ബ്രസീലിന്റെ തോൽവിയെ തുടർന്ന് നടൻ ലാലു അലക്‌സ് പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ

സുഹൃത്തുക്കളെ, ഐഡിയ ഷാജി ഞെട്ടി. ബ്രസീൽ തോറ്റു,ഒരുപാട് വിഷമം ഉണ്ട്.”- ഈയടുത്ത് റിലീസ് ചെയ്‌ത ‘ഗോൾഡ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് താരം കുറിച്ചു. ഗോൾഡിലെ ലാലു അലക്‌സിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു ഐഡിയ ഷാജി.

അതേ സമയം ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ അധിക സമയത്ത് മിന്നുന്ന പ്രകടനത്തിലൂടെ ബ്രസീൽ ആദ്യം ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ കൃത്യമായ സമയത്ത് തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി എന്ന കടമ്പയിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണുടഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നെയ്‌മറുടെ തകർപ്പൻ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ കാനറികളുടെ സന്തോഷത്തിന് മിനുട്ടുകളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു. ബ്രൂണോ പെറ്റ്ക്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിന് കാലിടറി.

ഇന്നാണ് ബാക്കിയുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. രാത്രി 8.30 ന് നടക്കുന്ന മൂന്നാം ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ പോർച്ചുഗലിനെ നേരിടുമ്പോൾ ഇംഗ്ലണ്ടും ലോകചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള മത്സരം 12.30 നാണ്. വാശിയേറിയ പോരാട്ടങ്ങൾക്കാണ് ഇന്ന് ആരാധകർ കാത്തിരിക്കുന്നത്.


Comment As:

Comment (0)