടെ നടപടി സംബന്ധിച്ചും സംസ്ഥാനം സ്വീകരിക്കാൻ പോകുന്ന തുടർനടപടികളെ സംബന്ധിച്ചും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും നിയമവിരുദ്ധമായ പാട്ട കരാർ റദ്ദാക്കി കേരളത്തിൽ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ നിലവിലെ ഡാം ഡീ കമ്മീഷൻ ചെയ്യുവാനുള്ള അടിയന്തിര ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി ശ്രീകുമാർ, പി. ആർ. ഒ ഷിബു കെ.തമ്പി എന്നിവർ ആവശ്യപ്പെട്ടു.
റിപ്പോർട്ടർ .
സാജു തറനിലം