നവതിയുടെ നിറവിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി 2026

അങ്കമാലി:
 
 അങ്കമാലിയുടെ ആരോഗ്യ സംസ്കാരത്തിന് തിലകക്കുറി ചാർത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടി   കഴിഞ്ഞ 9 പതിറ്റാണ്ടായി ലിറ്റിൽ ഫ്ലവർ ആശുപത്രി നഗര മധ്യത്തിൽ തലയെടുപ്പോടെ നിൽക്കുന്നത്. അങ്കമാലിക്ക് കാഴ്ചയുടെ നഗരമെന്ന ഖ്യാതി നൽകുവാൻ ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്
 
 അങ്കമാലി പ്രദേശത്തെ ജനങ്ങൾ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് കിട്ടാനായി സർക്കാർ തലത്തിൽ നടത്തിയ നീക്കങ്ങൾ ഫലമണിയാതെ  വന്നപ്പോൾ തങ്ങളുടെ ആവശ്യവുമായി അവർ എറണാകുളം മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിലിനെ  സമീപിച്ചു. അഭിവന്ദ്യ അഗസ്റ്റിൻ കണ്ടെത്തിൽ പിതാവ് ഏറ്റെടുത്ത പ്രസ്തുത ദൗത്യം നടപ്പിലാക്കാൻ അദ്ദേഹം ചുമതലപ്പെടുത്തിയ വൈദികനാണ്  ബഹു. മോൺ. ജോസഫ് പഞ്ഞിക്കാരൻ. പിന്നീട് അദ്ദേഹം എം എസ് ജെ സന്യാസിനി സമൂഹത്തിന് രൂപം നൽകി ആശുപത്രിയിൽ ആതുര സേവനം ചെയ്യുവാൻ അവരെ നിയോഗിച്ചു.
 
കണ്ടത്തിൽ പിതാവിനുശേഷം അതിരൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കന്മാരായ കർദിനാൾ ജോസഫ് പാറെക്കാട്ടിൽ, കർദിനാൾ ആന്റണി പടിയറ, കർദിനാൾ വർക്കി വിതയത്തിൽ, കർദിനാൾ ജോർജ് ആലഞ്ചേരി, മാർ ആൻറണി കരിയിൽ, മാർ ആൻഡ്രൂസ് താഴത്ത്, മാർ ബോസ്കോ പുത്തൂർ, മാർ റാഫേൽ തട്ടിൽ,മാർ ജോസഫ് പാമ്പ്ലാനി,  എന്നീ പിതാക്കന്മാരുടെയും അവരോടൊപ്പം അതിരൂപതയെ നയിച്ച അഭിവന്ദ്യ സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി, മാർ ജേക്കബ് മാനത്തോടത്ത്, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ ദീർഘവീക്ഷണവും, കാലോചിതമായ ഇടപെടലും ഹോസ്പിറ്റലിൻറെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
                                                                                                                                
1936 -ൽ ഒരു ക്ലിനിക്കായ് വാടക കെട്ടിടത്തിൽ ആരംഭിക്കുമ്പോൾ ആശുപത്രിയിൽ ഒരു ഡോക്ടറും, ഒരു കമ്പൗണ്ടറും, ഒരു നഴ്സും, ഒരു അറ്റൻഡറും നാല് കട്ടിലുകളും ആണ് ഉണ്ടായിരുന്നത്. തുടർന്ന് നാളിതുവരെ അങ്കമാലിയിലെ ജനങ്ങൾ ആശുപത്രിയെ  നിർലോഭമായി സഹായിച്ചിട്ടുണ്ട്. നിസ്വാർത്ഥമായ ഈ സംഭാവനകളെ നന്ദിപൂർവ്വം ഓർക്കുന്നു.
 
 ബഹു. ഫാ.പോൾ മേക്കുന്നേൽ , ഫാ. ജോസഫ് പഞ്ഞിക്കാരൻ, ഫാ. മാത്യു മാതേക്കൽ, മോൺ. വർഗീസ് കവലക്കാട്ട് , ഫാ. ജോസഫ് പാനികുളം എന്നിവർ ഒരേസമയം അങ്കമാലി പള്ളി വികാരിയായും, ആശുപത്രി ഡയറക്ടറായും സേവനം ചെയ്തിരുന്നു .
 
