തൊണ്ടയില്‍ മുള്ള് കുടുങ്ങി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിയ നേഴ്സിങ് വിദ്യാര്‍ഥിനിയുടെ നടുവ് എക്സ്റേ മെഷീൻ ഇളകിവീണ് ഒടിഞ്ഞെന്ന ആരോപണത്തില്‍ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകി
തിരുവനന്തപുരം
ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയ്ക്കാണ് നടുവിന് പരിക്കേറ്റത്. വായിൽ മീൻമുള്ള് കുടുങ്ങിയത് ചികിത്സിക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു ആദിത്യ. ഇ.എൻ.ടി ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുത്തത്. എക്സ്റേ എടുക്കുന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം ഇളകി വിദ്യാർഥിനിയുടെ നടുവിന്‍റെ ഭാഗത്ത് വീഴുകയായിരുന്നു.
തുടർന്ന് നടുവിന് പരിക്കേറ്റ ആദിത്യയെ ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചു. ഡോക്ടറിന്റെ നിർദേശാനുസരണം വീണ്ടും കുട്ടിക്ക് എക്സ്റേ എടുത്തപ്പോൾ നടുവിന്‍റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി.വീഴ്ച മറയ്ക്കാൻ വേണ്ടി ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ച് മരുന്ന് നൽകി ഡോക്ടർമാർ കുട്ടിയെ വിട്ടയച്ചു.
തുടർന്ന് ആദിത്യയും മാതാവും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നടുവിലെ എല്ലിൽ പൊട്ടൽ കണ്ടെത്തിയത്. ഉടൻ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും എക്സറേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത് എന്ന് ആരോപിക്കുന്നു. തുടർന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്