റോട്ടറിയുടെ പുതിയ ഡിസ്ട്രിക്റ്റ് 3205 ന് തുടക്കമായി. ഡോ: ജി.എൻ രമേഷ് ആദ്യ ഗവർണർ
കൊച്ചി: റോട്ടറി ഇൻ്റർനാഷണലിൻ്റെ പുതുതായി രൂപംകൊണ്ട ഡിസ്ട്രിക്ട് 3205ൻ്റെ ആദ്യ ഗവർണറായി പ്രമുഖ ഗ്യസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ജി എൻ രമേഷ് ചുമതലയേറ്റു. കലൂർ ഗോകുലം കോൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുഖ്യാതിഥിയായിരുന്നു.
ഒരു തുള്ളി വെള്ളത്തിന് മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചെന്നുവരില്ല. എന്നാൽ ഒരു അരുവിക്ക് പ്രദേശത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കുമെന്നും അതുപോലെയാണ് റോട്ടറിയുടെ പ്രവർത്തനങ്ങളെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
പ്രവർത്തനങ്ങളുടെ പ്രഖ്യാപനങ്ങളിലല്ല അവ നടപ്പാക്കുന്നതിലാണ് തൻ്റെ ശ്രദ്ധയെന്ന് അധികാരമേറ്റെടുത്ത് ഡോ. ജി എൻ രമേഷ് പറഞ്ഞു. റോട്ടറി അംഗങ്ങളുടെ സംഖ്യയും വനിതാ അംഗത്വവും പത്ത് ശതമാനം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 1ന് ആരംഭിക്കുന്ന പുതിയ റോട്ടറി വർഷത്തിൽ ഡോ. രമേഷ് നയിക്കുന്ന കമ്മിറ്റി പ്രവർത്തനം തുടങ്ങും. കരുണ, പുതുമ, സാമൂഹ്യപ്രഭാവം എന്നിവയിൽ അധിഷ്ഠിതമായ ഹാർമണി എന്ന തീമിലാണ് പുതിയ ഡിസ്ട്രിക്ടിൻ്റെ സേവന പദ്ധതികൾ നടപ്പിലാക്കുക.
പാർപ്പിട രഹിതർക്ക് ഗൃഹനിർമാണ പദ്ധതികൾ, സ്കോളർഷിപ്പുകളും പഠനോപകരണങ്ങളു ഉൾപ്പെടുന്ന വിദ്യാഭ്യാസ സഹായം, സൗരോർജ്ജ പ്രോത്സാഹനം ഉൾപ്പെടെ പുനരുപയോഗ ഊർജം, സൗജന്യ മെഡിക്കൽ ക്യാമ്പുകളും ചികിത്സാ സഹായവും, വൃദ്ധസദനങ്ങൾക്കും അനാഥാലയങ്ങൾക്കും പിന്തുണ, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ, കരിയർ ഗൈഡൻസും നേതൃ വികസനവും ഉൾപ്പെടെ യുവ സേവനങ്ങൾ തുടങ്ങി നിരവധി സാമൂഹ്യ സേവന പദ്ധതികൾ ഡിസ്ട്രിക്ട് 3205 നടപ്പാക്കും.
ഗവണറുടെ പ്രത്യേക പ്രയോറിട്ടിയായി ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സഹായം, ഇൻസുലിൻ ആശ്രിത രോഗികൾക്ക് സഹായം, വളർത്തു മൃഗങ്ങൾക്കുള്ള ശ്മശാനം എന്നിവയുമുണ്ട്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ 103 റോട്ടറി ക്ലബുകളും 3700-ലധികം അംഗങ്ങളും ഉൾപ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3205.
മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എൻ സുന്ദര വടിവേലു തുടങ്ങി
റോട്ടറിയുടെ നിരവധി നേതാക്കളും പൗരപ്രതിനിധികളും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.