ചാലക്കുടി പിടിക്കാൻ ട്വൻ്റി ട്വൻ്റി കളത്തിലിറക്കി അഡ്വ: ചാർളി പോളിനെ


അങ്കമാലി : സിഎല്‍സിയുടെ മുന്‍ സംസ്ഥാന പ്രവര്‍ത്തകനും മോട്ടിവേഷന്‍ ക്ലാസ്സുകളിലൂടെ യുവതയെ തൊട്ടറിയുന്ന അഡ്വ. ചാര്‍ളി പോളിനെ ചാലക്കുടി ലോകസഭ സ്ഥാനാര്‍ത്ഥിയായി ട്വന്റി ട്വന്റി അവതരിപ്പിക്കുമ്പോള്‍ ക്രൈസ്തവ സഭയുടെ ചങ്ങാത്തം ഗുണമായി ഭവിക്കുമോ? മണ്ഡലത്തിലെ പ്രബല സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ അതിന്റെ ഗുണം കിട്ടിയാല്‍ മത്സരം കടുപ്പിക്കാനാകും. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ സ്വീകാര്യതയില്ലെന്നത് വിജയത്തിന് പ്രസക്തിയേറുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ചാര്‍ളി പോളിന്റെ സ്ഥാനാര്‍ത്ഥം പ്രതീക്ഷിച്ച കാലമുണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാളയത്തിലെത്തുകയും മദ്യ നിരോധന സമിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് അത് വേണം ഇത് വേണമെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കേണ്ട അവസ്ഥയിലാണ് നിലവിലെ എംപിയുടെ അവസ്ഥ. മണ്ഡലത്തിന് വേണ്ടി കാര്യമായി ചെയ്യുവാന്‍ കഴിഞ്ഞില്ല എന്നതിന്റെ തെളിവായി ഇത് ഇലക്ഷന്‍ ചൂട് പിടിക്കുമ്പോള്‍ ഉയര്‍ന്നു വരും. മണ്ഡലത്തിന്റെ സാമുദായിക പരിഗണന പാലിക്കാതെ സംസ്ഥാന നേതാവിനെ തന്നെ കളത്തിലിറക്കുമ്പോള്‍ അത് പ്രബല സമുദായത്തിന്റെ അടക്കം എതിര്‍പ്പ് ഉണ്ടാകുവാനിടയുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അതിന്റെ ഗുണം കിട്ടുക ട്വന്റി ട്വന്റിക്കായിരിക്കും. ചാര്‍ളി പോള്‍ എന്ന നിലപാടുള്ള പൊതുപ്രവര്‍ത്തകന്റെ സ്വീകാര്യയെന്നത് ക്ലീന്‍ ഇമേജ് തന്നെയാണ്. ജയിക്കുമെന്നൊരു തോന്നല്‍ ഉണ്ടാക്കുവാനായാല്‍ രണ്ട് മുന്നണികളില്‍ നിന്നും അതിന്റെ ഗുണം കിട്ടുക ചാര്‍ളി പോളിനായിരിക്കും. പൊതുവേ മുഖ്യധാര രാഷട്രീയ പ്രവര്‍ത്തകരോടുള്ള എതിര്‍പ്പില്‍ നിന്നുമാണ് എഎപിയും ട്വന്റി ട്വന്റിയും ഉയര്‍ന്നു വന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ ചാര്‍ളി പോളിന്റെ സ്ഥാനാര്‍ത്ഥിത്വം വോട്ടായി മാറിയാല്‍ ഇക്കുറി ചാലക്കുടി മണ്ഡലത്തില്‍ അത്ഭുതം സംഭവിക്കാം.


Comment As:

Comment (0)