കളിക്കള നിർമാണം ഭൂമി ഇടപാടിൽ വൻ അഴിമതി എഴുപുന്ന പഞ്ചായത്തിൽ: വിജിലൻസിൽ പരാതി നൽകി റസിഡൻസ് വെൽഫയർ സൊസൈറ്റി

കളിക്കള നിർമാണം ഭൂമി ഇടപ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എഴുപുന്ന ഗ്രാമപഞ്ചായത്ത് 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ Project No. 184/2025-26 പ്രകാരം പ്ലേഗ്രൗണ്ടിനായി ഭൂമി വാങ്ങിയ നടപടിയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റി ഔദ്യോഗികമായി വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി സമർപ്പിച്ചു.

 എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റിയുടെ പേരിൽ നൽകിയ പരാതിയിൽ, പഞ്ചായത്തിന്റെ യോഗ തീരുമാനങ്ങൾ, തഹസിൽദാർ നൽകിയ വിലനിർണയ സർട്ടിഫിക്കറ്റ്, ജോയിന്റ് ഡയറക്ടർ നൽകിയ അനുയോജ്യതാ ഉത്തരവ് എന്നിവ തമ്മിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കുന്നു. 26.07.2025-ലെ യോഗത്തിലെ 1/2025 നമ്പർ തീരുമാനവും 15.09.2025-ലെ 5/1 നമ്പർ തീരുമാനവും പ്രകാരം സർവ്വേ നമ്പർ 313/24 ലെ 18.62 ആർ ഭൂമി മാത്രം വാങ്ങാനായിരുന്നു തീരുമാനം.

എന്നാൽ 24.10.2025-ന് രജിസ്റ്റർ ചെയ്ത Sale Deed No. 1519/1/2025 പ്രകാരം 313/24 ലെ ഭൂമിയോടൊപ്പം 313/2 ലെ 40 ച.മീ. ഭൂമിയും ഉൾപ്പെടുത്തിയതായി രേഖകളിൽ കാണപ്പെടുന്നു. ഇതിന് പഞ്ചായത്ത് യോഗ തീരുമാനം ഇല്ലെന്നും, തഹസിൽദാർ വിലനിർണയം ഇല്ലെന്നും, ജോയിന്റ് ഡയറക്ടറുടെ Order No. LSGD/JD/ALP/4597/2024-S3 (21.10.2025) പ്രകാരമുള്ള അനുമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും സൊസൈറ്റി ആരോപിക്കുന്നു.

തുക വിതരണം സംബന്ധിച്ചും ഗുരുതര സംശയം ഉന്നയിച്ചിട്ടുണ്ട്. ട്രഷറിയിൽ നിന്ന് ₹47,98,427 ട്രാൻസ്ഫർ ചെയ്തതായി രേഖകളുണ്ടെങ്കിലും, സ്ഥല ഉടമയ്ക്ക് ലഭിച്ച യഥാർത്ഥ തുക അതിലൊന്നര ഭാഗം മാത്രമാണെന്ന സംശയം നിലനിൽക്കുന്നു. ഏകദേശം ₹25 ലക്ഷം രൂപയുടെ വ്യത്യാസം സംബന്ധിച്ച് വ്യക്തമായ വിശദീകരണം ഇല്ലാത്തത് പൊതുധനത്തിന്റെ തിരിമറിയോ കിക്ക്ബാക്ക് സംവിധാനമോ ഉണ്ടായിരിക്കാമെന്ന സംശയം ഉയർത്തുന്നു.

ഭൂമിയുടെ സ്വഭാവം, വില നിർണയം, 30% വർദ്ധനവിന്റെ നിയമസാധുത, അനുമതി ഇല്ലാത്ത സർവ്വേ നമ്പർ ഉൾപ്പെടുത്തൽ, ജോയിന്റ് ഡയറക്ടർ ഉത്തരവിലെ നിബന്ധനകളുടെ ലംഘനം തുടങ്ങിയ കാര്യങ്ങൾ സൊസൈറ്റി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളുടെ ഫോറൻസിക് പരിശോധനയും ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുധനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റി വിജിലൻസിനോട് അഭ്യർത്ഥിച്ചു.

വിജിലൻസ് വകുപ്പിന്റെ തുടർനടപടി കാത്തിരിക്കുകയാണ്.


Comment As:

Comment (0)