പാലിയത്ത് വലിയച്ചൻ വിട പറഞ്ഞു
പാലിയത്ത് വലിയച്ചൻ ആദരണീയനായ ശ്രീ.പി.രവിയച്ചൻ വിട പറഞ്ഞു. ഒരു മണിക്കൂർ മുമ്പായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിരുന്നു വിദ്യാഭ്യാസം. ചേന്ദമംഗലത്ത് താമസം വിരളമാണെങ്കിലും പഴയകാലത്തെ പാലിയത്തിന്റെ എല്ലാ വിവരങ്ങളും ലളിതമായും സരസമായും രവിയച്ചൻ പറയും. സംസ്കൃതം, മലയാളം ഇംഗ്ലിഷ്, ചരിത്രം, സ്പോർട്സ്, കല എന്നിവയിൽ പാണ്ഡിത്യമുള്ള ഇദ്ദേഹം ശാസ്ത്രവിഷയങ്ങളിലും നിയമത്തിലും ബിരുദം നേടി. ഭാഷയും കലാശാസ്ത്രവും ചരിത്രവും താൽപര്യമുള്ള വിഷയങ്ങളാണ്. ഇംഗ്ലിഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചിരുന്നു. ഗവേഷണ വിദ്യാർഥികൾക്ക് പ്രബന്ധങ്ങൾ തയാറാക്കുന്നതിനും വിദേശ വിദ്യാർഥികൾക്ക് ഭാരതീയ കലാപാരമ്പര്യത്തെക്കുറിച്ച് അറിവുകൾ പകരുന്നതിന് മാർഗനിർദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രതിഭയുള്ള ക്രിക്കറ്റർ കൂടിയായിരുന്നു പി. രവിയച്ചൻ. 1952 മുതൽ 1970 വരെ കേരളത്തിന് വേണ്ടി 55 രഞ്ജി മത്സരങ്ങൾ കളിച്ചു. 1107 റൺസും 125 വിക്കറ്റും നേടി. ടെന്നിസ്, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ബോൾ ബാഡ്മിന്റൺ തുടങ്ങി വിവിധ കായിക ഇനങ്ങളിലും നേട്ടങ്ങൾ കരസ്ഥമാക്കിയ രവിയച്ചൻ തൃപ്പൂണിത്തുറയുടെ സാംസ്കാരിക നായകനാണ്. തൃപ്പൂണിത്തുറ കഥകളി കേന്ദ്രം. പൂർണ്ണത്രയീശ സംഗീതസഭ, പൂർണ്ണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, RSS കൊച്ചിമഹാനഗർ ജില്ലാ സംഘ ചാലക്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ദീർഘകാലം ആനന്ദ് പ്രസിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്തു.



