കേരള പോലീസ് പറയുന്നു പ്രതി ഒളിവിലെന്നും ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഈ സമയം പ്രതിയായ യുവതി വിദേശത്തു നിന്ന് കേരളത്തിൽ എത്തി പുതിയ പാസ്പോർട്ടും എടുത്ത് സുഗമയായി യു.കെ.യിലേക്ക് കടന്നു.
*കേരള പോലീസ് പറയുന്നു പ്രതി ഒളിവിലെന്നും ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും.*
*ഈ സമയം പ്രതിയായ യുവതി വിദേശത്തുനിന്ന് കേരളത്തിൽ എത്തി, പുതിയ പാസ്പോർട്ടും എടുത്ത് സുഗമമായി യുകെയിലേക്ക് കടന്നു.*
************************************
_പിടികിട്ടാപ്പുള്ളിയും ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് കേരള പോലീസ് 2024 മെയ് മാസം ചാവക്കാട് കോടതിയിൽ റിപ്പോർട്ട് നൽകിയ, ഒന്നിലധികം തട്ടിപ്പ് കേസിൽ നിലവിൽ പ്രതിയുമായ മലയാള ചലച്ചിത്രസംവിധായികയായ ഹസീന സുനീർ, വിദേശത്തുനിന്ന് നാട്ടിലെത്തി, നിലവിലെ വിലാസം മാറ്റി, പാസ്‌പോർട്ട് പുതുക്കിയശേഷം യുകെയിലേക്ക് കടന്നതിൽ ദുരൂഹത_
************************************
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, അറസ്റ്റ് വാറണ്ടുകളും നിലനിൽക്കുന്ന, കേരള പൊലീസ് കോടതിയിൽ "ഒളിവിൽ" എന്ന് ചാർജ് ഷീറ്റ് നൽകിയിരിക്കുന്ന "പ്രകാശന്റെ മെട്രോ" എന്ന സിനിമയുടെ സംവിധായികയായ ഹസീന സുനീർ (ഹസീന ബീവി), അടുത്തിടെ യുകെയിൽ നിന്ന് കേരളത്തിൽ എത്തി പാസ്‌പോർട്ട് പുതുക്കി, യുകെയിലേക്ക് തിരിച്ച് കടന്നതിൽ ഉന്നത അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം റേഞ്ച് DIG മുമ്പാകെ വിദേശ മലയാളി നൽകിയിട്ടുള്ള പരാതിയിലാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
പരാതിയിലെ വിവരങ്ങൾ പ്രകാരം, ഹസീനക്ക് അടുത്തിടെ പാസ്പോർട്ട് പുതുക്കി ലഭിക്കുമ്പോൾ, അവർക്കെതിരെ കേരളത്തിൽ കുറഞ്ഞത് നാല് ക്രിമിനൽ കേസുകളെങ്കിലും നിലവിലുണ്ടായിരുന്നു. ഇതിൽ രണ്ട് കേസുകളിൽ ജാമ്യമില്ലാ വാറണ്ടും, 2.5 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ തൃശ്ശൂർ ജില്ല ക്രൈം ബ്രാഞ്ച് DySP അന്വേഷണം നടത്തി 2024 മെയ് മാസത്തിൽ ചാവക്കാട് കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ അവർ “ഒളിവിൽ” എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും, "LOC നടപടികൾ ആരംഭിച്ചിരിക്കുന്നു" എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നൂറനാട് പോലീസ് ഹസീനയുടെ പാസ്‌പോർട്ട് പുതുക്കലിനായി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത് വലിയ ദുരൂഹതയുണ്ട് എന്നാണ് യുകെയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുമായ സുനിൽ ജി.ആർ. നായർ പരാതിയിൽ ആരോപിക്കുന്നത്. ഹസീനയ്ക്കു രണ്ടു വർഷത്തെ മൾട്ടിപ്പിൾ എൻട്രി യുകെ വിസിറ്റ് വിസ ഉള്ളതും, 2022 മുതൽ സ്ഥിരമായി യുകെയിൽ പോയി വരുന്നുമുണ്ടെന്നാണ് പരാതിയിലൂടെ പറയുന്നത്. 2025 ജൂൺ 06-നാണ് അവർ യുകെയിൽ നിന്ന് അവസാനമായി കേരളത്തിലെത്തിയതെന്നും, തുടർന്ന് മുൻ പാസ്‌പോർട്ടിലെ കൊല്ലം ജില്ലയിലെ പത്തനാപുരം വിലാസം മാറ്റി, ആലപ്പുഴ ജില്ലയിലെ നൂറനാട് വിലാസം ചേർത്താണ് അടുത്തിടെ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയതും. ഇതോടെ പാസ്‌പോർട്ട് ഓഫീസിന്റെ അധികാരപരിധി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് അവർക്ക് മാറ്റാനായി.
