വി.ടി. സ്മാരക ട്രസ്റ്റ് വാർഷികവും അനുസ്മരണവും അവാർഡ് സമർപ്പണം 2026 | അങ്കമാലി മോണിങ്ങ് സ്റ്റാർ കോളേജിൽ കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും
അങ്കമാലി : കിടങ്ങൂർ
''ഇരുപതാംനൂറ്റാണ്ടില്‍ പുഷ്‌കലകണ്ഠനാളത്തില്‍ നിന്ന് പൊങ്ങിക്കേട്ട സമരകാഹളം എന്നെ ഞെട്ടിപ്പിച്ചു. ജന്മിത്വത്തിന്റെ പതുപ്പേറിയ പട്ടുകിടക്കയില്‍നിന്ന് ഞാന്‍ ചാടിയെഴുന്നേറ്റു. ബ്രാഹ്‌മണ്യത്തിന്റെ കരിമ്പട പുതപ്പുതട്ടിക്കളഞ്ഞ് പുറത്തുവന്നപ്പോള്‍ പരിവര്‍ത്തനത്തിന്റെ
പുലരിക്കാറ്റ് എന്നെ ഉന്മേഷിതചിത്തനാക്കി''. വി.ടി. പറഞ്ഞു.
വി.ടി. ഭട്ടതിരിപ്പാടിന്റെ സന്ദേശം ഇന്നും ഏറെ പ്രസക്തമാണ്. പുതുതലമുറയില്‍ ഈ സന്ദേശം എത്തിക്കാന്‍ വി.ടി. സ്മാരകട്രസ്റ്റ് അശ്രാന്തപരിശ്രമം നടത്തുകയാണ്. 1989-90 ല്‍ രൂപം കൊണ്ട വി. ടി. സ്മാരക ട്രസ്റ്റ് മറ്റുസമാന പ്രസ്ഥാനങ്ങളുമായി ചേര്‍ന്നും സ്വന്തമായും നിരവധി ക്ലാസ്സുകളും, ക്യാമ്പുകളും അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് പോലുള്ള നിരവധി നാടകരൂപങ്ങളും ചര്‍ച്ചാ ക്ലാസ്സുകളും വഴി ഈ സന്ദേശം എത്തിക്കുവാന്‍ പരിശ്രമിക്കുകയാണ്.
നവഎഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ഷംതോറും അവാര്‍ഡും പ്രശംസാപത്രവും മൊമെന്റോയും നല്‍കിവരുന്നു.
ഈ വര്‍ഷത്തെ വാര്‍ഷികസമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും വി.ടി. അനുസ്മരണ പ്രഭാഷണവും 2026 സെപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് അങ്കമാലി മോണിംഗ്സ്റ്റാര്‍ കോളേജില്‍ വച്ച് നടക്കുന്നു. വാര്‍ഷിക സമ്മേളനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്‍ നിര്‍വ്വഹിക്കുന്നു.
വി. ടി. ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുട്ടികള്‍ക്കുള്ള (കെ.പി. നാരായണന്‍ ഭട്ടതിരിപ്പാട്, പ്രിയദത്ത അന്തര്‍ജ്ജനം) എന്റോവ്‌മെന്റ് ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോണ്‍ നല്‍കും. യോഗത്തില്‍ മുഖ്യാതിഥിയായി ചാലക്കുടി എം.പി. ശ്രീ. ബെന്നി ബെഹനാന്‍ പങ്കെടുക്കും. വി.ടി. അനുസ്മണ പ്രഭാഷണം പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ശ്രീ. എം. എന്‍. കാരശ്ശേരി നിര്‍വ്വഹിക്കും.
വി.ടി. അവാര്‍ഡ് ശ്രീ. പി. വി. ഷാജി കുമാറിന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. എം. തോമസ് മാത്യു നല്‍കും. ''മരണവംശം'' എന്ന നോവലിനാണ് ഷാജികുമാറിന് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് ജേതാവിനെ അനുമോദിച്ചുകൊണ്ട് ആലുവ എം.എല്‍.എ. ശ്രീ. അന്‍വര്‍ സാദത്ത് സംസാരിക്കും. ട്രസ്റ്റിന്റെ മുന്‍കാല പ്രവര്‍ത്തകരെ അനുസ്മരിച്ചുകൊണ്ട് പ്രൊഫ. സുനന്ദ മുകുന്ദന്‍ സംസാരിക്കും. അവാര്‍ഡ്കൃതി പരിചയപ്പെടുത്തികൊണ്ട് സംസ്‌കൃതസര്‍വ്വകലാശാലയിലെ മുന്‍ അധ്യാപിക പ്രൊഫ. ലിസ്സി മാത്യു സംസാരിക്കും.
തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി റീത്തപോള്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി ജോര്‍ജ്ജ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൊച്ചുത്രേസ്യ തങ്കച്ചന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി എം. പി. മാര്‍ട്ടിന്‍, എ. പി. കുരിയന്‍ പഠനകേന്ദ്രം ചെയര്‍പേഴ്‌സണ്‍ കെ. പി. റെജീഷ്, മോണിംഗ്സ്റ്റാര്‍ കോളേജ് മാനേജര്‍ സിസ്റ്റര്‍ ആഷ്‌ലി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഷെമി ജോര്‍ജ്, വി.ടി. ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമൂലനഗരം മോഹന്‍, ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി. കെ. ഷാജി, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിപ്ത്യ ഭവശി എന്നിവര്‍ സംസാരിക്കും. അവാര്‍ഡ് ജേതാവ് പി. വി. ഷാജികുമാര്‍ സംസാരിക്കും. വി.ടി. ട്രസ്റ്റ് സെക്രട്ടറി ശ്രീ. കെ. എന്‍. വിഷ്ണുമാസ്റ്റര്‍ യോഗത്തിന് സ്വാഗതം ആശംസിക്കും. ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ.എം. സംഗമേശന്‍ കൃതജ്ഞത രേഖപ്പെടുത്തി സംസാരിക്കും.



