Mission News
Mission News
Wednesday, 25 Nov 2026 18:00 pm
Mission News

Mission News

നെടുമ്പാശ്ശേരി: നെടുമ്പാശേരിയിൽ പോലീസിൻ്റെ വൻ മയക്കുമരുന്ന് വേട്ട, രണ്ടര കിലോ ചരസുമായി യുവാവ് പോലീസ് പിടിയിൽ. കാസർഗോഡ് നീലീശ്വരം ചിറപ്പുറത്ത്‌ വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീൻ (25)-നെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും, നെടുമ്പാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. അഞ്ച് കോടിയോളം രൂപ വിലവരും പിടികൂടിയ മയക്ക് മരുന്നിന്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഡൽഹിയിൽ നിന്നാണ് ചരസ് വാങ്ങിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. അവിടെനിന്ന് മംഗലാപുരം വരെ വിമാനത്തിലാണ് യാത്ര ചെയ്തത്. തുടർന്ന് ട്രെയിനിൽ തൃശ്ശൂരിൽ ഇറങ്ങി. അവിടെ നിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരിയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തു. കൊച്ചി സിറ്റിയിലേക്ക് മയക്കുമരുന്ന് കൊണ്ടുപോകാൻ ആയിരുന്നു ഇയാളുടെ പദ്ധതി. ചെറിയ പാക്കറ്റുകൾ ആക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ്സ് കണ്ടെത്തിയത്. കഞ്ചാവിന്റെ തളിരില കൊണ്ട് നിർമിച്ച അത്യധികം അപകടകാരിയായ ചരസാണ് നെടുമ്പാശ്ശേരിയിൽ പിടികൂടിയത്. ഇതിനുമുമ്പും മുഹമ്മദ് സിറാജുദ്ദീൻ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി ബിനുകുമാർ, ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസ്, സബ് ഇൻസ്പെക്ടർ മാരായ ടി എസ് അഭിജിത്, എ.സി ബിജു, കെ.പി വിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.