ഹസീന പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷയിൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി ADGP, Intelligence ഉൾപ്പെടെയുള്ള അധികാരികളെ email മുഖാന്തരം സുനിൽ അറിയിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും, നൂറനാട് പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കി, ക്ലിയറൻസ് നൽകിയിരുന്നു. ആ ക്ലിയറൻസിന്റെ അടിസ്ഥാനത്തിൽ എറണാകുളം പാസ്പോർട്ട് ഓഫീസിൽ നിന്ന് ഹസീനയ്ക്ക് പുതുക്കിയ പാസ്‌പോർട്ടും ലഭിച്ചു.
ഇത് മനസ്സിലാക്കി, 2025 ജൂലൈ 17-ന്, ഹസീനയും അവരുടെ പോലീസ് വെരിഫിക്കേഷൻ ക്ലിയർ ചെയ്ത ഉദ്യോഗസ്ഥനും തമ്മിലുള്ള ഗൂഢാലോചന ആരോപിച്ച് സുനിൽ ആലപ്പുഴ ജില്ല പോലീസ് മേധാവിക്ക് സുനിൽ പരാതി നൽകി. നിലവിലുള്ള കേസുകൾ മറച്ചുവെച്ച് നിയമവിരുദ്ധമായി പാസ്‌പോർട്ട് നേടിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ അത് കണ്ടുകെട്ടണമെന്നും, FIR രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നും അദ്ദേഹം ആ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ, പിറ്റേന്ന് (ജൂലൈ 18-ന്) രാവിലെ തന്നെ നൂറനാട് പോലീസ് ഹസീനക്കെതിരെ നിലവിലുണ്ടായിരുന്ന കായംകുളം കോടതി പുറപ്പെടുവിച്ച രണ്ട് വാറണ്ടുകൾ പ്രകാരം, അവരുടെ പുതിയ വിലാസത്തിൽ (നൂറനാട്) നിന്ന് തന്നെ അറസ്റ്റ് ചെയ്തു. 25 ലക്ഷം രൂപയും 20 ലക്ഷം രൂപയും ഉൾപ്പെടുന്ന രണ്ട് വാറണ്ട് കേസുകളിൽ അവരെ കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, ഹസീനയ്ക്കെതിരെ നിലവിൽ ഉണ്ടായിരുന്ന മറ്റു കേസുകൾ (സാമ്പത്തിക കേസിൽ, കരുനാഗപ്പള്ളി കോടതി 2024 മാർച്ച് മാസം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട്, ചാവക്കാട് കോടതിയിൽ നിലനിൽക്കുന്ന 2.5 കോടി രൂപയുടെ തട്ടിപ്പ് കേസും) ആ സമയം നൂറനാട് പോലീസ് ബന്ധപ്പെട്ട കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല എന്ന് സുനിൽ പരാതിയിൽ ആരോപിക്കുന്നു.
ചാവക്കാട് കേസിൽ തൃശ്ശൂർ ജില്ലാ ക്രൈം ബ്രാഞ്ച് പല തവണ ഹസീനയുടെ പഴയ പത്തനാപുരം വിലാസത്തിലും നൂറനാട് വിലാസത്തിലും അന്വേഷണം നടത്തിയിട്ടുണ്ടെന്നും, അതിനാൽ തന്നെ നൂറനാട് പോലീസിനും ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ചിനും കേസ് വിവരം അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപണമുണ്ട്. ഈ സാഹചര്യത്തിലും ഹസീനക്ക് പാസ്പോർട്ട് ലഭ്യമാക്കുന്നതിനായി ക്ലിയറൻസ് നൽകുകയും, പരാതി ലഭ്യമായതിന് പിന്നാലെ പുതിയ പാസ്പോർട്ട് ഇഷ്യൂ ചെയ്ത അതേ വിലാസത്തിൽ (നൂറനാട്) നിന്ന് മണിക്കൂറുകൾക്കുള്ളിൽ അവരെ അറസ്റ്റ് ചെയ്തതും, ചാവക്കാട് കോടതിയിലെ ഗുരുതരമായ കേസ് ഉൾപ്പെടെ പോലീസ് മറച്ചുവെച്ചതും, ഹസീനക്ക് പുറത്തിറങ്ങാൻ സാഹചര്യം ഒരുക്കിയതിലും ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഹസീനയ്ക്ക് സാധുവായ യുകെ വിസയും, നിയമവിരുദ്ധമായി ലഭിച്ച പാസ്‌പോർട്ടും ഉള്ളതായി ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് DySP ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും, അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ നിയമവിരുദ്ധമായി അവർ കൈവശം വച്ചിരിക്കുന്ന പുതുക്കിയ പാസ്പോർട്ട് പിടിച്ചെടുക്കാൻ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് സുനിൽ ആരോപിക്കുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കാര്യമായ അന്വേഷണവും നടപടിക്രമങ്ങളും ഉണ്ടാവാതിരുന്ന സാഹചര്യത്തിൽ, സുനിൽ എറണാകുളം റേഞ്ച് ഡിഐജിയെ സമീപിച്ച്, നിഷ്പക്ഷമായ ഉന്നതല അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ജൂലൈ മാസം 29ന് പരാതി നൽകുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ 2025 ജൂലൈ 25-ന് പുതുക്കിയ പാസ്‌പോർട്ട് ഉപയോഗിച്ച് ഹസീന യുകെയിലേക്ക് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും കടന്നതായും അറിയാനായതായി പരാതിയിൽ പറയുന്നു.
