
കൊച്ചി: വേൾഡ് ഓഫ് വിസിലേഴ്‌സും (World of Whistlers - WOW) കൊച്ചി ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച 'വിസിൽ കേരളീയം 2026' മഹാസംഗമത്തിൽ 130-ലധികം മലയാളി വിസിൽ കലാകാരന്മാർ അണിനിരന്ന് രണ്ട് പ്രമുഖ ദേശീയ റെക്കോർഡുകൾ സ്വന്തമാക്കി. ചുണ്ടുകൾ, നാവ്, പല്ലുകൾ എന്നിവ ഉപയോഗിച്ച് സ്വാഭാവികമായി വിസിൽ സംഗീതം സൃഷ്ടിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.
യൂണിവേഴ്സൽ റെക്കോർഡ് ബുക്ക് (Universal Record Book - URB), ടാലന്റ് റെക്കോർഡ് ബുക്ക് (Talent Record Book - TRB) എന്നീ പ്രമുഖ രണ്ട് ദേശീയ റെക്കോർഡുകളാണ് 'വിസിൽ കേരളീയം 2026' എന്ന പരിപാടിയിലൂടെ ഒരേസമയം സ്ഥാപിക്കപ്പെട്ടത്.
കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് CMI-യുടെ സാന്നിധ്യത്തിൽ ദേശീയ റെക്കോർഡ് അധികൃതർ (Adjudicators) ഔദ്യോഗിക റെക്കോർഡ് പ്രഖ്യാപനം നിർവ്വഹിച്ചു.
യൂണിവേഴ്സൽ റെക്കോർഡ് ബുക്ക് (URB) ഒഫീഷ്യൽ അഡ്ജുഡിക്കേറ്റർ ഗിന്നസ് സുനിൽ ജോസഫ്, ടാലന്റ് റെക്കോർഡ് ബുക്ക് (TRB) ഒഫീഷ്യൽ അഡ്ജുഡിക്കേറ്റർ ഗിന്നസ് സത്താർ ആധൂർ എന്നിവരിൽ നിന്നും വേൾഡ് ഓഫ് വിസിലേഴ്‌സ് (WOW) പ്രസിഡന്റ് ശ്രീമതി ജ്യോതി ആർ. കമ്മത്ത്, സെക്രട്ടറി ശ്രീ. ബിജോയ് എം. കെ. എന്നിവർ ചേർന്ന് ദേശീയ റെക്കോർഡ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വിസിലിംഗ് എന്ന അപൂർവ്വ കലാരുപത്തെ കേരളോത്സവത്തിലും സ്കൂൾ, കോളേജ് യുവജനോത്സവങ്ങളിലും ഒരു മത്സര ഇനമായി ഉൾപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് റെക്കോർഡ് അഡ്ജുഡിക്കേറ്റർമാർ ഉറപ്പുനൽകി. കൂടാതെ വിസിലിംഗിന് സംഗീത നാടക അക്കാദമിയുടെ ഔദ്യോഗിക അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു തരുമെന്നും അവർ ചടങ്ങിൽ വാഗ്ദാനം ചെയ്തു.
കൂട്ടായ വിസിൽ സംഗീത അവതരണത്തിന് (Collective Performance) ശേഷം നടന്ന ചടങ്ങിൽ കലാകാരന്മാർ കരോക്കെയുടെ (Karaoke) അകമ്പടിയോടെ അവതരിപ്പിച്ച "വിസിൽ വിസ്മയ സന്ധ്യ" കാണികളുടെ വലിയ പ്രശംസ പിടിച്ചുപറ്റി. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മനോഹാരിത വിസിൽ സംഗീതത്തിലൂടെ ആഗോളതലത്തിൽ എത്തിക്കാൻ ഈ നേട്ടം വലിയ വഴികാട്ടിയാകുമെന്ന് സംഘാടകർ അറിയിച്ചു.