മാലിന്യ മുക്ത ആനാട്ട് തോടിനായി ഉന്നതതല സംയുക്ത പരിശോധന


     അങ്കമാലി: അങ്കമാലി നഗരസഭയുടെ 10, 11 എന്നീ വാർഡുകളിലുടൊഴുകുന്ന ആനാട്ട് തോട് മാലിന്യമുക്തമാക്കുവാൻ അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി .വാർഡ് 10 കൗൺസിലർ ശ്രീ എ വി രഘു വിന്റെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ അധികൃതരും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലേയും ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലേയും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആനാട്ട്തോടിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിട്ട് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത് . തോടിൻ്റെ പരിസരപ്രദേശത്തുള്ള വ്യവസായ വ്യവസായേതര 
സ്ഥാപനങ്ങളിൽ നിന്നും ഫാമുകളിൽ നിന്നും അനധികൃതമായി രാസമാലിന്യങ്ങളും ശുചിമുറി  മാലിന്യങ്ങളുമുൾപ്പടെ പരിസ്ഥിതിക്ക് ദോഷകരമായ അനവധി മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി പരിശോധനയിൽ കണ്ടെത്തി. പ്രദേശവാസികൾ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചിരുന്ന  തോട്ടിലെ ജലം ഇപ്പോൾ പൂർണ്ണമായും മലിനപ്പെട്ടിരിക്കുകയാണെന്ന് പരിശോധനാ സംഘത്തിന് ബോധ്യപ്പെട്ടു. തോട്ടിലേക്ക് ജലം ഒഴുകിയെത്തിയിരുന്ന കൈത്തോടുകൾ പരിസരത്തുളള സ്ഥാപനങ്ങൾ മതിൽ കെട്ടി കൈക്കലാക്കി മലിനജലം ഒഴുക്കി വിടുന്നതിനുള്ള ചാലുകളാക്കി മാറ്റിയതായി പരിശോധനയിൽ തെളിഞ്ഞു. തോടിൻ്റെ ഇരുകരകളും അനധികൃതമായി കയ്യേറിയതായും പരിശോധനയിൽ കണ്ടെത്തി. ചൊറിച്ചിൽ പോലുള്ള ത്വക്ക് രോഗങ്ങളും , ഉദര രോഗങ്ങളും , പൊടി ശല്യവും പ്രദേശത്തെ ജന ജീവിതം ദുസ്സഹമായിരിക്കുകയാണെന്നപ്രദേശവാസികളുടെ പരാതി തെളിവ് സഹിതം പരിശോധനാ സംഘത്തിന് മുമ്പാകെ സമർപ്പിച്ചു. ആനാട്ട് തോട് മാലിന്യമുക്തമാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നും മാലിന്യത്തിൻ്റെ എല്ലാ ഉറവിടവും കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിയ്ക്കുമെന്നും സംഘം ഉറപ്പ് നൽകി.നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ടീച്ചർ , സ്ഥിരംസമിതി അദ്ധ്യക്ഷരായ ടി.വൈ ഏല്യാസ് , ജെസ്മി ജിജോ ,ജാൻസി അരീയ്ക്കൽ , ബി ജെ പി പാർലമെൻ്റെറി പാർട്ടി ലീഡർ എ വി രഘു , കൗൺസിലർമാരായ ലില്ലി ജോയി , ലേഘ മധു, , സംസ്ഥാന മലിനീകരണ  നിയന്ത്രണ ബോർഡ് എഞ്ചിനീയർമാരായ  ശ്രീലഷ്മി , ജോൺ , ജില്ലാ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൽ നിന്നും വിനോദ്കുമാർ , ഹെൽത്ത് ഇൻസ്പ്പെക്റ്റർ ആർ അനിൽ , സന്തോഷ് കുമാർ , സുധീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും ജന പ്രതിനിധികളുമടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് .


Comment As:

Comment (0)