Mission News
Mission News
Saturday, 19 Sep 2026 18:00 pm
Mission News

Mission News

 ആലുവ: നൂറ്റാണ്ടിന്റെ തിളക്കത്തിൽ ക്രൈസ്തവ മഹിളാലയം; ശതാബ്ദി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26-ന് തുടക്കം
​ചരിത്രപ്രധാനമായ ചടങ്ങ് മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
​ഡിജിറ്റൽ ലൈബ്രറിയും ‘നൂറുവർഷം നൂറു വൃക്ഷം’ പദ്ധതിയും നാടണയുന്നു
​ സ്ത്രീ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ തോട്ടുമുഖം ക്രൈസ്തവ മഹിളാലയം ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് (ശതാബ്ദി) പ്രൗഢഗംഭീരമായ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 26-ാം തീയതി കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിക്കും.
​1927 മെയ് 18-ന് ആലുവയിൽ ചർച്ച് മിഷനറി സൊസൈറ്റി ബംഗ്ലാവിൽ വെച്ച് വെറും 21 പെൺകുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയം, കേരളത്തിന്റെ സ്ത്രീ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായാണ് അടയാളപ്പെടുത്തുന്നത്. പിന്നീട് തോട്ടുമുഖത്തെ 30 ഏക്കറോളം വരുന്ന പ്രകൃതിമനോഹരമായ കാമ്പസിലേക്ക് മാറിയ സ്ഥാപനം, തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി.
​പ്രധാന ചടങ്ങുകൾ:
​സെപ്റ്റംബർ 26-ന് രാവിലെ 10 മണിക്ക് മഹിളാലയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെ 100 പേർ പങ്കെടുക്കുന്ന ഗാനശുശ്രൂഷയും സ്തോത്ര പ്രാർത്ഥനയും നടക്കും. അന്നേദിവസം സ്കൂളിൽ പുതുതായി സജ്ജമാക്കിയ ഡിജിറ്റൽ ലൈബ്രറിയുടെയും, ശതാബ്ദിയുടെ ഭാഗമായ “നൂറുവർഷം നൂറു വൃക്ഷം” പദ്ധതിയുടെയും ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
​ചടങ്ങിന് മുന്നോടിയായി സെപ്റ്റംബർ 24-ന് ഫ്ലാഷ് മോബ്, ടാംബോ എന്നിവ ഉൾപ്പെടുത്തി വിളംബരജാഥയും സംഘടിപ്പിക്കുന്നുണ്ട്.
​ചരിത്രവും അതിജീവനവും:
​ഉത്തര തിരുവിതാംകൂറിൽ പെൺകുട്ടികൾക്കായി പ്രത്യേക സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലത്താണ് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നുള്ള ഇ.ടി. സ്റ്റീവൻസ് പ്രഥമ പ്രിൻസിപ്പലായി ഈ വിദ്യാലയം പിറവികൊള്ളുന്നത്. പിന്നീട് സ്കോട്ട്ലന്റിൽ നിന്നുള്ള മിസ്സ്. ഹെസ്റ്റർ സ്മിത്ത് ഉൾപ്പെടെയുള്ളവരുടെ നിസ്വാർത്ഥ സേവനങ്ങൾ സ്ഥാപനത്തിന് കരുത്തായി.
​അൻപതുകളുടെ ഒടുവിൽ അൺഎയ്ഡഡ് രീതിയിലേക്ക് മാറിയതിനെത്തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ, സ്കൂളിലെ അധ്യാപികമാരും മറ്റ് വനിതകളും ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഈ വിദ്യാലയത്തെ കൈപിടിച്ചുയർത്തിയത്. ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ പബ്ലിക് സ്കൂൾ വിഭാഗങ്ങളിലായി 1600-ൽ പരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
​വിപുലമായ പദ്ധതികൾ:
​ശതാബ്ദി വർഷത്തോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി സംഗമം, മാരത്തോൺ, ക്വിസ് മത്സരങ്ങൾ, കരോൾ മത്സരം, മെഡിക്കൽ ക്യാമ്പുകൾ, പരിശീലന ക്ലാസുകൾ, സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രൊജക്റ്റുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റും ആഘോഷ കമ്മിറ്റിയും അറിയിച്ചു.
​ചടങ്ങിന് ചെയർമാൻ ശ്രീ. ജോൺ മീനു മാത്യു, ജനറൽ കൺവീനറും സെക്രട്ടറിയുമായ ശ്രീമതി. മേരി ജേക്കബ്, ട്രഷറർ പ്രൊഫ. ഡോ. ഫിലിപ്പ് ചെറിയാൻ, ഡയറക്ടർ ശ്രീ. സി. എസ്. ജോണി, പ്രിൻസിപ്പൽമാരായ ശ്രീമതി. സുസൻ ജോർജ്, ശ്രീമതി. കാതറിൻ തോമസ് എന്നിവർ നേതൃത്വം നൽകുന്നു.