അങ്കമാലിയിൽ ദേശീയ നേത്രദാന പക്ഷാചരണ പൊതുസമ്മേളനവും വാക്കത്തോണും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
അങ്കമാലി:
41-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് അങ്കമാലി നഗരസഭ,ഐ ബാങ്ക് അസോസിയേഷൻ കേരള, അങ്കമാലി താലൂക്ക് ആശുപത്രി,അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ നേത്രദാന ബോധവൽക്കരണ പൊതുസമ്മേളനവും വാക്കത്തോണും സംഘടിപ്പിച്ചു.
അങ്കമാലി താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ലിംസാർ (LIMSAR) കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ യൂത്ത് ഫ്ലാഷ് മോബ് അരങ്ങേറി. തുടർന്ന് നേത്രദാതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗസ്മരണ പുതുക്കിക്കൊണ്ട് സദസ്സ് ഒരു നിമിഷം നിശബ്ദ പ്രാർത്ഥന നടത്തി.
പൊതുസമ്മേളനത്തിൽ അങ്കമാലി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി റീത്താ പോൾ അധ്യക്ഷത വഹിക്കുകയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. എളംതട്ടിന് നേത്രദാന സമ്മതപത്രം കൈമാറിക്കൊണ്ട് നേത്രദാന ബോധവൽക്കരണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഐ ബാങ്ക് അസോസിയേഷൻ കേരള പ്രസിഡന്റും ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ഡയറക്ടറുമായ ഫാദർ ജേക്കബ് ജി. പാലക്കാപ്പിള്ളി പക്ഷാചരണ മുഖ്യപ്രഭാഷണം നടത്തി. ഐ ബാങ്ക് അസോസിയേഷൻ കേരള, ജനറൽ സെക്രട്ടറിയും ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടറുമായ ഫാദർ വർഗ്ഗീസ് പൊന്തേമ്പിള്ളി സ്വാഗതമാശംസിച്ചു. അങ്കമാലി താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ജെ. എളംതട്ട് സദസ്സിന് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അങ്കമാലി നഗരസഭാ വൈസ് ചെയർമാൻ ശ്രീ. വിൽസൺ മുണ്ടാടൻ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലക്സി ജോയ്, വാർഡ് കൗൺസിലർ ശ്രീ. കെ ഡി ജോയ്, ഐ ബാങ്ക് അസോസിയേഷൻ കേരള സീനിയർ മാനേജർ ശ്രീ.സിജോ ജോസ്, ഓപ്പറേഷൻസ് മാനേജർ ശ്രീ.ജയേഷ് സി പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൊതുസമ്മേളനത്തിന് ശേഷം താലൂക്ക് ആശുപത്രിയിൽ നിന്ന് ആരംഭിച്ച നേത്രദാന ബോധവൽക്കരണ വാക്കത്തോൺ അങ്കമാലി നഗരസഭാ വൈസ് ചെയർമാൻ ശ്രീ. വിൽസൺ മുണ്ടാടൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ലിറ്റിൽ ഫ്ളവർ നഴ്സിംഗ് സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഐ ബാങ്ക് വളണ്ടിയർമാർ, ഐ ബാങ്ക് ജീവനക്കാർ, ലിംസാർ കോളേജ് വിദ്യാർത്ഥികൾ, ആശാപ്രവർത്തകർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്ത വാക്കത്തോൺ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ അങ്കണത്തിൽ സമാപിച്ചു. കാഴ്ചയുടെ പ്രാധാന്യവും നേത്രദാന സന്ദേശവും വിളിച്ചോതുന്ന പ്ലക്കാർഡുകളും അനൗൺസ്‌മെന്റും വാക്കത്തോണിന് അകമ്പടിയായി.
അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഒപ്റ്റോമെട്രിസ്റ്റ് ശ്രീമതി. ജിഷ ജോസ്, ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ജയമോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബിനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ജോസഫ് ബിനു എന്നിവർ പരിപാടി സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകി



