ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ പെണ്ണാട് വിതരണം നടത്തി.
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ 2023- 24 ജനകീയ ആസൂത്രണ പദ്ധതി വഴി മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന പെണ്ണാട് വിതരണം പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ. സി. ഉഷാകുമാരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സി മാർട്ടിൻ, വാർഡ് മെമ്പർമാരായ സിപി മുഹമ്മദ്, കെ. പി. അനൂപ്, പി കെ ബിജു, ഡാർലി ജീമോൻ, സിമി ജിജോ, സീനിയർ വെറ്റിനറി സർജൻ ജെയ്സൺ ജോർജ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ രമ്യ എം. ആർ. എന്നിവർ സംസാരിച്ചു. പദ്ധതി മുഖേന എൺപതോളം പെണ്ണാടുകളെയാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിന് 75% സബ്സിഡിയും ജനറൽ വിഭാഗത്തിന് 50% സബ്സിഡി നിരക്കിലുമാണ് ഗുണഭോക്താക്കൾക്ക് ആടുകളെ ലഭ്യമാക്കുന്നത്. വിവിധ പ്രതിരോധ കുത്തിവെപ്പുകൾ നൽകിയ മികച്ചയിനം ആടുകളെയാണ് പദ്ധതി വഴി വിതരണം ചെയ്തിരിക്കുന്നത്. പദ്ധതി മുഖേന വീട്ടമ്മമാർക്ക് സാമ്പത്തിക പുരോഗതിയും ഗുണമേന്മയുള്ള ആട്ടിൻ പാലിന്റെ ലഭ്യതയും ഉറപ്പാക്കുന്നു. പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയുടെയും ക്ഷീരകർഷക മേഖലയുടെയും പുരോഗതി ലക്ഷ്യമിട്ട് ഏകദേശം മുപ്പത്തിമൂന്നു ലക്ഷത്തോളം രൂപയാണ് മൃഗസംരക്ഷണ മേഖലയ്ക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.



