നോക്കിയ ബ്രാൻഡ് ഹാൻഡ്സെറ്റുകൾ നിർമിച്ച് വിതരണം ചെയ്യുന്ന എച്ച്എംഡി ഗ്ലോബൽ ചൊവ്വാഴ്ച നോക്കിയ 8210 4ജി (Nokia 8210 4G) ഫീച്ചർ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ ഹാൻഡ്സെറ്റ് രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വരുന്നത്. യുനിസോക് ടി107 പ്രോസസർ, 48എംബി റാം, 128എംബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ഡ്യുവൽ സിം കണക്റ്റിവിറ്റി, 32 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, നീക്കം ചെയ്യാവുന്ന ബാറ്ററി, 0.3 മെഗാപിക്സൽ പിൻ ക്യാമറ സെൻസർ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. 1,450 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 27 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം ലഭിക്കുമെന്ന് പറയപ്പെടുന്നു.

നോക്കിയ 8210 ന്റെ ഇന്ത്യയിലെ വില 3,999 രൂപയാണ്. ഇത് കടും നീല, ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്. നിലവിൽ നോക്കിയ ഇന്ത്യ വെബ്സൈറ്റ് വഴിയും ആമസോൺ വഴിയും വാങ്ങാൻ ലഭ്യമാണ്. ഫോണിന് ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നോക്കിയ 8210 4ജി ഡ്യുവൽ സിം (നാനോ) പിന്തുണയോടെയാണ് വരുന്നത്. കൂടാതെ സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ ഫീച്ചർ ഫോണിന് 2.8 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയുണ്ട്. നോക്കിയ 8210 4ജിയുടെ പിൻഭാഗത്ത് 0.3 മെഗാപിക്സൽ ക്യാമറാ സെൻസറും ഉണ്ട്.

വയർഡ്, വയർലെസ് മോഡ് ഉള്ള എഫ്എം റേഡിയോ, എംപി3 പ്ലെയർ എന്നിവയും ഇതിലുണ്ട്. ഇതിന് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മൈക്രോ-യുഎസ്‌ബി പോർട്ടും ഉണ്ട്. ഫീച്ചർ ഫോണിൽ നോക്കിയ ബ്ലൂടൂത്ത് വി5 പായ്ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, നോക്കിയ 8210 4ജിയിൽ സ്‌നേക്ക്, ടെട്രിസ്, ബ്ലാക്‌ജാക്ക് എന്നിവയുൾപ്പെടെയുള്ള ഗെയിമുകളും ലോഡ് ചെയ്‌തിരിക്കുന്നു.


Comment As:

Comment (0)