
അങ്കമാലി: മോർണിംഗ് സ്റ്റാർ കോളേജിൽ സെപ്റ്റംബർ 12നു നടന്ന വി ടി സ്മാരക പ്രഭാഷണം എം എൻ കാരശ്ശേരി ജീവസ്സുറ്റതാക്കി. പതിവ് പോലേ പ്രഭാഷണകലയെ നർമ്മകലയുടെ അവതരണം പോലേ വശ്യസുന്ദരമായി അദ്ദേഹം വരച്ചിടുകയായിരുന്നു.
സാമൂഹികപരിഷ്കർത്താവ് എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ച വി ടി യെ കാരശ്ശേരി തികഞ്ഞ മനുഷ്യസ്നേഹിയായി പരിചയപ്പെടുത്തി. ഗാന്ധിജിയെ ഏറെ ആരാധിച്ചിരുന്ന വി ടി യുടേ ഏറ്റവും വലിയ വ്യഥ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നിട്ടും ഗാന്ധിജിയെ നേരിൽ കണ്ടു നമസ്കരിക്കുവാൻ കഴിയാതെ പോയതാണ് എന്ന് കാരശ്ശേരി സർ പറയുമ്പോൾ ചില മനുഷ്യരുടെ സങ്കടങ്ങളുടെ തലം നമ്മുടെ ദുഃഖങ്ങൾക്ക് പിന്നിലുള്ള സ്വാർത്ഥതാല്പര്യങ്ങൾ ഓർക്കുവാൻ കാരണമായി.
എം ടി യ്ക്കു ആദ്യമായി അക്ഷരം പകർന്ന തീയ്യാടി പെൺകുട്ടിയും സ്വന്തം അച്ഛൻ മരിച്ചപ്പോൾ ഒറ്റയ്ക്ക് മറവു ചെയ്യേണ്ടി വന്ന എം ടി യുടേ മാനസികഅവസ്ഥയെയും കുറിച്ച് പറഞ്ഞു കൊണ്ടു ഒരു മനുഷ്യന് സാഹചര്യം ഒരുക്കി കൊടുക്കുന്ന മാനസിക പരിണാമത്തെ ശ്രോതാക്കളുടെ ചിന്താധാരയ്ക്ക് എം എൻ വിട്ടു കൊടുക്കുകയായിരുന്നു.
കൃത്യമായ ഇടവേളകളിൽ വേദിയിൽ ഇരിക്കുന്നവരോട് പൊട്ടിച്ചിരിച്ചു സംവദിച്ചു കൊണ്ട് തന്നേ സാമൂഹിക അനീതികളെ കുറിച്ച് കറുത്ത ഹാസ്യം അവതരിപ്പിച്ചു ശ്രോതാക്കളെ ചിരിക്കണോ കരയണോ എന്ന മാനസിക അവസ്ഥയിൽ എത്തിച്ചു എന്ന് പറയട്ടെ.
"അടുക്കളയിൽ നിന്നു അരങ്ങത്തേയ്ക്ക് " എന്ന നാടകരചന കൊണ്ടു എം ടി ഏതു അളവ് വരെ സ്ത്രീശാക്തീകരണത്തിനു ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു എന്ന് എം.എൻ വ്യക്തമാക്കുകയുണ്ടായി.
സാമൂഹിക ഉച്ച നീചത്തങ്ങൾ ഹിന്ദു മുസ്ലീം ക്രിസ്ത്യൻ സ്ത്രീകൾ വിദ്യാഭ്യാസസാമൂഹിക രംഗത്ത് അനുഭവിക്കുന്നതിനെ കുറിച്ചു സംസാരിക്കുമ്പോൾ മറച്ചു പിടിച്ചിട്ടും വളരെ വികാരഭരതനായി എം എൻ കാണപ്പെട്ടു. താൻ പറഞ്ഞത് ശ്രോതാക്കൾക്ക് വ്യക്തമാകുവാൻ മേരി റോയ് ക്രിസ്ത്യൻ സ്ത്രീകൾക്ക് കുടുംബസ്വത്തിൽ അവകാശം നേടുവാൻ നടത്തിയ പോരാട്ടം പരാമർശിക്കുകയുണ്ടായി. "സതി"യുടെ പിന്നിലെ ചതി യേ കുറച്ചു അദ്ദേഹം പറഞ്ഞ വാക്കുകൾ തികച്ചും സത്യമാണ്. സാമ്പത്തിക ലാഭം ഒന്നിന് വേണ്ടിയാണു സതിയെ പ്രോത്സാഹിപ്പിച്ചത് എന്നത് പകൽ പോലേ വ്യക്തം.
വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ "പേറ്റു യന്ത്രമാണോ സ്ത്രീ?" എന്ന വാചകം അദ്ദേഹം ആവർത്തിക്കുമ്പോൾ കേട്ടിരുന്നവരുടെ മനസ്സിൽ അനേകം മുസ്ലീം സ്ത്രീകളുടെ മുഖം കടന്നു പോയിട്ടുണ്ടാകണം.
2015 ൽ ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ ട്രാൻസ്‌ജെൻഡർ പോളിസി യെ അഭിമാനത്തോടെ ഓർത്തു എടുത്ത അദ്ദേഹം ചോദിച്ച ചോദ്യങ്ങൾ പരിഷ്കൃത സമൂഹത്തിനെ ചിന്തിപ്പിക്കുക തന്നേ ചെയ്യും.
തുല്യ നീതി പേപ്പറിൽ വന്നിട്ടും ഒരു എം എൽ എ യോ ഒരു മെമ്പർ പോലുമോ ട്രാൻസ്‌ജെണ്ടർ വിഭാഗത്തിൽ നിന്നു കേരളത്തിൽ നാളിത് വരെ ഉണ്ടായോ? എന്നാണ് അദ്ദേഹം സദസ്യരോട് ഉറക്കെ ചോദിച്ചത്.
ബഹുഭാര്യസമ്പ്രദായം ഒരു പ്രേത്യേക മതവിഭാഗത്തിലെ സ്ത്രീകളുടെ കാര്യമായി കാണാതെ മാനുഷിക പ്രശ്നമായി കാണുന്ന നീതിബോധത്തിലേയ്ക്ക് അദ്ദേഹം കേൾവിക്കാരെ ക്ഷണിച്ചു കൊണ്ടിരുന്നു.
നവോത്ഥാനം രാഷ്ട്രീയ സാംസ്കാരിക സാഹിത്യ ഇടപെടലുകൾ എല്ലാം തന്നെ ജാതി അടിസ്ഥാനമാക്കിയോ സ്ത്രീകൾക്ക് എതിരായോ ഉള്ള അക്രമങ്ങൾ തടയാൻ വേണ്ടി ഉള്ളതാണെന്ന് അദ്ദേഹം ഉപസംഹരിച്ചു. ഭൂതകാലം മാത്രമല്ല വർത്തമാനകാലവും ഭാവിയും നമ്മൾ നോക്കി കാണേണ്ടവരാണ് എന്ന മുന്നറിയിപ്പോടെ അദ്ദേഹം ഹാസ്യത്തിന്റെ സകലസീമകളും സ്പർശിച്ച വി ടി അനുസ്മരണപ്രഭാഷണം അവസാനിപ്പിച്ചു ഇരിപ്പിടത്തിലേക്ക് മടങ്ങി.
റിപ്പോർട്ടർ: ശ്രീരഞ്ജിനി