മങ്കിപോക്സിന് ഇനി പുതിയ പേര്, പ്രഖ്യാപിച്ചത് ലോകാരോഗ്യ സംഘടന
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്.
മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ് പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോഗ്യസംഘടന പരസ്യമാക്കുകയായിരുന്നു.
ദശകങ്ങളോളം പഴക്കമുള്ള രോഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർഗക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്നത വാദമാണ് പ്രധാനം. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു.
ലക്ഷണങ്ങൾ:
സാധാരണഗതിയില്‍ മങ്കി പോക്സ് ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു