വേനൽ കടുത്തതോടെ ജലജന്യ രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം പകർച്ചവ്യാധികൾ എന്നിവ പകരാൻ സാദ്ധ്യതയേറെയാണ്. പുറത്തു നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങൾ, ചടങ്ങുകൾക്ക് നൽകുന്ന വെൽക്കം ഡ്രിങ്കുകൾ, തിളച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് തുടങ്ങിയവ ജലജന്യരോഗങ്ങൾ പിടിപെടാൻ കാരണമാകും.

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജ്ജലീകരണം മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ പാനീയ ചികിത്സ തുടങ്ങണം.

ഇതിനായി ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് തയ്യാറാക്കിയ നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഒരു ഗ്ലാസിന് ഒരു സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും എന്ന കണക്കിൽ ചേർത്ത പാനീയവും നൽകാം. കുട്ടികൾക്ക് അര മണിക്കൂർ ഇടവിട്ട് ആവശ്യത്തിനും മുതിർന്നവർക്ക് ഓരോ ഗ്ലാസ് വീതവും നൽകണം.

മലത്തിൽ രക്തം കാണുക, അതിയായ വയറിളക്കവും ഛർദ്ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം, തുടങ്ങിയവ ഉണ്ടായാൽ പാനീയ ചികിത്സ തുടരുകയും അടിയന്തര ചികിത്സ തേടുകയും വേണം


Comment As:

Comment (0)