പാമ്പു കടിയേൽകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന
അങ്കമാലി: മഴക്കാലം ആരംഭിച്ചതിനു ശേഷം പാമ്പുകടിയേറ്റു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന കണ്ടുവരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇരുന്നൂറിലധികം പേരാണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പാമ്പുകടിക്കു ചികിത്സ തേടി എത്തിയത് . മൂർഖൻ, അണലി, ചുരുട്ട ( മുഴമൂക്കൻ, കുഴിമണ്ഡലി) എന്നീ വിഷ പാമ്പുകളുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മുഴമൂക്കൻ എന്ന പാമ്പിന് വിഷമുണ്ടെന്ന് ലോകത്താദ്യമായി കണ്ടുപിടിച്ചത് ലിറ്റിൽ ഫ്ലവർ ആശുപത്രി ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ ഗവേഷണ പഠനങ്ങളെ തുടർന്നാണെന്ന് സീനിയർ ഫിസിഷ്യനും നെഫ്രോളജിസ്റ്റും പ്രശസ്ത വിഷ ചികിത്സവിദഗ്ധനുമായ ഡോ.ജോസഫ് കെ.ജോസഫ് അറിയിച്ചു. പാമ്പു കടിയേൽക്കുന്നവർക്ക് ചികിത്സയുടെ ഭാഗമായി നൽകുന്ന പ്രതിവിഷം അതിന്റെ ഉത്പാദനം നടക്കുന്ന സ്ഥലത്ത് തന്നെ ചില ഘടകങ്ങൾ വേർതിരിച്ച് ശുദ്ധീകരിച്ചാൽ പാർശ്വഫലങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനും ഫലപ്രാപ്തി കൂട്ടാനും രോഗികൾക്ക് നൽകുന്ന പ്രതിവിഷത്തിന്റെ അളവും ആനുപാതികമായി ചികിത്സാ ചെലവും കുറയ്ക്കുവാൻ കഴിയുമെന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ വിഷ ചികിത്സാ വിഭാഗത്തിൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
മഴക്കാലത്ത് മാളങ്ങളിൽ വെള്ളം കയറുമ്പോഴാണ് പാമ്പുകൾ കൂട്ടത്തോടെ പുറത്തിറങ്ങാനും കൂടുതൽ പേർക്ക് പാമ്പു കടിയേൽക്കാനും കാരണമാകുന്നതെന്ന് വിഷ ചികിത്സാ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. പ്രളയത്തിൽ വെള്ളം കയറിയ ഇടങ്ങളിൽ വെള്ളമിറങ്ങുമ്പോൾ വിഷപാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇതിനിടെ കേരളത്തിൽ മഴക്കാലത്ത് പാമ്പുകടി കൂടുന്ന പശ്ചാത്തലത്തിൽ അങ്കമാലി എൽ. എഫ്. ആശുപത്രിയിലെ വിഷ ചികിത്സാ വിദഗ്‌ധരുമായി ആശയവിനിമയം നടത്തുന്നതിനായി ജർമ്മനിയിലെ ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിലെ ഇന്ഫെക്ഷിയസ് ഡിസീസസ് വിഭാഗം മേധാവി പ്രൊഫസ്സർ ടി.തോമസ് ജഫ്, സ്വിറ്റ്സർലാൻഡിലെ ബാസ്‌ക് ടി.പി.എച്ചിലെ ഡോ. മൗരോ ബോഡിസ് എന്നിവർ ജൂലൈ അവസാന വാരം ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിയെന്ന് ഡോ.ജോസഫ് കെ ജോസഫ് അറിയിച്ചു. ഇവിടത്തെ വിഷചികിത്സാ തീവ്ര പരിചരണ വിഭാഗത്തിലെ മെഡിക്കൽ ടീമംഗളുമായി സംവദിക്കാൻ ഇവർ വീണ്ടും വരുമെന്നും ഇദ്ദേഹം അറിയിച്ചു.
