മാറ്റത്തിന് ഒരുങ്ങി സ്വകാര്യ ബസ് മേഖല


 
 ഓരോ ബസിന്റെയും സമയക്രമം മൊബൈൽ ആപ് വഴി ലഭിക്കും.

 അങ്കമാലി: അങ്കമാലി മേഖലയിലെ സ്വകാര്യ ബസ്സുകൾ കൂടുതൽ കാര്യക്ഷമമായി സർവീസ് നടത്തുന്നതിന്  വിപുലമായ പദ്ധതികളുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഇതിന്റെ  ആദ്യപടിയായി അപകടരഹിതമായും പരാതികൾക്കിട വരുത്താതെയും ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ   യാത്രക്കാർക്ക് സമയ ക്രമം  അറിയുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി അസോസിയേഷൻ പ്രസിഡന്റ്  ഏ.പി.ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ അറിയിച്ചു. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി പോലീസിന്റെ സഹകരണത്തോടെ പ്രധാന കവലകളിലും ബസ് സ്റ്റാന്റുകളിലും  സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകൾ വഴി ബസ്സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്താനും മത്സര ഓട്ടവും സമയ തർക്കങ്ങളും ഒഴിവാക്കാനും യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും കഴിയും വിധത്തിൽ സ്ഥാപിക്കും. ജീവനക്കാർ ഡ്യൂട്ടി യ്‌ക്ക്‌ടയിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ  ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനും  മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വിവിധ മേഖലകളായി  തിരിച്ച് ബോധവൽക്കരണ ക്ലാസുകളും സെമിനാറും സംഘടിപ്പിക്കും. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിനും കൃത്യമായി  യൂണിഫോം ധരിക്കുന്നതിനും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അസോസിയേഷൻ നേതൃത്വം നൽകും. യാത്രക്കാരുടെ സഹകരണത്തോടെ ഓരോ റൂട്ടിലെയും മികച്ച ജീവനക്കാരെ കണ്ടെത്തി അവർക്ക് അർഹമായ അംഗീകാരവും പാരിതോഷികവും നൽകും. മേഖലയിലെ വിവിധ റൂട്ടുകളിലേക്കുള്ള ബസ്സുകളുടെ സമയം കൃത്യമായി അറിയുന്നതിന് തയ്യാറാക്കിയ ബസ്സർ  എന്ന മൊബൈൽ ആപ്പിന് പ്രചാരം നൽകുകയും ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന് കാർഡ് വഴി ടിക്കറ്റ് ചാർജ് നൽകാവുന്ന ടിക്കറ്റ് മെഷീനും ബസ്സുകളിൽ നടപ്പിലാക്കും. യൂണിറ്റ് പ്രസിഡന്റ് ഏ.പി.ജിബിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി കെ. ബി സുനീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്  സെക്രട്ടറി ബി.ഒ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, നെൽസൺ മാത്യു, ജോളി തോമസ്, നവീൻ ജോൺ, ടി. എസ്. സിജുകുമാർ എന്നിവർ സംസാരിച്ചു.  താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഏ.പി.ജിബി - പ്രസിഡന്റ്, ബി.ഒ. ഡേവിസ് - സെക്രട്ടറി, വൈസ് പ്രസിഡന്റ്- ജിജോ ജോണി, ജോയിന്റ് സെക്രട്ടറി- നവീൻ ജോൺ, ഖജാൻജി ടി. എസ്. സിജുകുമാർ.


Comment As:

Comment (0)