മൂന്നൂറ് ഗ്രാം എം.ഡി.എ പിടി കൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
മുന്നൂറ് ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് എംഡി എം എ പിടികൂടിയത്. ബംഗലൂരുവിൽ നിന്ന് കാറിലാണ് രാസലഹരികടത്തിയത്. നൈജീരിയൻ വംശജനിൽ നിന്നാണ് രാസലഹരി വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. നാട്ടിൽ യുവാക്കൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ സ്ഥിരം കടത്തുകാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരിൽ നിന്ന് ലഹരി വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു പേരും കൂടി കാറിലാണ് ബംഗലൂരുവിലേക്ക് പോയത്.
അവിടെ നിന്നും നൈജീരിയൻ വംശജനിൽ നിന്നും മയക്കുമരുന്ന് വാങ്ങി കാറിൽത്തന്നെ തിരികെപ്പോന്നു. പോലീസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന ജാക്കറ്റിനകത്ത് പ്രത്യേക അറയിലാണ് 20 ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.ചന്ദ്രപ്പുരയിൽ പോലീസ് കൈകാണിച്ചപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചു പോയി. രണ്ടു പേർ ഇടക്ക് വച്ച് ഡോർ തുറന്ന് ചാടി. ഇവരെയാണ് മണിക്കൂറുകൾക്കകം പോലീസ് പിന്തുടർന്ന് പിടികൂടിയത്.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, കാലടി എസ്.ഐമാരായ ജോസി.എം ജോൺസൻ, ടി.വി സുധീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.