  എന്നാൽ ബഹു. ചെറിയാൻ പാറക്കൽ അച്ഛൻറെ കാലത്ത് അദ്ദേഹത്തെ വികാരിയുടെ ചുമതലയിൽ നിന്നും ഒഴിവാക്കി ആശുപത്രിയുടെ ചുമതലയിൽ മാത്രം നിയമിച്ചു. തുടർന്ന് ഡയറക്ടർ ചുമതല മാത്രമായി മോൻസിഞ്ഞോർ വർഗീസ് കവലക്കാട്ട്, മോൺ. ജോർജ് മാണിക്യനാം പറമ്പിൽ, മോൺ. അബ്രാഹം കരേടൻ, ഫാ. ആന്റണി പുന്നശ്ശേരി, ഫാ. ജോസ് ഇടശ്ശേരി, ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാ. പോൾ മാടൻ, ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ,  ഫാ. വർഗീസ് പോട്ടക്കൽ, ഫാ. ജോയ് ഐനിയാടൻ, ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, ഫാ.ജേക്കബ് ജോർജ് പാലാക്കപ്പിള്ളി എന്നിവരെ എറണാകുളം മെത്രാപ്പോലീത്ത  നിയമിച്ചു. അതോടൊപ്പം വിവിധ കാലഘട്ടങ്ങളിലായി ജോ. ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ എന്ന നിലകളിൽ സേവനം ചെയ്ത ബഹുമാനപ്പെട്ട വൈദികരെയും ആദരവോടെ സ്മരിക്കുന്നു.
 
 MSJ സിസ്റ്റേഴ്സ് -ന് തുടർന്ന് എഫ്സിസി സിസ്റ്റേഴ്സും സേവനം ആരംഭിച്ചു. കൂടാതെ വിവിധ സന്യസ സമൂഹങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ് ഈ ആശുപത്രിയിൽ സേവനം  ചെയ്തു വരുന്നു. ആശുപത്രിയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും വേണ്ടി ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് അർപ്പണമനോഭാവത്തോടെ നടത്തുന്ന ശുശ്രൂഷ നന്ദിയോടെ ഓർക്കുന്നു.
 
 സേവനങ്ങളിലൂടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി ഡോക്ടർമാർ, മറ്റു ഉദ്യോഗസ്ഥർ, നഴ്സുമാർ എന്നിവരും ഈ സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരും, ആശുപത്രിയുടെ ശുചിത്വം സംരക്ഷിക്കുകയും ചെയ്യുന്നവരും, , ആശുപത്രിയെ പ്രകൃതിമനോഹരമാക്കുകയും ചെയ്യുന്ന ജോലിക്കാരും അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു.
 
 വളർച്ചയുടെ തൊണ്ണൂറാം വർഷത്തിൽ 30 ഓളം മൾട്ടി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 607 കിടക്കകളും, 200 ഡോക്ടർമാരും, 1600-ലെറെ ജീവനക്കാരുമായി പ്രതിദിനം രണ്ടായിരത്തോളം ഔട്ട് പേഷ്യൻസിനും ഇവിടെ സേവനം നൽകുന്നുണ്ട്. ഓരോ വർഷവും ഏഴരലക്ഷം ലക്ഷം (7,50,000)രോഗികളെ ഔട്ട് പേഷ്യൻ  വിഭാഗത്തിലും, ഒരുലക്ഷത്തിമുപ്പത്തിനായിരം (1,30,000) രോഗികളെ ഇൻ പേഷ്യൻസ്  വിഭാഗത്തിലും ചികിത്സിക്കുന്നു.
 
സുസജ്ജമായ 25 ആധുനിക ഓപ്പറേഷൻ തിയേറ്ററുകളും, 14 ഐ സി യു കളും ഇവിടെ പ്രവർത്തിച്ചുവരുന്നു. ഹൃദ്രോഹ ചികിത്സയ്ക്കായി കാർഡിയോ തൊറാസിക് സെന്ററും, രണ്ട് കാത്തു ലാബുകളും സുസജ്ജമായി  ഇവിടെ പ്രവർത്തിച്ചുവരുന്നു.
 
കേരളത്തിൽ വിഷ ചികിത്സയുടെ അവസാനവാക്കായി എൽ എഫ് ആശുപത്രി അറിയപ്പെടുവാനിടയായി. വളരെ നല്ലനിലയിലാണ് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്, അതോടൊപ്പം ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുകയും ഇന്നും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദിവസേന 80 ഓളം ഡയാലിസിസ് സൗജന്യമായും അല്ലാതെയും ചെയ്തുവരുന്നു.
 
 ചികിത്സ  മികവിനും അത്യാധുനിക സംവിധാനങ്ങൾക്കും ദേശീയ അംഗീകാരമായി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് 2017-ൽ NABH അക്രിഡിറ്റെഷൻ ലഭിക്കുകയുണ്ടായി.
 
