മുണ്ടക്കൈയിലേയും ചൂരൽമലയിലേയും കർഷകരെ ഇപ്പോഴും അവരുടെ കൃഷിയിടത്തിൽ കയറാനും വിളവെടുക്കാനും സർക്കാർ അനുവദിക്കുന്നില്ല: ഗവർണ്ണർക്കു നിവേദനമയച്ച് ദേശീയ ജനതാ പാർട്ടി ( R L M)

 

സുൽത്താൻബത്തേരി: ദുരന്തം കഴിഞ്ഞ് 45 ദിവസം പിന്നിട്ട ശേഷവും മുണ്ടക്കൈയിലേയും ചൂരല്‍ മലയിലേയും കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടത്തില്‍ പ്രവേശിക്കാൻ അനുമതി നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ ഉടനടി തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകണമെന്നു മാവിശ്യപ്പെട്ട് ദേശീയ ജനതാ പാർട്ടി (RLM)  ഗവർണ്ണർക്ക് നിവേദനമയച്ചു.

ഏലം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ പാകമായി കിടന്നു നശിക്കുകയാണ്. അവയുടെ  വിളവെടുക്കാൻ കർഷകർക്ക് എത്രയും വേഗം  അനുവാദം നൽകാൻ സംസ്ഥാന സർക്കാരിനു ഗവർണ്ണർ നിർദേശം നൽകണം.

ദേശീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ, വർക്കിംഗ് പ്രസിഡന്റ് എൻ. ഓ കുട്ടപ്പൻ, മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് അജിതാ ജയ്ഷോർ, യുവജനത സംസ്ഥാന പ്രസിഡണ്ട് ജയൻ ബാബു എന്നിവർ ഒപ്പിട്ട  നിവേദനമാണ് ഗവർണ്ണർക്ക് നൽകിയത്. 

ദുരന്തം നടന്നിട്ട് ഒന്നരമാസമായെങ്കിലും ചൂരല്‍ മലയിലയിലോ പരിസരപ്രദേശങ്ങളിലോ നാളിതുവരെ വൈദ്യുതി ബന്ധം പോലും പുന:സ്ഥാപിച്ചിട്ടില്ല. 

ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ പോയി കരഞ്ഞു കാണിച്ചും നാടുനീളെ പരസ്യം നൽകിയും കുത്തിപ്പിരിക്കുന്ന കാര്യത്തിലൊഴികെ  സർക്കാർ സർവ്വരംഗത്തും പരാജയമാണെന്നു തെളിഞ്ഞിരിക്കുന്നു

കവുങ്ങിനും മറ്റു വിളകൾക്കും മരുന്നടിക്കേണ്ട സമയം കഴിഞ്ഞതിൽ  കര്‍ഷകര്‍ അസ്വസ്ഥരാണ്. തോട്ടം തൊഴിലാളികള്‍ക്ക് പണിയെടുക്കാനുള്ള സാഹചര്യമില്ല. ഇതുമൂലം തൊഴിലാളികൾ കൊടുംപട്ടിണിയിലാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 രൂപ ദിവസവേദനം പോലും പലര്‍ക്കും കിട്ടുന്നില്ലെന്നു നേതാക്കൾ നിവേദനത്തിൽ ചുണ്ടിക്കാട്ടി.

പ്രകൃതി ദുരന്തത്തേക്കാൾ വലിയ ദുരിതമാണ് ഓണക്കാലത്ത് സംസ്ഥാന ഭരണകൂടം വയനാട്ടിലെ ജനങ്ങൾക്കു സമ്മാനിക്കുന്നത്.

അതിജീവനത്തിനു വേണ്ടി ജനം നെട്ടോട്ടമോടുന്ന
ദയനീയമായ അവസ്ഥയാണ് വയനാട്ടിലെങ്ങും. ഇത് ഈ ഭരണകൂടം ലോകപരാജയമാണെന്നാണു തെളിയിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ പുനരധിവസിക്കപ്പെട്ട ദുരന്തബാധിതരെ ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല. പലവിധ ആവശ്യങ്ങള്‍ക്കുമുള്ള  അവരുടെ അപേക്ഷകൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നതിനാൽ  ആ സാധുക്കൾ കലക്ട്രേറ്റില്‍ കയറിയിറങ്ങി നടക്കുകയാണെന്ന് നേതാക്കൾ നിവേദനത്തിൽ കുറ്റപ്പെടുത്തി.

ദുരിതത്തിൽ പെട്ടവരുടെ ബാങ്ക് വായ്പകള്‍ പൂര്‍ണ്ണമായും എഴുതി തള്ളുകയും കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പകരം ഭൂമി നല്‍കുകയും ചെയ്യാൻ സംസ്ഥാന സർക്കാരിനോടു നിർദ്ദേശിക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.


Comment As:

Comment (0)