കടിയേറ്റയാളുടെ രക്തപരിശോധന നടത്തി കടിച്ചത് ഏതു തരം പാമ്പ് ആണെന്ന് തിരിച്ചറിയാനുള്ള പഠനം നിലവിൽ നടന്നുവരുന്നു. കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് ഈ പഠനം. നിലവിൽ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( ഐ.സി.എം. ആർ ) ഇന്ത്യയിലെ പാമ്പുകടി- ചികിത്സാ -ഗവേഷണം എന്നിവ സംബന്ധിച്ച് നടത്തുന്ന പഠനങ്ങളുമായി ലിറ്റിൽ ഫ്ലവർ ആശുപത്രി സഹകരിച്ചു വരുന്നുണ്ട്. ആശാവർക്കർമാരുടെ സഹായത്തോടെയാണ് ഇതുസംബന്ധിച്ച ഡാറ്റ ശേഖരിച്ചു വരുന്നത്. പാമ്പുകടി, മരണം ,അംഗവൈകല്യം, മറ്റ് സങ്കീർണ്ണ തകരാറുകൾ, സാമൂഹികാഘാതം എന്നിവ ഈ പഠനത്തിൽ ഉൾപ്പെടുന്നു .
കേരള സർക്കാർ വിഷപാമ്പിന്റെ കടിയേറ്റു ചികിത്സയിലാകുന്ന വ്യക്തിക്ക് ഒരുലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. വനം വകുപ്പ് ഓഫീസിൽ വഴിയാണ് ഇതിന്റെ മേൽ നടപടികൾ ഉണ്ടാവുക. മുഴമൂക്കൻ (ചുരുട്ട) പാമ്പു കടിച്ചാൽ ഉള്ള ചികിത്സക്ക് പ്രത്യേകം പ്രതിവിഷം കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ പ്രശസ്ത വിഷ ചികിത്സാ വിദഗ്ധരായ ഡോ.ജോസഫ് കെ ജോസഫ്, ഡോ. തോമസ് രാജു പോൾ, ഡോ. മനോജ് പി ജോസ് എന്നിവർ പറഞ്ഞു. ദേശീയ തലത്തിൽ ഐ.സി.എം.ആർ പഠനഗവേഷണങ്ങളുടെ ചുമതല ഡോ. ജയ്ദീപ് സി മേനോനാണ്.
സാധാരണ ഗതിയിൽ ഏതാണ്ട് 20-25 ആമ്പ്യുൾ പ്രതിവിഷമാണ് ഒരു രോഗിക്ക് നൽകേണ്ടിവരിക. എന്നാൽ നിലവിലുള്ള പ്രതിവിഷം ചില ഘടകങ്ങൾ നീക്കം ചെയ്തത് ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാക്കി രോഗിക്ക് നൽകിയാൽ അതിന്റെ അളവ് 10 -12 ആമ്പ്യുളായും ഒപ്പം പാർശ്വഫലങ്ങളും ഒരു പരിധി വരെ കുറയ്ക്കാനാവും. പാമ്പുകടിയേൽക്കുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാൽ പ്രതിവിഷത്തിന്റെ അളവ് പകുതിയാക്കുന്നത് പരോക്ഷമായി ചികിത്സ തേടുന്ന രോഗികൾക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രതിവിഷം നിലവിൽ പൂനെയിലെ പ്രീമിയം സിറം ആൻഡ് വാക്‌സിൻ പ്രൈവറ്റ് ലിമിറ്റഡ് , വിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, ഹാഫ് കിൻ ഇൻസ്റ്റിറ്റ്യൂട്ട് മുംബൈ എന്നിവിടങ്ങളിലാണ് ഉദ്‌പാദിപ്പിക്കുന്നത്. പ്രതിവിഷ ശുദ്ധീകരണ പ്രക്രിയ അവിടെയാകും ആദ്യം ചെയ്യുക. ഇന്ത്യയിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് പുറമെ സി.എം. സി. വെല്ലൂർ, ജിപ്മെർ പോണ്ടിച്ചേരി , ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വാർധ എന്നീ സ്ഥാപനങ്ങളെയാണ് ശുദ്ധീകരിച്ച പ്രതിവിഷം ഉപയോഗിച്ചുള്ള
ചികിത്സയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വിഷ ചികിത്സയിൽ കാൽനൂറ്റാണ്ടായി ഗവേഷണം നടന്നുവരുന്നു. ഇവിടെ വിഷ ചികിത്സ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ഒരേയിനത്തിൽപെട്ട പാമ്പുകൾക്ക് വ്യത്യസ്ത സ്ഥലങ്ങളിൽ വിഷത്തിന്റെ വീര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്നും അതിനാൽ കേരളത്തിൽ പ്രതിവിഷം ഉദ്‌പാദിപ്പിക്കേണ്ടത് കൂടുതൽ രോഗികളുടെ ജീവൻ രക്ഷിക്കാൻ അനിവാര്യമാണെന്ന് വിഷ ചികിത്സാ വിദഗ്‌ധർ അഭിപ്രായപ്പെട്ടു