സൗന്ദര്യത്തിനായി പോയി മടങ്ങിയെത്തിയത് ചേതനയറ്റ ശരീരം

സൗന്ദര്യത്തിനായി പോയി… മടങ്ങിയെത്തിയത് ചേതനയറ്റ ശരീരം 

സൗന്ദര്യ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം; ചങ്ങനാശ്ശേരിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സൗന്ദര്യം കൂട്ടാനുള്ള ഒരു ചികിത്സ…
മനസ്സിൽ ഒരുപാട് പ്രതീക്ഷകളുമായി ആശുപത്രിയിലെത്തിയ ഒരു സാധാരണ ദിവസം…
പക്ഷേ, ആ ദിവസം ഒരു കുടുംബത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറി. 

ചങ്ങനാശ്ശേരി മാടപ്പള്ളി വെളിയാട്ടുമുണ്ടുകുഴി പുതുപ്പറമ്പിൽ സ്വദേശിനി വിദ്യ വി.ജി. (45) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. വീടിനോട് ചേർന്ന് ബ്യൂട്ടിപാർലർ നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന വിദ്യ, സെപ്റ്റംബർ 16-ന് തിരുവല്ല ഇടിഞ്ഞില്ലത്തുള്ള മെഡ് ലോഞ്ചസ് എന്ന സ്വകാര്യ വെൽനസ് ക്ലിനിക്കിൽ കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി എത്തിയതായിരുന്നു.

ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ വിദ്യയ്ക്ക് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ അന്നുതന്നെ ഉച്ചയോടെ മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ജീവൻ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം ദിവസങ്ങളോളം കാത്തിരുന്നു.
പക്ഷേ ആ പ്രതീക്ഷകൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രി വിദ്യ മരണത്തിന് കീഴടങ്ങി.

വിദ്യയുടെ മരണത്തിൽ ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണവുമായി ബന്ധുക്കൾ തിരുവല്ല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അനസ്തേഷ്യ നൽകുന്നതിലുണ്ടായ പാകപ്പിഴയും, ഹൃദയസ്തംഭനത്തെ തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിലുണ്ടായ കാലതാമസവും മരണത്തിന് കാരണമായെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു ചികിത്സാപ്പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ക്ലിനിക്ക് അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കിടെ അപ്രതീക്ഷിതമായി ഹൃദയസ്തംഭനം ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാകാൻ കാരണമെന്നാണ് അവരുടെ നിലപാട്.

ഇപ്പോൾ സത്യം കണ്ടെത്തേണ്ടത് അന്വേഷണമാണ്. തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

ഒരു ചികിത്സയ്ക്കായി വിശ്വാസത്തോടെ ആശുപത്രിയിലെത്തിയ വിദ്യ ഇനി ഒരിക്കലും വീട്ടിലേക്ക് മടങ്ങിവരില്ല.


Comment As:

Comment (0)