കീഴ്മാടിനെ കേരളത്തിലെ ആദ്യത്തെ പുകയില രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്ന സമ്മേളനം ബെന്നി ബഹനാൻ എം. പി ഉദ്ഘാടനം ചെയ്തു..

*കേരളത്തിലെ ആദ്യ  പുകയിലരഹിത ഗ്രാമം; കീഴ്മാട് ചരിത്രത്തിലേക്ക്* 


സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമത്തെ പുകയിലരഹിതമായി പ്രഖ്യാപിക്കുന്നത്. കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് 150 ൽ 144 മാർക്ക് കരസ്ഥമാക്കിയാണ് കീഴ്മാട് ഗ്രാമം ഈ ബഹുമതിക്ക് അർഹമായത്. ബോധവത്കരണപ്രവർത്തനങ്ങളിലൂടെ പുകയിലയുടെ ദൂഷ്യവശങ്ങളെകുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പുകിയില രഹിതഗ്രാമം എന്നാൽ ആരും പുകവലിക്കാത്തതും പുകയില ഉത്പന്നങ്ങൾ പൂർണമായും ലഭ്യമല്ലാത്തതുമായ ഗ്രാമം എന്ന് അർത്ഥമില്ല.

വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല,18 വയസിൽ താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, പൊതുസ്ഥലത്തെ പുകവലി ഇല്ലാതാക്കുക, പുകവലി പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ തടയുക, കടകളും ഹോട്ടലുകളും ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും 'പുകയില രഹിതസ്ഥലം, ഇവിടെ പുകവലി ശിക്ഷാർഹം' എന്ന ബോർഡുകൾ സ്ഥാപിക്കുക, നിയമങ്ങൾ ലംഘിക്കുന്നവരെ പരിശോധനകളിലൂടെ കണ്ടെത്തി പിഴകൾ 
ഈടാക്കുക എന്നിവ പുകയില രഹിത ഗ്രാമത്തിൻ്റെ പ്രധാനപ്രവർത്തനങ്ങളിൽ പെടുന്നു.

പൊതുസ്ഥലത്ത് പുകവലിച്ചാൽ 200 രൂപയാണ് പിഴ. 14,800 രൂപ പിഴ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. കുടുംബശ്രീ അയൽകൂട്ടങ്ങൾ വഴി പുകയിലയ്ക്ക് എതിരെ ശക്തമായ ബോധവത്കരണം നടത്തി. ഹരിതകർമ്മസേന മുഖാന്തരം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പുകയില രഹിത ഗ്രാമത്തിൻ്റെ നോട്ടീസുകളും അറിയിപ്പുകളും വിതരണം ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ബോധവത്കരണ സന്ദേശങ്ങൾ സ്ഥാപിച്ചു. എല്ലാ സ്‌കൂളുകളും പുകയില രഹിത വിദ്യാലയങ്ങളാക്കി മാറ്റി. ബോധവത്കരണ സെമിനാറുകളിലൂടെയും മത്സരങ്ങളിലൂടെയും പുകയിലക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിച്ചു.

എക്സൈസുമായി സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളും പുകയില രഹിത വാർഡുകളായി പ്രഖ്യാപിച്ചു. എല്ലാ ഗ്രാമസഭായോഗങ്ങളിലും പുകയില രഹിത ഗ്രാമം പ്രത്യേക അജണ്ടയായി ചേർത്ത് ചർച്ച നടത്തി. സിനിമാതാരം സാജു കൊടിയനെ പുകയില രഹിത പദ്ധതിയുടെ പഞ്ചായത്തുതല അംബാസഡറായി തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാപ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ഏകോപനത്തോടെയുളള പ്രവർത്തനമാണ് പുകയില രഹിതഗ്രാമം എന്ന പ്രഖ്യാപനത്തിന് കീഴ്‌മാടിനെ അർഹമാക്കിയത്. തുടർച്ചയായി രണ്ടു വട്ടം ടി .ബി മുക്ത് അവാർഡും കീഴ്മാട് കരസ്ഥമാക്കിയിട്ടുണ്ട്.

കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്ന യോഗത്തിൽ പുകയിലരഹിതഗ്രാമം പ്രഖ്യാപനം ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു.
അൻവർസാദത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാഹിർഷ ആർ. റിപ്പോർട്ട് അവതരിപ്പിച്ചു. പുകയില രഹിതഗ്രാമം അംബാസിഡറും നടനുമായ സാജു കൊടിയൻ മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയുടെ ലോഗോ ബെന്നി ബഹനാൻ എം.പി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ദേശീയ ആരോഗ്യദൗത്യം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ 
ഡോക്ടർ ഹനീഷ് എം.എം. പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റേറ്റ് നോഡൽ ഓഫീസർ 
ഡോക്ടർ സന്ധ്യ ആർ.
പുകയില വിരുദ്ധ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലിസി സെബാസ്റ്റ്യൻ,
 ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. മുക്താർ എന്നിവർ വിശിഷ്ടാതിഥികളായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാഹിറ കെ.ഇ ,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
ജോണി ക്രിസ്റ്റഫർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത്കുമാർ.കെ.ബി,
സലാം ആയത്ത്,
സാഹിദ അബ്ദുൾസലാം, കേരള വളണ്ടറി ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് ഡയറക്ടർ
സാജു.വി. ഇട്ടി ,
തദ്ദേശ സ്വയംഭരണവകുപ്പ് ജോയിൻ്റ് ഡയറക്ടർ ഷഫീക്ക്.പി.എം, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആരതി കൃഷ്ണൻ,
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ നസീമ.എച്ച്, കീഴ്മാട് മെഡിക്കൽ ഓഫീസർ ഡോക്ടർ മീര സെൽവരാജൻ,
ഹെൽത്ത് ഇൻസ്പെക്ടർ 
എം. ഐ. സിറാജ്, കീഴ്മാട് സഹകരണബാങ്ക് പ്രസിഡണ്ട്
മുജീബ്.പി.എ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി 
ഉഷ റാണിഎന്നിവർ പ്രസംഗിച്ചു.
മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിനും മികവാർന്ന പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ 
സിറാജ്.എം. ഐ.യ്ക്കും
ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്കെ.ജി. രാധാകൃഷ്ണൻ നൽകി


Comment As:

Comment (0)