കുന്നുകര കിൻഫ്ര ഭക്ഷ്യ സംസ്കരണ പാർക്കിന് ഭരണാനുമതിയായി
*കുന്നുകര കിൻഫ്ര ഭക്ഷ്യ സംസ്കരണ പാർക്കിന് ഭരണാനുമതിയായി*
*ഏറ്റെടുക്കുന്നത് 15.3073 ഹെക്ടർ; കാർഷികാനുബന്ധ മേഖലയിലെ പ്രധാന പദ്ധതി: പി. രാജീവ്*
കുന്നുകരയിൽ സ്ഥാപിക്കുന്ന കിൻഫ്ര ഭക്ഷ്യസംസ്കരണ പാർക്കിന് ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ പ്രഖ്യാപിച്ച മിനി ഫുഡ് പാർക്ക് പദ്ധയിയിൽ ഉൾപ്പെടുത്തിയാണ് കുന്നുകരയിൽ പാർക്ക് സ്ഥാപിക്കുക. കുന്നുകര വില്ലേജിൽ ഉൾപ്പെട്ട 15.3073 ഹെക്ടർ (37.82 ഏക്കർ) ഭൂമി ഭക്ഷ്യ സംസ്കരണ പാർക്കിനായി ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കാർഷികാനുബന്ധ മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായി കുന്നുകരയിലെ നിർദ്ദിഷ്ട പാർക്കിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. . കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ കാർഷിക മുന്നേറ്റത്തിൻ്റെ ഫലം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനാണ് പാർക്ക് സ്ഥാപിക്കുന്നത്. മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. കരിമ്പ്, കൂവ തുടങ്ങി ഒട്ടേറെ വ്യത്യസ്ത വിളകളും കൃഷി ചെയ്യാനാരംഭിച്ചു. അഞ്ച് മൂല്യവർധിത ഉൽപന്നങ്ങൾ പദ്ധതിയുടെ ഭാഗമായി വിപണിയിലിറക്കി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച കളമശ്ശേരി കാർഷികോത്സവത്തിൻ്റെ മൂന്നാം പതിപ്പ് ആഗസ്റ്റിൽ ആരംഭിക്കും. ജലസേചന സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.
കാർഷിക മേഖലയിലെ ഈ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് ഭക്ഷ്യ സംസ്ക്കരണ പാർക്ക് വഴിയൊരുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം, പഴങ്ങൾ, കേക്ക് & ബേക്കറി, പാലുൽപന്നങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വ്യവസായ യൂണിറ്റുകൾ പാർക്കിലുണ്ടാകും. ജില്ലാ ഭരണകേന്ദ്രവുമായി ചേർന്ന് സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.