ബാംബു കോർപ്പറേഷൻ മാനേജ്മെന്റനെതിരെ ഐ എൻ ടി യു സി യുടെ പണിമുടക്ക് 27 ന്

അങ്കമാലി : ബാംബു കോർപ്പറേഷൻ മാനേജ്മെൻ്റിൻ്റെ അഴിമതിക്കും, ധൂർത്തിനും, തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ ബാംബു ബോർഡ് ഫാക്ടറി വർക്കേഴ്സ് കോൺഗ്രസ്സ് ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ ഫാക്ടറിക്കു മുമ്പിൽ സൂചനപണിമുടക്കും, ധർണ്ണയും 27 ന് നടത്തും .  2016 മുതൽ മനേജ്മെൻ്റിൻ്റെ ധുർനടപടികൾ മൂലം നൂറ് കോടിയിലധികം രൂപയുടെ സഞ്ചിത നഷ്ടത്തിലാണ് കോർപ്പറേഷൻ.ടി കാലയളവിൽ പതിനൊന്ന് പ്രൊജക്‌ടുകളുടെ പേരിൽ 52 കോടിയോളം രുപ ലഭിച്ചെങ്കിലും ഉദ്ഘാടനം നടത്തിയ ശേഷം ഫണ്ട് തിരിമറി നടത്തിയും, അഴിമതിയും, ധുർത്തും നടത്തിയും ഫണ്ട് മുഴുവൻ നഷ്ടപ്പെടുത്തിയ മാനേജ്മെൻ്റിനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.പുതിയ പ്രൊജക്ടുകളിലെ ഒരു ഉത്പന്നം പോലും ഇതുവരെ വിപണിയിൽ വന്നീട്ടില്ല. ഈറ്റ ക്ഷാമം പരിഹരിക്കാനെന്ന പേരിൽ പെരിന്തൽമണ്ണ, ആറളം സ്ഥലങ്ങളിൽ മുള, ഈറ്റ എന്നിവ വെച്ചുപിടിപ്പിക്കാനായി 45 ലക്ഷം രൂപ ചിലവാക്കിയിട്ട് ഇപ്പോൾ ഒരു മുളയോ, ഈറ്റയോ ഇല്ല. വൻ സാമ്പത്തിക ക്രമക്കേടാണ് അതിൽ നടന്നീട്ടുള്ളത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയെങ്കിലും പൂഴ്ത്തി വച്ചിരിക്കുകയാണ്. അതിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടിയെടുക്കണമെന്നും ആവശ്യമുണ്ട്. ജീവനക്കാരിൽ നിന്നും, തൊഴിലാളികളിൽ നിന്നും പിരിച്ചെടുത്ത 5 കോടിയോളം രുപ പി എഫിൽ അടക്കാതെ ദുരുപയോഗം ചെയ്തു. ഡീലർമാരിൽ നിന്നും ഈടാക്കുന്ന 4 കോടിയോളം രുപ ജി എസ് ടി യിൽ അടയ്ക്കാത്തതിനാൽ ബാംബു ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ പറ്റുന്നില്ല. ജീവനക്കാരുടെയും, മറ്റ് വിഭാഗം തൊഴിലാളികളുടെയും, ഈറ്റ, പനമ്പ്, നെയ്ത് തൊഴിലാളികളുടെയും ഡി എ കുടിശിഖ  വിതരണം ചെയ്യാതെയും, വേതന വർദ്ധനവ് നൽകാതെയും മാനേജ്മെൻ്റ് കോർപ്പറേഷനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.ചെയർമാനും, മാനേജിംഗ് ഡയറക്ടറും തമ്മിലുള്ള ശീതസമരം മൂലം രണ്ടു പേരും കോർപ്പറേഷനിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. സ്ഥിരം എം ഡി യെ ഇതുവരെ നിയമിച്ചിട്ടില്ല. വൻ വാടകയും, മുതൽ മുടക്കും നടത്തി വിവിധ സ്ഥലങ്ങളിൽ പ്രോജക്ടുകൾ ആരംഭിക്കാനെന്ന പേരിൽ കെട്ടിടങ്ങൾ പണിതെങ്കിലും ഒന്നിൽപോലും പ്രവർത്തനമില്ല. അതിലൂടെ വൻ സാമ്പത്തിക ബാധ്യതയാണ് കോർപ്പറേഷന് വന്നീട്ടുള്ളത്.തൊഴിലാളികളുടെ സേവന-വേതന കരാർ കാലാവധി കഴിഞ്ഞ് ദീർഘനാളായിട്ടും കരാർ പുതുക്കാൻ മാനേജ്മെൻ്റ് തയ്യാറായിട്ടില്ല. 2016-ൽ സ്ഥിരപ്പെടുത്തിയ തൊഴിലാളികൾക്ക് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. തൊഴിലാളികളുടെ ശമ്പളം കൃത്യമായി വിതരണം ചെയ്യാറില്ല. വർഷങ്ങൾ ജോലി ചെയ്ത് പിരിഞ്ഞു പോകുന്ന തൊഴിലാളികളുടെ ആനുകുല്യങ്ങൾ നൽകാതെ കോടതികളിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ്. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും കേസ് നടത്താനായി ലക്ഷങ്ങളാണ് ചിലവാക്കുന്നത്.ഗ്രേയ്ഡ് പ്രമോഷൻ പോളിസി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. രാഷ്ട്രീയ പ്രേരിതമായ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക. ബോണസും, ഇൻസൻ്റീവും വർദ്ധിപ്പിക്കുക, ഇൻസൻ്റീവ് തുക ഗ്രാറ്റുവിറ്റിയിൽ നിന്നും പിടിക്കുന്നത് അവസാനിപ്പിക്കുക.കഴിഞ്ഞ കാല ബോർഡ് മെമ്പർമാരും മാനേജ്മെൻ്റും നടത്തിയ ഫണ്ട് തിരിമറികൾ വിജിലൻസ് അന്വേഷിക്കുക, കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് 27 ന് ഫാക്ടറിക്കു മുമ്പിൽ ഐ എൻ ടി യു സി യുടെ നേത്യത്വത്തിൽ പണിമുടക്കും, ധർണ്ണയും നടത്തുന്നത്  എന്ന് സമര സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അഡ്വ സാജി ജോസഫ് അറിയിച്ചു. പണിമുടക്കും ധർണ്ണയും റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ പി ജെ ജോയി അദ്ധ്യക്ഷത വഹിക്കും.


Comment As:

Comment (0)