മണ്ണിലെ യഥാർത്ഥ താരങ്ങൾ കർഷകരാ െണന്ന് മന്ത്രി പി.പ്രസാദ്

 

 

*മണ്ണിലെ യഥാർത്ഥ താരങ്ങൾ കർഷകരാണെന്ന് മന്ത്രി പി. പ്രസാദ്‌*

* ജില്ലാ കാർഷികമേളക്ക് പൊലിക 2025ന് സമാപനം 

മണ്ണിലെ യഥാർത്ഥ താരങ്ങൾ കർഷകരാണെന്ന്  കൃഷി വകുപ്പ് മന്ത്രി  പി. പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ  സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ കാർഷിക മേള  'പൊലിക 2025'ന്റെ  സമാപന സമ്മേളനവും കർഷക അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. മനുഷ്യന്റെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നവരാണ് കർഷകർ. അങ്ങനെ നോക്കുമ്പോൾ സിനിമാ താരങ്ങളോ, മറ്റ് പ്രമുഖരോ അല്ല, നാട്ടിലെ  സാധാരണ കർഷകരാണ് ഏറ്റവും വലിയ താരങ്ങൾ.

ഭക്ഷണമില്ലാതെ ഒരാൾക്കും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ   ഏകദേശം 95 ശതമാനവും കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്നവയാണ്. എന്നുവച്ചാൽ നമ്മളെല്ലാം കൃഷിയുടെ ആനുകൂല്യം പറ്റുന്നവരാണ്.  കൃഷിയിടങ്ങളും അടുക്കളകളും തമ്മിൽ അഭേദ്യമായ ബന്ധമാണ്  നമുക്കുണ്ടായിരുന്നത്. പക്ഷേ ഈ ബന്ധത്തെ  മലയാളികൾ പതുക്കെ മറക്കുകയാണ്. എല്ലാം പുറത്തുനിന്ന് വാങ്ങാം  എന്ന ചിന്തയാണ് അധികം പേർക്കും ഉള്ളത്. 

കച്ചവട പ്രാധാന്യത്തോടെയാണ്  ഓരോ മേഖലയും ഇന്ന്  പ്രവർത്തിക്കുന്നത്. എങ്ങനെയും ലാഭമുണ്ടാക്കാം എന്ന രീതിയിലേക്ക് ഭക്ഷണ മേഖലയും മാറിയാൽ  അപകടം ഏറെയാണ്. ജീവിതം വച്ചുള്ള കളിയാണ് ശരിക്കും ഭക്ഷണത്തിന്റേത്. ഭക്ഷണത്തിൽ  എന്തെങ്കിലും പ്രശ്നം  സംഭവിച്ചാൽ അതുവഴി മനുഷ്യന്റെ ആരോഗ്യവും ജീവിതവും  ആണ് ചോദ്യം ചെയ്യപ്പെടുന്നത്. 

അതിനാൽ ഇത്തരം കാർഷിക മേഖലകളെയും നാട്ടിലെ കർഷകരെയും  അവരുടെ ഉൽപ്പന്നങ്ങളെയും  നമ്മൾ പരമാവധി പ്രോത്സാഹിപ്പിക്കണം. മറ്റെല്ലാ രംഗത്തും ഉൽപാദകരാണ്  തങ്ങളുടെ ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. എന്നാൽ കൃഷിയുടെ കാര്യത്തിൽ അത് വിപണിയാണ് വിലയിടുന്നത്.  അതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം.

സംസ്ഥാനത്ത് കൃഷിഭവനുകൾ  കേന്ദ്രീകരിച്ച്  ആയിരത്തിനു മുകളിൽ കാർഷിക ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യവുമായി കൃഷിവകുപ്പ്  ഒരു ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ഇന്ന്  ആ ലക്ഷ്യം മറികടന്ന്  4000ത്തിനു മുകളിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ  പുറത്തിറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് കേരള ഗ്രോ എന്ന ബ്രാന്റിംഗ് ഏർപ്പെടുത്താനും സർക്കാരിനായി എന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ  കാർഷിക  മേഖലയിലുള്ള ഇടപെടൽ  ഏറെ മാതൃകാപരമാണെന്നും  ഈ ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങുന്ന  കർഷകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

മൂന്നു ദിവസങ്ങളിലായി തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് കർഷികമേള സംഘടിപ്പിച്ചിരുന്നത്. സമാപന ചടങ്ങിൽ 
ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. 
ജില്ലയിൽ നിന്ന്  ചുമതല മാറിപ്പോകുന്ന  ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനെയും  സബ് കളക്ടർ കെ. മീരയെയും ചടങ്ങിൽ  മന്ത്രി ആദരിച്ചു. ജില്ലയിലെ  കൃഷിവകുപ്പിന്റെ ഉപഹാരവും അദ്ദേഹം അവർക്ക് സമർപ്പിച്ചു. 
കരുതലും കൈത്താങ്ങും താലൂക്ക് തല  അദാലത്തിൽ പങ്കെടുത്ത സമയത്ത്   കളക്ടറുടെ ജനോപകാരപ്രദമായ പല ഇടപെടലുകളും നേരിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ പൊക്കാളി കൃഷി  വികസനത്തിന്റെ കാര്യത്തിൽ മികച്ച ഇടപെടൽ ആണ്  കളക്ടർ നടത്തിയതെന്നും ഭാവി പ്രവർത്തനങ്ങളിൽ എല്ലാവിധ ആശംസകളും നേരുന്നതായും മന്ത്രി പറഞ്ഞു.

വിവിധ മേഖലകളിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട കർഷകർ മന്ത്രിയിൽ നിന്ന്  അവാർഡുകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സനിത റഹിം, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ശാരദ മോഹൻ, ലിസി അലക്സ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ വി.പി സിന്ധു,  ഇന്ദു കെ. പോൾ, ഫാൻസി പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി.ഹനീഷ്, മുതിർന്ന കർഷകൻ  ജോസഫ് പീച്ചനാട്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സാബിറാ ബീവി, അഞ്ജു പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Comment As:

Comment (0)