ഓരോ വർഷവും സൗജന്യ ചികിത്സകൾക്കും, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന രോഗികളെ സഹായിക്കുന്നതിനും അഞ്ച്  കോടിയിലധികം രൂപ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആശുപത്രി മാറ്റിവയ്ക്കുന്നുണ്ട്.
നവതി വർഷം മുതൽ ഇവിടുത്തെ കിടപ്പുരോഗികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നു.
1964-ൽ ആരംഭിച്ച നേത്ര ചികിത്സ വിഭാഗം വഴി കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കാഴ്ചയുടെ ലോകത്ത് മികച്ച സേവനം നൽകുവാൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൻറെ അവയവമാറ്റ ശസ്ത്രക്രിയാചരിത്രം തുടങ്ങുന്നത് എൽ എഫ് ആശുപത്രിയിലാണ്. കേരളത്തിലെ ആദ്യ അവയവമാറ്റം, കോർണിയ ട്രാൻസ്പ്ലാൻറേഷൻ 1970 ൽ  നടത്തി ചരിത്രംകുറിച്ചത് എൽ എഫ് ആശുപത്രിയിലാണ്. കാഴ്ച ഇല്ലാത്തവർക്ക് പ്രകാശം നൽകുവാൻ സ്വകാര്യ മേഖലയിലെ ആദ്യത്തെ നേത്രബാങ്ക് എൽ എഫ് ആശുപത്രിയിലായിരുന്നു. ഇതിലൂടെ ഈ കാലയളവിൽ പതിനായിരത്തിലധികം കാഴ്ചയില്ലാത്തവർക്ക് കണ്ണു മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ കാഴ്ച നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.  സൗജന്യ നേത്രാ ചികിത്സ ക്യാമ്പുകൾ വിവിധ പ്രദേശങ്ങളിൽ ദിവസേന ഇപ്പോഴും നടന്നുവരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാണ് ഈ ക്യാമ്പുകൾ
 
ഈ തൊണ്ണൂറാം വർഷത്തിൽ കിഡ്നി ട്രാൻസ്പ്ലാൻറേഷൻ ആരംഭിക്കുകയും, ആദ്യത്തെ ട്രാൻസ്പ്ലാൻറേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. കേരളത്തിൻറെ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തലയാണ് ഓപ്പറേഷന് വിധേയനായി സൗഖ്യം പ്രാപിച്ച വ്യക്തിയെ യാത്രയാക്കിയത്.
 
 ഏതാണ്ട് 25 കിലോമീറ്റർ ചുറ്റളവിലുള്ള, അതായത് പറവൂർ ആലുവ പെരുമ്പാവൂർ കോതമംഗലം മൂവാറ്റുപുഴ ചാലക്കുടി കാലടി അങ്കമാലി മലയാറ്റൂർ മൂക്കന്നൂർ അയ്യമ്പുഴ മഞ്ഞപ്ര എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ ആരോഗ്യ സുരക്ഷയ്ക്കായി ചികിത്സ തേടിയെത്തുന്ന ആതുരാലയം ആണിത്.
 
 സാമൂഹിക പ്രതിബദ്ധതയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് ഗ്രാമപ്രദേശങ്ങളിൽ സൗജന്യ മെഡിക്കൽ - നേത്ര  ചികിത്സ- ഹൃദ്രോഗ പരിശോധന ക്യാമ്പുകൾ നടത്തി വരുന്നു.
 
 ആശുപത്രിയുടെ  വളർച്ചയുടെ ഭാഗമായി ജനറൽ നഴ്സിംഗ്, കോളേജ് ഓഫ് നഴ്സിംഗ്, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്  & റിസർച്ച് എന്നിവയിലൂടെ Bsc Nursing, Post Basic Nursing, GNM Nursing, MHA, MPT, BPT, Bsc Optometry, Msc Optometry തുടങ്ങിയ കോഴ്സുകളിലൂടെ  പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും നേടിക്കൊടുക്കുവാൻ ആശുപത്രിക്ക്  സാധിച്ചിട്ടുണ്ട്.
 
ഇതുവരെ ലഭിച്ച ദൈവാനുഗ്രഹവും നല്ല മനുഷ്യരുടെ സഹായസഹകരണങ്ങളും കണക്കിലെടുക്കുമ്പോൾ സേവനരംഗത്ത് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാനും ഏറ്റവും വിദഗ്ധമായ ചികിത്സകൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുവാനും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
 
നവതി ആഘോഷത്തിന്റെ സമാപനത്തിനോടനുബന്ധിച്ച് തുഫാൻ കെയർ -ന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹകരണത്തോടെ ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ 9 മണിക്ക് നഗരം ചുറ്റി ഒരു വാക്കത്തോണും, നാലാം തീയതി വൈകിട്ട് 3:00 മണിക്ക് ബഹു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സോളാർ എനർജി യൂണിറ്റ് ഉദ്ഘാടനവും നിർവഹിക്കുന്നു തുടർന്ന് എട്ടാം തീയതി രാവിലെ 10 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി വി. ഡി സതീശൻ നവതി ആഘോഷ സമാപന സമ്മേളന  ഉദ്ഘാടനവും നിർവഹിക്കുന്നു. അഭിവന്ദ്യ പിതാക്കന്മാരായ മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാംബ്ലാനി മന്ത്രിമാരായ  റോജി എം ജോൺ, അബ്ദുൽ ഗഫൂർ, എം പി മാർ, എംഎൽഎ മാർ, വികാരി ജനറാൾമാർ, മുൻ ഡയറക്ടർമാർ, മറ്റു വൈദികർ, സന്യസ്തർ, പൊതുമണ്ഡലത്തിലെ പ്രതിഭകൾ, തുടങ്ങിയവരുടെ മഹനീയ  സാന്നിധ്യവും നവതി ആഘോഷത്തിന് കൂടുതൽ പകിട്ട് നൽകും.


Comment As:

Comment (0)