Mission News
Mission News
Monday, 26 Oct 2026 18:00 pm
Mission News

Mission News

 

 തൃശ്ശൂര്‍: മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വേളയില്‍ അദ്ദേഹത്തിന് ഉചിതമായ ആദരമര്‍പ്പിച്ചു കൊണ്ട് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കേരളത്തിലെ പൗരപ്രമുഖരും സാംസ്‌കാരിക സംഘടനകളും അടങ്ങുന്ന സംഘാടകസമിതി തയ്യാറെടുക്കുന്നു. അക്കിത്തത്തിന് നൂറ് വയസ്സ് തികയുന്ന 2027 മാര്‍ച്ച് 18ന് മുമ്പ് സമാപിക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്ത തലത്തില്‍ വ്യത്യസ്ത സ്വഭാവത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീ്ണ്ടു നില്‍ക്കുന്ന കാലയളവില്‍ അഞ്ച് പര്‍വ്വങ്ങളായി തിരിച്ച് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അക്കിത്തം കാവ്യ ദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് കവിതാരചന നടത്താവുന്ന രചനാപര്‍വ്വം, ജില്ലാകേന്ദ്രങ്ങള്‍ തോറും കാവ്യസദസ്സുകള്‍, സെമിനാറുകള്‍, അക്കിത്തം സ്മൃതി പ്രഭാഷണങ്ങള്‍, സംഗീതനാടകാവതരണം ഉള്‍പ്പെടെ ആസ്വാദനപര്‍വ്വം, സര്‍വ്വകലാശാലാ കേന്ദ്രങ്ങള്‍ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന വൈചാരിക പരിപാടികളടങ്ങുന്ന വിചാരപര്‍വ്വം, അക്കിത്തം കവിതകളിലെ ദാര്‍ശനിക സ്വഭാവം ചര്‍ച്ച ചെയ്യപ്പെടുന്ന ശ്രുതിപര്‍വ്വം, സമാപനത്തില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി കേന്ദ്രമാക്കി മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ജ്ഞാനപര്‍വ്വം ഇവയാണ് പരിപാടികള്‍. കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് പതിനായിരത്തിഒന്ന് രൂപ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവും നല്‍കുന്നു. ഏഴായിരം, അയ്യായിരം രൂപ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്  നല്‍കും. വിദ്യാര്‍ത്ഥി വിഭാഗത്തിന് 'ഇരുപത്തിഒന്നാം നൂറ്റാണ്ടണ്ടിന്റെ ഇതിഹാസ'വും പൊതുജനങ്ങള്‍ക്ക് 'ഭാരതീയ പൈതൃക'വും കവിതാരചനാ വിഷയമായിരിക്കും. കവിതകള്‍ ഡിസം. 15ന് മുമ്പ് 'അച്യുതം' അക്കിത്തം ജന്മശതാബ്ദി ആഘോഷസമിതി, തെക്കേമഠം പഴയ നടക്കാവ്, തൃശ്ശൂര്‍-680 001 എന്ന വിലാസത്തില്‍ അയക്കണം. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം രചനകള്‍ അയക്കണം. അക്കിത്തം കവിതകളുടെ ആശയം മൂന്നുമിനിട്ടു ദൈര്‍ഘ്യമുള്ള റീല്‍സുകളാക്കി സംഘാടകസമിതിയുടെ വാട്ട്സ്ആപ്പിലേക്കോ ഇമെയില്‍ വഴിയോ അയക്കാവുന്നതാണ്. മികച്ച റീലുകള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.(ഇമെയില്‍:മസസശവേമാഷമിാമവെമവേമയമറവശ@ഴാമശഹ.രീാ, 9605525107) തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി, കേരള കലാ മണ്ഡലം, ആകാശവാണി, ഇടശ്ശേരി, വൈലോപ്പിള്ളി സ്മാരക സമിതികള്‍, ദേവസ്വങ്ങള്‍, നിരവധി പ്രസാധകര്‍ ബാലഗോകുലം, തപസ്യ, വിചാരകേന്ദ്രം, യോഗക്ഷേമസഭ, ബ്രഹ്‌മസ്വമഠം, തെക്കേമഠം, കടവല്ലൂര്‍ അന്യോന്യപരിഷത്ത് തുടങ്ങി മുപ്പതില്‍പ്പരം സന്നദ്ധ സാംസ്‌കാരിക സംഘടനകളുടെ സഹകരണവും നേതൃത്വവും ഉറപ്പിക്കുന്ന അച്യുതം ആഘോഷ സമിതിയുടെ ചെയര്‍മാന്‍ സി. രാധാകൃഷ്ണനും വര്‍ക്കിങ്ങ് ചെയര്‍മാന്‍ എം.പി സുരേന്ദ്രനുമാണ്. വടക്കുമ്പാട്ട് നാരായണന്‍ ജനറല്‍ കണ്‍വീനര്‍, എന്‍. ഹരീന്ദ്രന്‍ ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ടി.എസ് നീലാംബരന്‍ കണ്‍വീനറും വി.എന്‍ ഹരി ട്രഷററുമാണ്. വിദ്യാഭ്യാസ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള ഇരുനൂറോളം പേരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പത്രസമ്മേളനത്തില്‍  എം.പി സുരേന്ദ്രന്‍  വടക്കുമ്പാട്ട് നാരായണന്‍,  എന്‍. ഹരീന്ദ്രന്‍, ടി.എസ് നീലാംബരന്‍,  ശശി കളരിയേല്‍ എന്നിവര്‍ പങ്കെടുത്തു.