സബ് രജിസ്റ്റർ ഓഫീസ് പഴയ കെട്ടിടം സംരക്ഷിക്കണമെന്ന് വികസന സമിതി.

 

കാഞ്ഞൂർ : ശ്രീമൂലനഗരം സബ് രജിസ്റ്റർ ഓഫീസ് പഴയ കെട്ടിടം ചോർന്നൊലിച്ച് നാശത്തിന്റെ വക്കിലാണ്. പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശവും, പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശവും കാടുപിടിച്ച് കിടക്കുകയാണ്. നാലു പഞ്ചായത്തുകളുടെ ആശ്രയകേന്ദ്രമായ സബ് രജിസ്റ്റർ ഓഫീസ് സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും, പുരാതന കാലഘട്ടത്തിലെ ഏറ്റവും മികച്ച പഴയ സബ് രജിസ്റ്റർ ഓഫീസ് കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ല രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിനോട് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാടുകയറി കിടക്കുന്ന രജിസ്റ്റർ ഓഫീസ് പരിസരം ഡിപ്പാർട്ട്മെന്റിന്റെ അനുവാദത്തോടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ വൃത്തിയാക്കി ഫലവൃക്ഷതൈകൾ നടാനും, രജിസ്റ്റർ ഓഫീസിന്റെ അടിസ്ഥാന സൗകര്യത്തിന് ആവശ്യമായ സോളാർ പാനലുകൾ സ്ഥാപിക്കാനോ,  യുപിഎസ് സ്ഥാപിക്കാനോ പറ്റുന്ന തരത്തിലുള്ള എസ്റ്റിമേറ്റുകൾ അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. രജിസ്റ്റർ ഓഫീസ് കെട്ടിടം എന്ന് തിരിച്ചറിയാൻ കഴിയുന്ന നെയിം ബോർഡ് സ്ഥാപിക്കാനും,  ആയത് ആധാരം എഴുത്ത് അസോസിയേഷന്റെ ചുമതലയിൽ നടപ്പിലാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ പോൾ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഹല്യ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി പോളച്ചൻ, പഞ്ചായത്ത് അംഗം പി വി വിനോദ്, സബ് രജിസ്ട്രാർ മധു, ആധാരം എഴുത്ത് അസോസിയേഷൻ പ്രതിനിധി പി മോഹന ചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം പി ലോനപ്പൻ, സി വി ജോസ്, പി എച്ച് നൗഷാദ്, ജോയ് കാച്ചപ്പിള്ളി, ജോർജ് ഒണാട്ട്, പോൾ പെട്ട, ബാബു എന്നിവർ പങ്കെടുത്തു.


Comment As:

Comment (0)