അതിഥി തൊഴിലാളികളുടെ മരണനിരക്ക് ഉയരുന്നു.

 

നെടുമ്പാശ്ശേരി: കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മരണനിരക്ക് ഉയരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 25ഓളം അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളാണ് സ്വദേശങ്ങളിലേക്ക് കൊണ്ടുപോയത്. ഇതിൽ 15ഓളം മൃതദേഹങ്ങൾ പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  അതിഥി വെൽഫെയർ ഫോറം എന്ന എൻജിഒയുടെ നേതൃത്വത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.ശനിയാഴ്ച രാത്രിയിലെ വിവിധ വിമാനങ്ങളിലായി അഞ്ച് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളം വഴി സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.

അപകടമരണം, ആത്മഹത്യ, സാംക്രമിക രോഗങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാണ് മരണങ്ങൾക്ക് പിന്നിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവർ.കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന തൊഴിലാളിയുടെ അപ്രതീക്ഷിത മരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനൊപ്പം മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനുള്ള ചെലവും കുടുംബങ്ങൾക്ക് അധികബാധ്യതയാകുന്നു.

തൊഴിൽ ഉടമയുള്ള തൊഴിലാളിയാണെങ്കിൽ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ പകുതിയിലേറെ തൊഴിലാളികൾക്കും സ്ഥിരമായ തൊഴിൽ ഉടമകളില്ല. അതിനാൽ ഇത്തരം തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബങ്ങൾ സ്വന്തം നിലയിൽ പണം കണ്ടെത്തുകയോ, സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പിരിവെടുക്കുകയോ ചെയ്യേണ്ടിവരുന്നു.ഈ സാഹചര്യത്തിലാണ് അതിഥി വെൽഫെയർ ഫോറത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ കുറഞ്ഞ ചെലവിൽ സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള നടപടികൾ ഇവർ ഏകോപിപ്പിക്കും.തൊഴിലാളിയുടെ മരണവിവരം സംഘടനയെ അറിയിക്കുന്നതോടെ,വിവിധ സർക്കാർ വകുപ്പുകളുമായും ആശുപത്രികൾ,പോലീസ്,വിമാനത്താവളത്തിലെ കാർഗോ വിഭാഗം എന്നിവരുമായി ബന്ധപ്പെടുകയും പോലീസ് എൻ ഒ സി , എംബാമിങ്, കോഫിൻ തയ്യാറാക്കൽ, ആവശ്യമായ രേഖകൾ, വിമാന കാർഗോ ബുക്കിങ്ങ് ഉൾപ്പെടെ  മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മരണാനന്തര കാര്യങ്ങൾ സംഘടന ഏകോപിപ്പിക്കുന്നു.


മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിലും സംഘടനയുടെ ഇടപെടൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. മുൻപ് വിമാനം മാർഗ്ഗം മൃതദേഹം കൊണ്ടുപോകുന്നതിന് സ്വകാര്യ ഏജൻസികൾ 50,000 രൂപയോളമാണ് ഈടാക്കിയിരുന്നത്.ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുമ്പോൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരാറുണ്ട്.സംഘടന വഴി മൃതദേഹം കൊണ്ടുപോകുമ്പോൾ 25,000 രൂപയോളമാണ് ചിലവ് വരുന്നത്.വിമാനമാർഗം മൃതദേഹം അയക്കുന്നതിനുള്ള സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വഴിയാണ് മൃതദേഹങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 200ഓളം അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളാണ് അതിഥി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടാതെ,വാഹനാപകടങ്ങളിൽ മരിച്ച ഡ്രൈവർമാർ,അപകടത്തിൽ മരണപ്പെട്ട ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാരുടെ മൃതദേഹങ്ങളും എത്തിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.പശ്ചിമബംഗാൾ, ഒഡീഷ, അസം, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും മൃതദേഹങ്ങൾ കൊണ്ടുപോയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും സംഘടനയുടെ സേവനം വ്യാപിച്ചിട്ടുണ്ട്.

മരണത്തിന് ശേഷമുള്ള നടപടിക്രമങ്ങൾ കുടുംബങ്ങൾക്ക് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ആശുപത്രി, പോലീസ്, സർക്കാർ വകുപ്പുകൾ, വിമാനത്താവളം, കാർഗോ സംവിധാനങ്ങൾ തുടങ്ങി വിവിധ തലങ്ങളിൽ നടപടികൾ പൂർത്തിയാക്കേണ്ടിവരും. ഈ മുഴുവൻ പ്രക്രിയയിലും കുടുംബത്തോടൊപ്പം നിന്ന് ആവശ്യമായ കാര്യങ്ങൾ ഏകോപിപ്പിക്കുകയും മൃതദേഹം മാന്യമായി സ്വദേശത്ത് എത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയുമാണ് അതിഥി വെൽഫെയർ ഫോറം ചെയ്യുന്നത്.

   18% ജിഎസ്ടിയാണ് മൃതദേഹം കൊണ്ടു പോകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഈടാക്കുന്നത്.മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള ജി എസ് ടി ഒഴിവാക്കി കിട്ടിയാൽ വീണ്ടും ചിലവ് കുറയ്ക്കാൻ കഴിയുമെന്ന് സംഘടനയുടെ ഭാരവാഹികളായ ബാവാ ഹുസൈനും,ഷിഹാബ് പറേലിയും പറഞ്ഞു.ഒരാഴ്ചയ്ക്കിടെ 25ഓളം അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ കൊച്ചി വഴി സ്വദേശങ്ങളിലേക്ക് കൊണ്ടുപോയ സാഹചര്യം തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യസംരക്ഷണവും സംബന്ധിച്ച് ആശങ്ക ഉയർത്തുകയാണ്. അതേസമയം, മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അവസാന യാത്രയിലും താങ്ങായി നിൽക്കുന്ന സന്നദ്ധ ഇടപെടലിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു.മരണം സംഭവിച്ചാൽ സംഘടന ഭാരവാഹികളെ 9946703272 എന്ന നമ്പറിൽ ബന്ധപ്പെടാം.


Comment As:

Comment (0)