Mission News
Mission News
Saturday, 18 Feb 2023 18:00 pm
Mission News

Mission News

നിയമപോരാട്ടത്തിനൊടുവിൽ ദേവനന്ദയുടെ സ്‌നേഹത്തിന് മുന്നിൽ കോടതിയും വഴിമാറിയതോടെ അച്ഛന് മകൾ കരൾ പകുത്തു നൽകി. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായിരിക്കുകയാണ് 17കാരിയായ ദേവനന്ദ. ആലുവ രാജഗീരി ആശുപത്രിയിൽ വച്ചാണ് ശസ്‌ത്രക്രിയ നടന്നത്. ദേവനന്ദയുടെ മുഴുവൻ ചികിത്സ ചെലവും ആശുപത്രിയാണ് വഹിച്ചത്. തൃശൂരിൽ കോഫി ഷോപ്പ് നടത്തിയിരുന്ന കോലഴി സ്വദേശിയായ പി ജി പ്രതീഷിന് കരളിൽ കാൻസർ പിടിപെട്ടിരുന്നു. കരൾ മാറ്റിവെക്കുകയല്ലാതെ മറ്റ് മാർ​ഗമില്ല. കരൾ ദാതാവിനെ തേടിയെങ്കിലും കിട്ടാതായതോടെ കരൾ നൽകാൻ മകൾ ദേവനന്ദ തയ്യാറാവുകയായിരുന്നു. 

എന്നാൽ അവയവദാനത്തിന് 18 വയസ് പൂർത്തിയാകണമെന്ന വ്യവസ്ഥയുള്ളതിനാൽ നടപടി തടസപ്പെട്ടു. നിയമത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേവനന്ദ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിതാവ് ​ഗുരുതരാവസ്ഥയിലാണെന്നും ഇനിയും കാത്തിരുന്നാൽ ജീവൻ അപകടത്തിലാകുമെന്നും ദേവനന്ദ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേവനന്ദയുടെ തീരുമാനത്തെ അഭിനന്ദിച്ച കോടതി ഇതുപോലുള്ള കുട്ടികൾ ഉണ്ടാകുന്നത് മാതാപിതാക്കളുടെ ഭാ​ഗ്യമാണെന്നും പറഞ്ഞു. 

ഒരാഴ്‌ച്ചത്തെ ആശുപ്ത്രി ചികിത്സയ്‌ക്ക് ശേഷം ദേവനന്ദ സുഖം പ്രാപിച്ച് വരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂളിലെ വിദ്യാർഥിനിയാണ് ദേവനന്ദ. പിന്നാലെ ആരോ​ഗ്യ മന്ത്രി വീണ ജോർജും ദേവനന്ദയെ അഭിനന്ദിച്ച് രം​ഗത്തെത്തി. ഈ ചെറിയ പ്രായത്തിൽ കരൾ മാറ്റിവെക്കാനുള്ള ദേവനന്ദയുടെ തീരുമാനം ശക്തമായ പിതൃസ്നേഹവും ദൃഢനിശ്ചയവുമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു