Mission News
Mission News
Wednesday, 24 Aug 2022 18:00 pm
Mission News

Mission News

ന്യൂഡല്‍ഹി: പണം തട്ടിപ്പു നിരോധന നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി.ഉത്തരവിലെ രണ്ടു കാര്യങ്ങളില്‍ പുനപ്പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയിലാണ് നടപടി.

വിധിയിലെ രണ്ടു കാര്യങ്ങളിൽ പുനപ്പരിശോധന വേണമെന്നു കരുതുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിക്ക് കേസ് വിവര റിപ്പോര്‍ട്ട് (ഇസിഐആര്‍) നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് ഒന്ന്. കേസ് തെളിയും വരെ കുറ്റക്കാരനല്ലെന്നു കണക്കാക്കുന്ന, നീതിസങ്കല്‍പ്പത്തിനു വിരുദ്ധമായ ഭാഗമാണ് രണ്ടാമത്തേത്.

കള്ളപ്പണം തടയേണ്ടതാണെന്ന കാര്യത്തില്‍ കോടതിക്കു സംശയമൊന്നുമില്ലെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. രാജ്യത്തിന് ഇത്തരം കുറ്റകൃത്യങ്ങളെ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ നിയമത്തിന്റെ ഉദ്ദേശ്യം സാധൂകരിക്കാവുന്നതാണ്- ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സിടി രവികുമാറും അടങ്ങിയ ബെഞ്ച് പറഞ്ഞു.

പുനപ്പരിശോധനാ ഹര്‍ജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വിധിയില്‍ ഗുരുതരമായ വസ്തുതാ പിഴവ് ഉണ്ടെങ്കില്‍ മാത്രമേ പുനപ്പരിശോധന നടത്താവൂ എന്ന് തുഷാര്‍ മേത്ത വാദിച്ചു.