പ്രമോദിന് കുടുംബപെൻഷനു വേണ്ടി ഇനി ഓഫിസുകൾ തോറും മുട്ടിലിഴയണ്ട
ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തകഴി പഞ്ചായത്ത് കേളമംഗലം ശ്രീരംഗത്തിൽ എസ് പ്രമോദ്കുമാർ(43) കുടുംബ പെൻഷന് വേണ്ടി ഇനി സർക്കാർ ഓഫീസുകൾ തോറും മുട്ടിലിഴയണ്ട.
61% അംഗ പരിമിതിയുള്ള പ്രമോദ് (43) മുട്ടിലിഴഞ്ഞാണ് ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് നീങ്ങുന്നത്.പ്രമോദിൻ്റെ പിതാവ് വി.ശ്രീധരൻ കാസർകോട് കുമ്പള ഗവ.എൽ.പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു.1992 മാർച്ച് 31ന് ആണ് വി.ശ്രീധരൻ സർവ്വീസിൽ നിന്നും വിരമിച്ചത്.ശ്രീധരൻ്റെ മരണശേഷം ഭാര്യ കെ.സാവിത്രിക്ക് കുടുംബപെൻഷൻ ലഭിക്കുകയും ചെയ്തു.ഇത് മാത്രമായിരുന്നു ഏക വരുമാനം.പ്രമോദ് അവിവാഹിതനാണ്
.2020 ജനുവരി രണ്ടിന് സാവിത്രി മരിച്ചതോടെ പ്രമോദിൻ്റെ ജീവിതം ദുരിതപൂർണ്ണമായി. പരാശ്രയം ഇല്ലാതെ ജീവിക്കാൻ പറ്റാത്തതു കൊണ്ടും കുടുംബ പെൻഷൻ ലഭിക്കേണ്ടതാണ്.പ്രമോദിൻ്റെ ജീവിത മാർഗ്ഗം നിലച്ചതോടെ കഴിഞ്ഞ 2 വർഷങ്ങളായി കുടുംബപെൻഷൻ ലഭിക്കാൻ അർഹതയുള്ളതിനാൽ ശ്രമം തുടങ്ങിയത്.
തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫിസിൽ നിന്നും പ്രമോദ് കുമാറിന് ലഭിച്ച നിർദ്ദേശമനുസരിച്ച് പ്രമോദ് കുമാർ രേഖകൾ എല്ലാം സമർപ്പിച്ചെങ്കിലും കുടുംബപെൻഷൻ ലഭിച്ചിരുന്നില്ല. ഇതിനിടയിൽ ആണ് പ്രമോദിനെ പറ്റി മാധ്യമങ്ങൾ വാർത്തയാക്കിയത്.
ഈ വിഷയവുമായി ബന്ധപെട്ട് ജില്ലാ ട്രഷറിയിലും തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫിസിലും പൊതു പ്രവർത്തകനായ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള ഇടപെട്ടു.മഞ്ചേശ്വരം അസിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസറുടെ ഉത്തരവ് ലഭിക്കാഞ്ഞതിനാലാണ് പെൻഷൻ അനുവദിച്ചു കൊണ്ടുള്ള നടപടി പൂർത്തിയാകാഞ്ഞത് എന്ന് അറിയുവാൻ ഇടയായി.
ഉടൻ തന്നെ മഞ്ചേശ്വരം അസിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസുമായി ബന്ധപ്പെടുകയും മുൻകാല പ്രാബല്യത്തോടെ ( 2020 ജനുവരി 3 മുതൽ) പെൻഷൻ അനുവദിച്ച ഓർഡർ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
പണി പൂർത്തിയാകാത്ത പ്രമോദിൻ്റെ വീടിന് നിലവിൽ മുറിയോട് ചേർന്ന് ശൗചാലയം പോലും ഇല്ലയെന്നുള്ള വീടിൻ്റെ ശോചനീയവസ്ഥ നേരിട്ട് മനസ്സിലാക്കിയ സൗഹൃദ വേദിയാണ് സുമനസ്സുകളുടെ സഹായത്തോടെ ശൗചാലയം ഉൾപ്പെടെയുള്ള വീടിൻ്റെ അറ്റകുറ്റ പണികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്..