
മമ്മൂട്ടിയെപ്പോലെയുള്ള ചില മനുഷ്യർ കാലത്തിന്റെ ഭാഗമാകുന്നുവെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു.
ചിലർ കാലത്തെ തന്നെ അടയാളപ്പെടുത്തുന്നു.
മമ്മൂട്ടി...മലയാള സിനിമയുടെ അനിർവചനീയമായ അടയാളം.
ഇന്ന് പ്രിയപ്പെട്ട മമ്മൂക്കയുടെ പിറന്നാൾ.
വർഷങ്ങൾക്കപ്പുറവും ഓരോ കൂടിക്കാഴ്ചയിലും പുതുമയോടെ തോന്നുന്ന ഒരു സൗഹൃദം… ഓരോ സംഭാഷണത്തിലും അനുഭവപ്പെടുന്ന ഒരു ആത്മബന്ധം… മമ്മൂക്കയുമായുള്ള എന്റെ ബന്ധത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ പലപ്പോഴും അപര്യാപ്തമാണന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
തിരക്കേറിയ ജീവിതയാത്രയിൽ ഒരുമിച്ചിരുന്ന് സൗഹൃദം പങ്കിടാനുള്ള അവസരങ്ങൾ വിരളമാണെങ്കിലും, അദ്ദേഹത്തോടുള്ള ആദരവും ആഴമുള്ള വ്യക്തിബന്ധവും ഞാൻ എന്നും ഹൃദയത്തിൽ ചേർത്തുപിടിക്കുന്നുവെന്ന് ഗോകുലം ഗോപാലൻ എടുത്തുപറഞ്ഞു
അഭിനയത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട യാത്രയിൽ മമ്മൂട്ടി സൃഷ്ടിച്ച കഥാപാത്രങ്ങൾ വെറും കഥാപാത്രങ്ങളായിരുന്നില്ല, മലയാളിയുടെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളുടെയും മുഖങ്ങളായിരുന്നു. ഓരോ കഥാപാത്രത്തിലും അദ്ദേഹം പകർന്നാടിയത് ഒരു ജീവിതമായിരുന്നു. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി എന്ന നടൻ മലയാളിയുടെ മനസ്സിൽ ഒരു നടനെന്നതിലുപരി ഒരു വികാരമായി മാറിയെന്ന് ഗോകുലം ഗോപാലൻ ചൂണ്ടിക്കാട്ടി.
മമ്മൂക്കയോടൊപ്പം ഒരു ചരിത്രത്തെ തിരശ്ശീലയിൽ പുനർജനിപ്പിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ അനുഭവങ്ങളിൽ ഒന്നാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ചരിത്ര സിനിമകളിലൊന്നായി മാറിയ ‘പഴശ്ശിരാജാ’ എന്ന മഹത്തായ സൃഷ്ടിയിൽ മമ്മൂക്ക പകർന്നാടിയ കേരളവർമ്മ പഴശ്ശിരാജ, ഒരു കഥാപാത്രം മാത്രമായിരുന്നില്ല... അത് ചരിത്രത്തിന്റെ ഹൃദയത്തിൽ നിന്ന് ഉയർന്നുവന്ന ഒരു വീരഗാഥയായിരുന്നവെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു
ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും ഇന്നും മനസ്സിൽ അതേ തീവ്രതയോടെ നിലനിൽക്കുന്നു.
കലയിലും, കഥാപാത്രങ്ങളിലും, ആരാധകരുടെ ഹൃദയങ്ങളിലും അദ്ദേഹം എന്നും ചെറുപ്പമാവുകയാണ്...
മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നേർന്നു.
ഇനിയും ഒരുപാട് കഥാപാത്രങ്ങൾ… ഒരുപാട് അത്ഭുതങ്ങൾ… ഒരുപാട് മനോഹരമായ നിമിഷങ്ങൾ… അദ്ദേഹത്തിന്റെ ജീവിതയാത്രയിൽ പിറവിയെടുക്കട്ടെ
ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ദീർഘമായൊരു ജീവിതം ചെയർമാൻ ഗോകുലം ഗോപാലൻ ആശംസിച്ചു.