ലണ്ടനിലെ "തട്ടുകട" റെസ്റ്റോറന്റിൽ വ്യാജ പങ്കാളിത്ത വാഗ്ദാനം നൽകി 1.17 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ച്, 2025 ജൂലൈ 04-ന് ഹസീനയ്ക്കും കൂട്ടാളി ബിജു ഗോപിനാഥിനുമെതിരെ പരാതിക്കാരനായ സുനിൽ സംസ്ഥാന പോലീസ് മേധാവിക്ക് മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. ആ പരാതിയുടെ അടിസ്ഥാനത്തിൽ 2025 ആഗസ്റ്റ് 03-ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ വിശ്വാസവഞ്ചനയും തട്ടിപ്പ് കുറ്റങ്ങളും ചുമത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള പുതിയ കേസോടെ, ഹസീനയ്‌ക്കെതിരെ നിലവിലുള്ള സാമ്പത്തിക തട്ടിപ്പുകളുടെ ആകെ തുക, 5 വിവിധ കേസുകളിലായി 4.27 കോടി രൂപയായി ഉയർന്നു. ഇതു കൂടാതെ ഹസീനയ്ക്കെതിരെ മറ്റൊരു സിവിൽ കേസും നിലനിൽക്കുന്നുണ്ട്. ഈ കേസുകളിൽ ഒന്നിലധികം ജാമ്യമില്ലാ വാറണ്ടുകളും ഉള്ളപ്പോൾ, അവർക്ക് നിയമവിരുദ്ധമായി പാസ്‌പോർട്ട് നേടാനായതും, രാജ്യത്തിനകത്തേക്കും പുറത്തേക്കും യാതൊരു തടസ്സവും കൂടാതെ യാത്ര ചെയ്യാനും സാധിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും സുനിൽ എറണാകുളം റെയിഞ്ച് DIG ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഈ പരാതി നൽകിയിട്ട് നിലവിൽ ഒരു മാസം കഴിഞ്ഞിട്ടും സുനിലിന്റെയോ അദ്ദേഹത്തിന്റെ നിയമവിധേയമായ നാട്ടിലെ പ്രതിനിധിയുടെയോ മൊഴി രേഖപ്പെടുത്താനോ അനുബന്ധ രേഖകൾ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റി അവ പരിശോധിക്കാനോ ഹസീനക്കും പോലീസ് ക്ലിയറൻസ് നൽകിയ ഉദ്യോഗസ്ഥനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനോ നാളിതുവരെ കേരള പോലീസ് തയ്യാറായിട്ടില്ല എന്ന് പരാതിക്കാരനായ സുനിൽ മെട്രോ മലയാളത്തോട് പറഞ്ഞു.
ഈ സാഹചര്യത്തിൽ, 2022 മുതൽ ആവർത്തിച്ച് ഹസീന യുകെയിലേക്ക് യാത്ര ചെയ്യുന്നതെന്തിനാണ്, ഹസീനക്ക് നിയമ വിരുദ്ധമായി പാസ്‌പോർട്ട് ലഭ്യമാകാൻ ഉണ്ടായ സാഹചര്യം, ഹസീനയുടെ സാമ്പത്തിക ഇടപാടുകൾ, ഹസീനയുടെ കേരളത്തിലെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കായി വന്നുചേർത്തിട്ടുള്ള കോടികൾ എങ്ങോട്ടേക്കാണ് അവർ മാറ്റിയിട്ടുള്ളത്, ആ പണത്തിന്റെ ഉപയോഗം, തുടങ്ങിയ മറ്റു വിവരങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, നിയമവിരുദ്ധമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഹസീനയും കൂട്ടാളികളും ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ, ഹസീനയുടെ പുതിയ പാസ്പോർട്ട് റദ്ദ് ചെയ്ത് അടിയന്തരമായി അവരെ തിരികെ ഇന്ത്യയിൽ എത്തിച്ച് നിയമനടപടികൾക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളെയും കേന്ദ്ര ഏജൻസികളെയും സമീപിക്കുവാൻ ഒരുങ്ങുകയാണ് പരാതിക്കാരനായ സുനിൽ.